വായുപുത്രനാണ് ഹനുമാൻ .. അച്ഛന്റെ അനുഗ്രഹം കൂടെത്തന്നെയുണ്ട് . ശ്രീരാമനാമം ചുണ്ടിലും ശ്രീരാമ രൂപം ഹൃദയത്തിലും. ബ്രഹ്മാസ്ത്രത്തിന്റെ പീഡയൊന്നും ഹനുമാന് ഏറ്റില്ല..
രാക്ഷസന്മാരെല്ലാം ഹനുമാനെ എടുത്ത് രാവണന്റെ മുന്നിൽ കൊണ്ടു വച്ചു . ഇവനാരാണെന്നും എന്തിനാണിതൊക്കെ ചെയ്തതെന്നും ചോദിക്കാൻ രാവണൻ മന്ത്രിയായ പ്രഹസ്തനോട് പറഞ്ഞു.
ആരാണ് നിന്നെ അയച്ചതെന്ന സത്യം പറയടോ എന്ന് പ്രഹസ്തൻ ഹനുമാനോട് ..
ഹനുമാനൊന്നു ചിരിച്ചു.. എന്നിട്ട് രാവണനോട് പറഞ്ഞു..
ഞാൻ ശ്രീരാമ ദൂതൻ .. പേര് ഹനുമാൻ.. സീതാന്വേഷണത്തിന് വാനര രാജാവായ സുഗ്രീവന്റെ ആജ്ഞ അനുസരിച്ച് രാമ കാര്യാർത്ഥമായി വന്നതാണ് ഞാൻ.. എന്റെ ജീവൻ രക്ഷിക്കാനാണ് ഞാൻ നിങ്ങളുടെ രാക്ഷസ സൈന്യത്തെ വധിച്ചത്..
വന്ന സ്ഥിതിക്ക് ഒരു കാര്യം കൂടി പറഞ്ഞിട്ടു പോകാം .. മറ്റുള്ളവന്റെ ഭാര്യയെ അപഹരിക്കുന്നത് ധർമ്മിഷ്ഠന്മാരുടെ ലക്ഷണമല്ല.. നീ സീതയെ ശ്രീരാമന്റെ അടുത്തെത്തിക്കുക .. ചെയ്ത തെറ്റിനു മാപ്പു പറയുക .. എന്നാൽ നിനക്ക് ജീവൻ നഷ്ടമാകില്ല .. സൽക്കീർത്തിയും ലഭിക്കും…
ഹനുമാൻ പറഞ്ഞു നിർത്തി ..
രാവണൻ കോപാന്ധനായി .. ആരാടോ ഈ രാമൻ , എതവനാണ് ഈ സുഗ്രീവൻ , ഇവരെയെല്ലാത്തിനെയും ഞാൻ കൊല്ലും .. ഇനിയൊട്ടും താമസിക്കുന്നില്ല ..
ഹനുമാൻ പല്ലു കടിച്ച് ക്രോധമടക്കി പറഞ്ഞു ..
രാവണാ.. നിന്നെപ്പോലുള്ള പത്തു നൂറായിരമെണ്ണം വന്നാലും എന്റെ ചെറുവിരലിനൊപ്പമെത്തില്ല .. പിന്നെ നീ ആരെക്കൊല്ലുമെന്നാണ് പറയുന്നത് ?
ഇതുകേട്ട് രാവണൻ എട്ടുദിക്കും പൊട്ടുമാറലറി.. ഇവനെ ഇപ്പോ കൊല്ലാൻ ഒരുത്തനുമില്ലേ ഇവിടെ എന്ന് അട്ടഹസിച്ചു..
വിഭീഷണൻ വന്നു തടഞ്ഞു .. പ്രഭോ ദൂതനെ വധിക്കരുത് .. അടയാളമുണ്ടാക്കി വിടുകയാണ് രാജാക്കന്മാർ ചെയ്യുക ..
എന്നാലങ്ങനെയാകട്ടെയെന്ന് രാവണൻ
ഹനുമാന്റെ വാലിൽ തീ കൊളുത്താനുള്ള ഒരുക്കം തുടങ്ങി .. തുണികൾ കൊണ്ടു വന്നു .. തുണി ചുറ്റുന്തോറും ഹനുമാൻ വാൽ നീട്ടിത്തുടങ്ങി .. രാക്ഷന്മാർ ഓടിപ്പാഞ്ഞ് അന്തപ്പുരം തോറും നടന്ന് പട്ടു ചേലകളൊക്കെ എടുത്ത് കൊണ്ടു വന്നു ചുറ്റി .. ഒരു രക്ഷയുമില്ല .. പിന്നെയും വാൽ നീണ്ടു കിടക്കുകയാണ്..
എങ്കിൽ പിന്നെ ഉള്ള സ്ഥലത്ത് തീ കൊളുത്താമെന്നായി .. തീയും കൊളുത്തി ..
രാത്രിയിൽ വന്ന കള്ളനാണെന്നൊക്കെ പെരുമ്പറ കൊട്ടി ബന്ധനസ്ഥനായ ഹനുമാനെയും കൊണ്ട് രാക്ഷസന്മാർ പടിഞ്ഞാറേ ഗോപുര വാതിലിനു നേർക്ക് നടന്നു..
ഹനുമാൻ ശരീരമൊന്ന് ചെറുതാക്കി , കെട്ടുകളൊക്കെ അഴിച്ച് രക്ഷപ്പെട്ട് മേല്പോട്ട് പറന്നു.. പിടിച്ചിരുന്നവരെയൊക്കെ അടിച്ചു കൊന്നു..
നേരേ ഏറ്റവും ഉയരമുള്ള ഗോപുരത്തിന്റെ മുകളിൽ കയറി.. മണിമന്ദിരങ്ങളിൽ തീ കൊടുത്തു തുടങ്ങി.. എങ്ങും ആർത്തനാദങ്ങളുയർന്നു..
വിഭീഷണന്റെ മന്ദിരമൊഴിച്ച് ബാക്കിയൊക്കെ കത്തിച്ചു .. രാക്ഷസന്മാർ വേഗം ഇറങ്ങിയോടി .. തീ കെടുത്തുവാൻ ശ്രമം തുടങ്ങി .. ഹനുമാൻ കൂടുതൽ സ്ഥലത്തേക്ക് തീ പടർത്തി.. ആകെ കോലാഹലം ..
കുറെ കത്തിച്ചു കഴിഞ്ഞപ്പോൾ മതിയെന്നു തോന്നി .. ഹനുമാൻ നിർത്തി .. സീതയെ ഒന്നു കൂടി കണ്ടു .. അനുഗ്രഹവും വാങ്ങി .. കടൽതീരത്തെത്തി .. തിരിച്ചു ചാടി ..
കാത്തിരുന്ന വാനര സംഘം നോക്കി നിൽക്കേ ഹനുമാൻ സമുദ്രം കടന്ന് അവർക്ക് മുന്നിലെത്തി .. മൂന്നു ലോകവും ഞെട്ടുമാറ് ഗർജ്ജനം ചെയ്തു..
വാനരന്മാർക്ക് കാര്യം മനസിലായി .. സീതയെ കണ്ടു ..
ഹനുമാൻ സന്തോഷത്തോടെ പോയ വിശേഷങ്ങളെല്ലാം പറഞ്ഞു .. വാനര സംഘം കിഷ്കിന്ധക്ക് പാഞ്ഞു .. പോകുന്ന വഴി സുഗ്രീവന്റെ തോട്ടമായ മധുവനത്തിൽ കയറി കണ്ണിൽ കണ്ട പഴങ്ങളെല്ലാം പറിച്ചു തിന്നു .. തടഞ്ഞ കാവൽക്കാരെ ഓടിച്ചു വിട്ടു..
അടികൊണ്ട കാവൽക്കാർ ഓടിച്ചെന്ന് സുഗ്രീവനോട് സങ്കടം പറഞ്ഞു .. മധുവനത്തിൽ കയറി അവർ പഴങ്ങളെല്ലാം പറിച്ചു തിന്നോ .. എന്നാൽ കാര്യം നടന്നു . ഇല്ലെങ്കിൽ അത്ര ധൈര്യം ആരും കാണിക്കില്ല .. എന്ന് സുഗ്രീവനും പറഞ്ഞു..
എല്ലാവരും ശ്രീരാമന്റെ അടുത്തെത്തി..
പ്രഭോ സീതാദേവിയെ കണ്ടു .. ഹനുമാൻ ആഹ്ളാദത്തോടെ പറഞ്ഞു .. അങ്ങേക്ക് തരാൻ ചൂഡാരത്നവും തന്നു വിട്ടു..
രാമൻ ചൂഡാരത്നം കണ്ട് ദേവിയെ ഓർത്തു കണ്ണീർ വാർത്തു..
ഹനുമാൻ മറ്റ് വിശേഷങ്ങളും പറഞ്ഞു .. അക്ഷകുമാരനെ വധിച്ചതും രാവണനോട് കാര്യങ്ങൾ പറഞ്ഞതും ലങ്ക ചുട്ടു ഭസ്മമാക്കിയതുമെല്ലാം..
ശ്രീരാമൻ ഹനുമാനെ കെട്ടിപ്പിടിച്ചു.. പ്രിയ സുഹൃത്തേ ഇതിനു പകരം തരാൻ ഒന്നും ഈ ലോകത്തില്ലല്ലോ എന്ന് രാമൻ സന്തോഷത്തോടെ പറഞ്ഞു ..
എല്ലാവരും കൂടി സമുദ്ര ലംഘനത്തിനുള്ള ആലോചനയായി…
സമുദ്ര ലംഘനത്തിന് ശ്രമമാരംഭിച്ചു .. ലങ്കാപുരത്തെപ്പറ്റി വിശദമാക്കാൻ രാമൻ ഹനുമാനോട് പറഞ്ഞു..
ഹനുമാൻ പറഞ്ഞു തുടങ്ങി..
പ്രഭോ .. സമുദ്രമദ്ധ്യത്തിൽ ത്രികൂടാചലത്തിന്റെ മുകളിൽ ആണ് ലങ്കാപുരി. എഴുനൂറു യോജന വിസ്താരമുണ്ട്. നാലു ദിക്കിൽ നാലു ഗോപുരങ്ങളും ഓരോന്നിനും ഏഴു നിലകളുമുണ്ട്. അങ്ങനെയുള്ള ഏഴുമതിലുകളും ഓരോ മതിലിലും നാലു ഗോപുരങ്ങളുമുണ്ട്.
എല്ലാറ്റിനും മുന്നിൽ അഗാധമായ കിടങ്ങുകളുണ്ട്. കിഴക്ക് ദിക്കിലെ ഗോപുരത്തിനു കാവൽ പതിനായിരം രാക്ഷന്മാരാണ് . തെക്ക് നൂറായിരം പേരും പടിഞ്ഞാറു ദിക്കിൽ പത്തുനൂറായിരം പേരും വടക്ക് ദിക്കിൽ ഒരു കോടി രാക്ഷസരും ഗോപുരം കാക്കാനുണ്ട്.
ലങ്കാപുരിക്കുള്ളിലേക്കും ഇതുപോലെ രാക്ഷസന്മാരുടെ വലിയ പടയുണ്ട്..
എന്നാൽ സമുദ്ര ലംഘനം ചെയ്ത് വാനരപ്പടയെ ലങ്കയിലെത്തിച്ചാൽ ഇതെല്ലാം തകർത്ത് രാവണനെ വധിച്ച് സീതാദേവിയെ രക്ഷിക്കാമെന്നതിൽ സംശയമില്ല പ്രഭോ . ഹനുമാൻ പറഞ്ഞു നിർത്തി.
ശ്രീരാമനെഴുന്നേറ്റു .. സുഗ്രീവനെ ഒന്നു നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു .. വാനര ശ്രേഷ്ടാ പടക്കിറങ്ങാൻ സമയമായി .. ഇത് വിജയമുഹൂർത്തമാണ്.. വിജയം നമുക്ക് സുനിശ്ചിതമാണ്..
സൈന്യത്തെ അഗ്നിയുടെ പുത്രനായ നീലൻ പരിപാലിക്കണം . ഹനുമാനും ഞാനും നീയും ലക്ഷ്മണനും ഏറ്റവും മുന്നിൽ… എങ്കിൽ നമുക്ക് പുറപ്പെടാം..
സുഗ്രീവൻ നിർദ്ദേശം കൊടുത്തു ..വാനര സൈന്യം നടന്നു തുടങ്ങി..
മഹേന്ദ്രാചലത്തിനടുത്ത് സമുദ്രതീരത്ത് പെരുമ്പടയെത്തി..വിശ്രമിച്ചു..
രാവണൻ മന്ത്രിമാരെ വിളിച്ചു. ഹനുമാൻ നാണം കെടുത്തിയ കഥകൾ പറഞ്ഞു . എന്തു വേണമെന്ന് ചോദിച്ചു . കാലനെ പോലും പേടിപ്പിച്ച രാവണൻ എന്തിനു പേടിക്കണമെന്ന് മന്ത്രിമാർ .. രാവണനു സമാധാനമായി..
കുംഭകർണൻ എഴുന്നേറ്റു വന്നു. രാവണന്റെ അനുജനാണ് . ആറുമാസം ഉറക്കവും ആറുമാസം ഉണർന്നിരിക്കലുമാണ് സ്വഭാവം . പണ്ടൊരു വരം ചോദിച്ച് ഇങ്ങനെ ആയതാണ്..
രാവണൻ അനുജനോട് കാര്യമൊക്കെ പറഞ്ഞു.. കുംഭകർണ്ണൻ ജ്യേഷ്ഠനെ ഗുണദോഷിച്ചു.. ശ്രീരാമൻ മനുഷ്യനല്ല വിഷ്ണുവിന്റെ അവതാരമാണെന്ന് അവനെ ഓർമ്മിപ്പിച്ചു. നിനക്ക് നാശമടുത്തുവെന്നും പറഞ്ഞു .. ഇന്ദ്രജിത്ത് കയറി ഇടപെട്ടു. അച്ഛനൊരു വാക്കു പറഞ്ഞാൽ മതി ശത്രുക്കളെയൊക്കെ തീർത്തു തരാമെന്ന് പൊങ്ങച്ചം പറഞ്ഞു..
വിഭീഷണൻ അപ്പോഴങ്ങോട്ടു വന്നു .. രാവണൻ വാത്സല്യത്തോടെ വിളിച്ച് അരികിലിരുത്തി..
വിഭീഷണൻ വന്ന കാര്യം പറഞ്ഞു .. രാമനോട് എതിരിട്ട് ജയിക്കൽ എളുപ്പമല്ല .. സീതയെ കൊണ്ടു കൊടുക്കുന്നതാണ് നമുക്കെല്ലാം നല്ലത് ..ഇല്ലെങ്കിൽ സർവനാശമാണ് ..
മരണമടുത്ത രാവണനുണ്ടോ വിഭീഷണൻ പറഞ്ഞത് ഇഷ്ടപ്പെടുന്നു..
ശത്രുക്കളല്ല കൂടെയുള്ള ബന്ധുക്കളാണ് പ്രധാന ശല്യമെന്ന് പറഞ്ഞ് വാളെടുത്തു . എങ്കിൽ പിന്നെ ഞാൻ പോവുകയാണെന്ന് വിഭീഷണൻ .പെട്ടെന്നു പൊയ്ക്കോ അല്ലെങ്കിലിപ്പോൾ ചന്ദ്രഹാസത്തിന് ഇരയാകുമെന്ന് രാവണനും പറഞ്ഞു..
വിഭീഷണനു മനസ്സിലായി ..ഇനി നിന്നാൽ ഈ ദുഷ്ടന്റെ കൈ കൊണ്ട് കാലപുരിക്ക് പോകേണ്ടി വന്നതു തന്നെ. രാമനെ ശരണം പ്രാപിക്കുന്നതാണ് നല്ലത്..
വിഭീഷണനും നാല് മന്ത്രിമാരും കൂടി മഹേന്ദ്രാചലത്തിനടുത്തെത്തി .. ആകാശ മാർഗ്ഗം നിന്ന് ശരണം അപേക്ഷിച്ചു .. സുഗ്രീവൻ പറഞ്ഞു വിശ്വസിക്കരുത് ഇവരെ . ഇപ്പോൾ തന്നെ പിടിച്ചു കൊന്നുകളയാം ..
ഹനുമാൻ തടഞ്ഞു .. ശരണം അപേക്ഷിച്ചു വന്നവരെ കൊല്ലുന്നത് ധർമ്മമല്ല . രാക്ഷസന്മാരിലും നല്ലവരുണ്ടാകും , ജാതിയും പേരുമൊന്നുമല്ല മനുഷ്യന്റെ നന്മകളെ നിശ്ചയിക്കുന്നത് .. ഹനുമാൻ പറഞ്ഞു
ശ്രീരാമൻ വിഭീഷണനെ അടുത്തു വിളിച്ചു അഭയം കൊടുത്തു .. വിഭീഷണൻ രാമപാദത്തിൽ വീണു നമസ്കരിച്ചു.
Discussion about this post