1602 മാർച്ച് 20 നാണ് ഡച്ച് ഗവൺ മെന്റിന്റെ അനുഗ്രഹാശിസ്സുകളോടെ ഡച്ച് ഈസ്റ്റിന്ത്യ കമ്പനി ആരംഭിക്കുന്നത് . ലോകത്തിലെ തന്നെ ആദ്യ ബഹുരാഷ്ട്രക്കുത്തക എന്ന് വിളിക്കാവുന്ന രീതിയിലായിരുന്ന കമ്പനിയുടെ പ്രവർത്തനങ്ങൾ . സ്പെയിനുമായുള്ള യുദ്ധത്തിൽ സഹായിക്കാനും സമുദ്രമേഖലകളിലെ വ്യാപാരങ്ങൾ കൂടുതൽ ശക്തിമത്താക്കലുമായിരുന്നു കമ്പനിയുടെ ലക്ഷ്യം .
സ്വന്തമായി സൈനിക ശക്തിയും , യുദ്ധത്തിലേർപ്പെടാനുള്ള അനുവാദവും അവർക്ക് ലഭിച്ചിരുന്നു . കുറ്റവാളികളെ തൂക്കിലേറ്റാനും സൈനിക നീക്കങ്ങൾ നടത്തി രാജ്യങ്ങൾ വെട്ടിപ്പിടിക്കാനുമുള്ള അനുവാദവും ഡച്ച് ഈസ്റ്റിന്ത്യക്കമ്പനിക്ക് സർക്കാർ നൽകിയിരുന്നു . ഷെയറുകളുടെ അടിസ്ഥാനത്തിലുള്ള വ്യാപാരം ആദ്യമായി ആരംഭിച്ചതും ഡച്ച് ഈസ്റ്റിന്ത്യക്കമ്പനിയാണെന്ന് പറയപ്പെടുന്നു .
1604 ൽ സാമൂതിരിയുമായി ഉടമ്പടി ഉണ്ടാക്കിയതോടെയാണ് ഡച്ചുകാർ കേരളത്തിൽ ചുവടുറപ്പിച്ചത് . പോർട്ടുഗീസുകാരെ പുറന്തള്ളാൻ വേണ്ടിയായിരുന്നു സാമൂതിരി ഡച്ചുകാരുമായി കരാറിലെത്തിയത് . സാമൂതിരിയുടെ അനുവാദത്തോടെ കോഴിക്കോട്ട് വാണിജ്യകേന്ദ്രങ്ങളും കച്ചവടസ്ഥാപനങ്ങളും ആരംഭിച്ച ഡച്ചുകാർ പോർട്ടുഗീസുകാരുടെ വാണിജ്യതാത്പര്യങ്ങൾക്ക് ഒരു ഭീഷണിയായി ഉയർന്നു വന്നു.
കാലക്രമേണ ഉത്തര കേരളത്തിൽ നിന്ന് മദ്ധ്യകേരളത്തിലേക്ക് പ്രവർത്തന മേഖല വ്യാപിച്ചു. പുറക്കാട്ടെയും കായംകുളത്തെയും രാജാക്കന്മാരുമായി ഉടമ്പടികളിൽ ഒപ്പിട്ടു. 1658 – 59 കാലഘട്ടത്തിൽ പോർട്ടുഗീസുകാരുടെ കയ്യിലുണ്ടായിരുന്ന കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അവർ പിടിച്ചെടുത്തു. ഡച്ച് അഡ്മിറൽ വാങൂൺസിന്റെ നെതൃത്വത്തിൽ പോർട്ടുഗീസുകാരെ തോൽപ്പിച്ച് കൊല്ലം കോട്ട പിടിച്ചെടുത്തു.
1663 ൽ കൊച്ചി പിടിച്ചതോടെയാണ് ഡച്ചുകാലം കേരളത്തിൽ യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. കൊച്ചി രാജകുടുംബത്തിൽ തന്നെയുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ പക്ഷം പിടിച്ച് പോർട്ടുഗീസുകാരും ഡച്ചുകാരും തമ്മിലേറ്റുമുട്ടി . ഒൻപത് ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ 1663 ജനുവരി 6 ന് ഡച്ചുകാർ കൊച്ചിക്കോട്ട പിടിച്ചടക്കി.
പിന്നീട് കൊച്ചിയും കോഴിക്കോടും തമ്മിലുള്ള യുദ്ധത്തിൽ കൊച്ചിക്കൊപ്പം നിന്ന ഡച്ചുകാർ സാമൂതിരിയെ ചേറ്റുവാ യുദ്ധത്തിൽ പരാജയപ്പെടുത്തി . കേരളം മുഴുവൻ അധീനതയിലാക്കാമെന്ന സ്വപ്നം സാക്ഷാത്കരിക്കാമെന്ന് മോഹം ഉദിച്ചത് അതോട് കൂടിയാണ് . ചെറുരാജ്യങ്ങളുടെ ഭരണത്തിൽ ഇടപെടാനും തുടങ്ങി.
ബ്രിട്ടീഷ് ശക്തിയുടെ വളർച്ച തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നാട്ടു രാജ്യങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തി വ്യാപാര മേഖലകളിൽ മേൽക്കൈ നേടാൻ ഡച്ചുകാർ ആഗ്രഹിച്ചു. . ഈ നയം നടപ്പിൽ വരുത്താൻ തീരുമാനിച്ചത് ഡച്ച് ഗവർണറായ വാൻ ഇംഹോഫ് ആയിരുന്നു . എന്നാൽ അപ്പോഴേക്കും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കീഴിൽ തിരുവിതാം കൂർ പ്രബല ശക്തിയായി മാറിയിരുന്നു . ഇത് ഡച്ചുകാരുടെ മോഹത്തിന് തിരിച്ചടിയായി . അങ്ങനെ തിരുവിതാംകൂറിനെതിരെ ചെറിയ രാജ്യങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന തന്ത്രം ഡച്ചുകാർ തെരഞ്ഞെടുത്തു
കായംകുളവുമായുള്ള തിരുവിതാംകൂറിന്റെ സംഘർഷങ്ങളിൽ ഡച്ചുകാർ ആദ്യം നിക്ഷ്പക്ഷത പാലിച്ചു . എന്നാൽ കാലക്രമേണ ഏതൊരു സാമ്രാജ്യത്വ ശക്തിയേയും പോലെ ഡച്ചുകാരും തങ്ങളുടെ തനി സ്വരൂപം പുറത്തെടുത്ത് തുടങ്ങി . തിരുവിതാംകൂറിന്റെ വികസനത്തെയും ശക്തിയേയും തടുത്ത് നിർത്താൻ കായം കുളത്തെ കരുവാക്കാമെന്ന് അവർക്ക് തോന്നി
കൊച്ചിയിലെ ഗവർണറായ എം എ മേറ്റൻ ഇക്കാര്യത്തിൽ പ്രകോപനപരമായ നിലപാട് സ്വീകരിച്ചു . കായംകുളം രാജാവുമായി സംഘർഷമുണ്ടാക്കരുതെന്ന് മേറ്റൻ മാർത്താണ്ഡവർമ്മയോട് ആവശ്യപ്പെട്ടു. ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറുമായി കൂട്ടിച്ചേർത്തത് അന്യായമാണെന്നും മേറ്റൻ രാജാവിനെ അറിയിച്ചു.
യൂറോപ്യന്റെ ഹുങ്കിനെ തരിമ്പും വകവയ്ക്കാൻ മാർത്താണ്ഡ വർമ്മ തയ്യാറായില്ല. ഡച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ കച്ചവട താത്പര്യങ്ങളെ ബാധിക്കാത്ത കാര്യങ്ങളിൽ ഇടപെടരുതെന്ന ശക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഡച്ചുകാർക്ക് ഇടപെടേണ്ട കാര്യമില്ലെന്നും രാജാവ് വ്യക്തമാക്കി.
സ്വാഭാവികമായും ഈ മറുപടി മേറ്റനെ ചൊടിപ്പിച്ചു . വലിയ പ്രതിഷേധവുമുണ്ടായി . മാർത്താണ്ഡവർമ്മയ്ക്കാകട്ടെ യാതൊരു കൂസലുമില്ലായിരുന്നു . യുദ്ധമെങ്കിൽ യുദ്ധമെന്ന് തന്നെ അദ്ദേഹം തീരുമാനിച്ചുറച്ചു . ഈ സന്ദർഭത്തിൽ തിരുവിതാംകൂർ ദളവയായിരുന്ന അറുമുഖം പിള്ള അന്തരിച്ചു. അനുജൻ താണുപിള്ള അടുത്ത ദളവയായെങ്കിലും അധികനാളെത്തുന്നതിനു മുൻപ് അദ്ദേഹവും അന്തരിച്ചു . പ്രഗത്ഭനായ രാമയ്യൻ അടുത്ത ദളവയായി
കൊല്ലവർഷം 914 ൽ തിരുവിതാംകൂർ കായംകുളത്തെ ആക്രമിക്കാൻ തീരുമാനിച്ചു. സിലോണിലെ ഡച്ച് ഗവർണർ എം വാൻഇംഹോഫ് കേരളത്തിലെത്തിയത് ആയിടെയാണ് . ഇളയിടത്തുനാടും കൊല്ലവുമൊക്കെ കീഴടക്കി തിരുവിതാംകൂർ ശക്തമാകുന്നത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് വാൻ ഇംഹോഫ് കണക്കു കൂട്ടി .മേറ്റനെപ്പോലെ ഇംഹോഫും കായംകുളത്തെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ട് മാർത്താണ്ഡവർമ്മയ്ക്ക് സന്ദേശമയച്ചു . മേറ്റന് കൊടുത്ത മറുപടി തന്നെ രാജാവ് ആവർത്തിച്ചു.
രാജാവിനെ നേരിട്ട് കണ്ട് ഭീഷണി സ്വരത്തിൽ സംസാരിക്കാൻ ഇംഹോഫ് തീരുമാനിച്ചു . കൂടിക്കാഴ്ചയിൽ കാര്യമായ വാദ പ്രതിവാദങ്ങൾ നടന്നെങ്കിലും തീരുമാനത്തിൽ നിന്ന് അണുവിട പിന്മാറാൻ മാർത്താണ്ഡവർമ്മ തയ്യാറായില്ല. തിരുവിതാംകൂറിനെ ആക്രമിച്ചു കീഴടക്കുമെന്ന് ഇംഹോഫ് രാജാവിനോട് പറഞ്ഞു. അത് താങ്കളുടെ ഇഷ്ടമെന്നായിരുന്നു മറുപടി . കച്ചവടം നടത്തുന്നത് പോലെ എളുപ്പമല്ല അതെന്നും അഥവാ തിരുവിതാംകൂർ തോറ്റാൽ തിരുവിതാംകൂറിലെ ഏതെങ്കിലും വനത്തിൽ താൻ അഭയം പ്രാപിച്ചോളാമെന്ന് മാർത്താണ്ഡവർമ്മ പരിഹസിച്ചു . എവിടെയൊളിച്ചാലും തങ്ങൾ പിടിക്കുമെന്നായി ഇംഹോഫ് .
തന്റെ നാട് ഡച്ചുകാർ ആക്രമിക്കുകയാണെങ്കിൽ സകല ശക്തിയും സമാഹരിച്ച് യൂറോപ്പ് ആക്രമിക്കുമെന്ന് മാർത്താണ്ഡവർമ്മ പ്രഖ്യാപിച്ചതോടെ കോപാകുലനായ ഡച്ച് ഗവർണർ സംഭാഷണം അവസാനിപ്പിച്ചു . സിലോണിൽ നിന്ന് എത്രയും പെട്ടെന്ന് തിരുവിതാംകൂറിനെ ആക്രമിക്കാനാവശ്യമായ പടയും പടക്കോപ്പും എത്തിക്കാൻ ഇംഹോഫ് ആവശ്യപ്പെട്ടു.
ഇളയിടത്ത് സ്വരൂപത്തിലെ രാജ്ഞിയെ കൊല്ലത്തെ ഭരണാധികാരിയായി ഡച്ചുകാർ വാഴിച്ചു. പ്രതിഫലമായി ചില സ്ഥലങ്ങളും ആനുകൂല്യങ്ങളും നേടുകയും ചെയ്തു . വിവരങ്ങളറിഞ്ഞ മാർത്താണ്ഡവർമ്മ യുദ്ധം ആരംഭിക്കാൻ ആജ്ഞാപിച്ചു. ഡച്ചുകാരുടെ പിന്തുണയുള്ള സഖ്യസൈന്യത്തെ തിരുവിതാംകൂർ സൈന്യം തച്ചു തകർത്തു. അനവധി ഡച്ചു ഭടന്മാർ കൊല്ലപ്പെട്ടു . എതിരാളികൾ ഓട്ടമായതോടെ വിജയോന്മത്തരായ തിരുവിതാംകൂർ സൈന്യം ഡച്ചു കെട്ടിടങ്ങളും ഫാക്ടറികളും കോട്ടകളുമൊക്കെ തവിടുപൊടിയാക്കി. ഡച്ചുകാർ കൊച്ചിയിലേക്ക് പലായനം ചെയ്തു . തിരുവിതാംകൂർ കായംകുളത്തെ ആക്രമിച്ചു.
സിലോണിൽ നിന്നെത്തിയ ഡച്ചു സൈന്യം കുളച്ചലിൽ ഇറങ്ങി ആക്രമണം ആരംഭിച്ചു .ലോക ചരിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു യുദ്ധത്തിന് കുളച്ചൽ വേദിയാവുകയായിരുന്നു. കുളച്ചലിൽ താവളമടിച്ചിരുന്ന തിരുവിതാംകൂറിന്റെ ചെറു സൈന്യത്തെ ആക്രമിച്ച ഡച്ചുകാർ കച്ചവടകേന്ദ്രങ്ങളും മറ്റും കൊള്ളയടിച്ചു തുടങ്ങി. തുറമുഖത്തിന്റെ ഒരു ഭാഗം കോട്ടകെട്ടി ബലപ്പെടുത്തി സൈന്യവിഭാഗത്തെ അവിടെ നിർത്തി . മറ്റ് സൈന്യങ്ങൾ തേങ്ങാപ്പട്ടണവും കടിയപട്ടണവുമൊക്കെ ആക്രമിച്ച് ഇരണിയലെത്തി.
വാർത്തയറിഞ്ഞ മഹാരാജാവ് കിട്ടാവുന്നത്ര സൈന്യവുമായി പത്മനാഭപുരത്തെത്തി. വടക്കൻ ദേശങ്ങളിൽ യുദ്ധത്തിലേർപ്പെട്ടിരുന്ന രാമയ്യൻ ദളവയോട് പത്മനാഭപുരത്തെത്താൻ നിർദ്ദേശം നൽകി. കുളച്ചലിലെ വിജയം ഡച്ചുകാർക്ക് പത്മനാഭപുരത്തെ ആക്രമിക്കാനുള്ള പ്രചോദനമായി.
രാമയ്യൻ ദളവ സൈന്യവുമായി കൽക്കുളത്തെത്തി. ഡച്ചുകാരെ ആക്രമിക്കാനുള്ള ആസൂത്രണം തകൃതിയായി നടന്നു. ആക്രമണത്തിനായി സൈനികരെ കരയ്ക്കെത്തിച്ച ഡച്ചു കപ്പലിനെ നിരീക്ഷിക്കാൻ വിദഗ്ദ്ധരായ പടയാളികളേയും വഞ്ചികളേയും കപ്പലിന്റെ നാലുപാടും സജ്ജമാക്കി. ധീരരും ദേശാഭിമാനികളുമായ സൈന്യാധിപന്മാർക്കായിരുന്നു ചുമതല . നാഗർകോവിലിനും ഇരണിയലിനും ഇടയ്ക്ക് തയ്യാറാക്കി നിർത്തിയിരുന്ന സൈനിക വ്യൂഹത്തിന്റെ മദ്ധ്യത്തിലായി ദളവയും നിലയുറപ്പിച്ചു.
യുദ്ധത്തിന് മുൻപ് മാർത്താണ്ഡവർമ്മ കുലക്ഷേത്രമായ തിരുവട്ടാറിലെത്തി അനുഗ്രഹം തേടി . തന്റെ ഉടവാൾ ഭഗവാനു മുന്നിൽ സമർപ്പിച്ച് അനുഗ്രഹം വാങ്ങി. അവിടെ നിന്ന് നേരേ യുദ്ധക്കളത്തിലെത്തിയ അദ്ദേഹം സൈന്യ സാരഥ്യം ഏറ്റെടുത്തു.
1741 ആഗസ്റ്റ് 10 ന് യുദ്ധമാരംഭിച്ചു. കരയിൽ പോരാടുന്ന സൈന്യത്തിന് സൈന്യത്തിന് സഹായമെത്തിക്കാൻ കാത്തുകിടന്ന ഡച്ചു കപ്പലിനെ തിരുവിതാംകൂറിന്റെ പടയാളികൾ വഞ്ചികളിൽ വളഞ്ഞു. കപ്പലിൽ നിന്ന് ഒരു സഹായവും കരയിലെത്തിക്കാൻ അവർ അനുവദിച്ചില്ല .
ഡച്ചുസൈനികരും തിരുവിതാംകൂർ പടയാളികളും തമ്മിൽ ഘോരയുദ്ധം തന്നെ അരങ്ങേറി. രാമയ്യൻ ദളവയുടെ നേതൃത്വത്തിലുള്ള സൈന്യം ഡച്ച് അണികളിൽ ഇടിമിന്നലായി പാഞ്ഞു കയറി . മുൻ നിര തകർന്ന് ഡച്ചുകാർ നെട്ടോട്ടമായി . സൈന്യ ക്രമവും നിയന്ത്രണവും തെറ്റിയ സൈന്യം ചിതറി നാനാവിധമായി.
തിരുവിതാംകൂറിന്റെ കുതിരപ്പടയാളികൾ ഡച്ചു നിരകളിൽ ഭീതി വിതച്ചു മുന്നേറി . അവരെ തടയാൻ ഡച്ചുകാർക്ക് കുതിരപ്പട്ടാളമില്ലായിരുന്നു. കാട്ടു തീ പടർന്ന് കയറുന്നത് പോലെയായിരുന്നു തിരുവിതാംകൂറിന്റെ കുതിരപ്പടയുടെ മുന്നേറ്റം . പരിക്കേറ്റവരേയും മരിച്ചവരേയും പടക്കളത്തിൽ തന്നെ ഇട്ട് ഡച്ചു സൈന്യം പിന്തിരിഞ്ഞോടി കോട്ടയിൽ അഭയം പ്രാപിച്ചു. ഓഫീസർമാരുൾപ്പെടെ ഇരുപത്തിനാല് ഡച്ച് സൈനികർ തടവിലാക്കപ്പെട്ടു.
കോട്ടവളഞ്ഞ് തിരുവിതാംകൂർ സൈന്യം ആക്രമണമാരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ കോട്ട പിടിച്ചടക്കി . ഡച്ചുകാർ പ്രാണരക്ഷാർത്ഥം കപ്പലിലേക്ക് ഓടി .വളഞ്ഞു നിന്ന തിരുവിതാംകൂർ വഞ്ചികളിൽ നിന്ന് രക്ഷപ്പെട്ട് കപ്പലിലെത്തിയ ഡച്ചുകാർ കൊച്ചിയിലേക്ക് പലായനം ചെയ്തു.
തടവിലാക്കപ്പെട്ടവരോട് തിരുവിതാംകൂർ മാന്യമായി പെരുമാറി . തടവുകാരിലെ രണ്ട് ഓഫീസർമാർ തിരുവിതാംകൂർ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധരായി .ഡിലനോയിയും ഡൊനാഡിയുമായിരുന്നു ആ രണ്ടു പേർ .
തിരുവിതാംകൂർ സൈന്യത്തിന് യൂറോപ്യൻ മാതൃകയിൽ ശിക്ഷണം നൽകാൻ ഡിലനായിയെ ചുമതലയേൽപ്പിച്ചു. സ്തുത്യർഹമായ രീതിയിൽ തന്നെ അദ്ദേഹമത് നിർവഹിച്ചു. സന്തുഷ്ടനായ മഹാരാജാവ് ഉദയഗിരിക്കോട്ടയുടെ മേൽ നോട്ടം ഡിലനായിയെ ഏൽപ്പിച്ചു . കായം കുളവുമായുള്ള യുദ്ധത്തിൽ രാമയ്യൻ ദളവയ്ക്കൊപ്പം പോരാടിയത് ഡിലനായി ആയിരുന്നു . അച്ചടക്കമുള്ള ഒരു സേനാവിഭാഗത്തെ വാർത്തെടുത്ത ഡിലനായി ഉദയഗിരിക്കോട്ടയിൽ വച്ച് അന്തരിച്ചു..
കൊല്ലവും കായംകുളവുമൊക്കെ കീഴടങ്ങിയതോടെ ഡച്ചുകാരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു . ഒടുവിൽ തിരുവിതാംകൂറുമായി സന്ധിയാവുന്നതാണ് നല്ലതെന്ന് അവർക്ക് മനസ്സിലായി . സന്ധിവ്യവസ്ഥകൾ എല്ലാം തിരുവിതാംകൂറിന് അനുകൂലമായിരുന്നെങ്കിലും മഹാരാജാവ് ആദ്യമൊന്നും വലിയ താത്പര്യം കാണിച്ചില്ല . കൂടുതൽ കർശനമായ വ്യവസ്ഥകളോടെ അവസാനം സന്ധി അംഗീകരിക്കപ്പെട്ടു .
ചരിത്രത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കിയ ഒരു യുദ്ധമായിരുന്നു കുളച്ചലിൽ നടന്നത് . 1741 ൽ കുളച്ചലിലേറ്റ ആഘാതത്തിൽ നിന്നും കരകയറാൻ ഡച്ചുകാർക്ക് കഴിഞ്ഞില്ല .തിരുവിതാംകൂറിനെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമിച്ച് ഒടുവിൽ തിരുവിതാംകൂറിന്റെ ദയാാദാക്ഷിണ്യങ്ങൾക്കായി കാത്തു നിൽക്കേണ്ട അവസ്ഥയായി .അവരുടെ സാമ്രാജ്യത്വ മോഹങ്ങളുടെ പട്ടടയായി കുളച്ചൽ പരിണമിച്ചു.
യുദ്ധ തന്ത്രങ്ങളും ധീരതയും നിശ്ചയദാർഢ്യവും സമന്വയിച്ച തിരുവിതാംകൂർ പടയാളികളുടെ ആക്രമണം കേരളചരിത്രത്തിലെ വീരേതിഹാസമായി മാറി . മാർത്താണ്ഡവർമ്മ നേരിട്ട് സൈനിക നേതൃത്വം ഏറ്റെടുത്തത് സൈനികരുടെ ആത്മവീര്യം ഇരട്ടിപ്പിച്ചു . മാത്രമല്ല യുദ്ധത്തിനു ശേഷം തിരുവിതാംകൂർ പ്രബല ശക്തിയായി മാറുകയും ചെയ്തു .
എട്ടുവീടരും എട്ടരയോഗവും ഭീഷണി ഉയർത്തിയിരുന്ന ഒരു കാലഘട്ടത്തെ അതിജീവിച്ച് , സാമന്തരാജാക്കന്മാരുടേയും ഇടപ്രഭുക്കളുടേയും ഭീഷണികളെ തച്ചു തകർത്ത് , ഡച്ച് സാമ്രാജ്യത്വ മോഹത്തെ സൈനികമായി കീഴടക്കി , തിരുവിതാംകൂറിനെ ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച നാട്ടു രാജ്യമാക്കി വികസിപ്പിക്കാൻ കഴിഞ്ഞത് ആധുനിക തിരുവിതാംകൂറിന്റെ വിധാതാവായ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണ നേതൃത്വം കൊണ്ട് മാത്രമാണ് . ആ നേതൃശേഷിയുടെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് 1741 ലെ കുളച്ചൽ വിജയം