പഞ്ചവടിയിൽ ലക്ഷ്മണൻ മനോഹരമായ പർണശാല കെട്ടി . താമസിക്കാനുള്ള സൗകര്യങ്ങളും ചെയ്തു. ഗോദാവരിക്ക് സമീപം കാനന ഭംഗികൾ ആസ്വദിച്ച് രാമ ലക്ഷ്മണന്മാരും സീതയും സസുഖം ജീവിച്ചു..
രാമ ഭക്തിയാൽ കൊട്ടാരത്തിനു വെളിയിൽ താമസിക്കുന്ന ഭരതനേയും ശത്രുഘ്നനേയും അവരോർത്തു . മക്കളാരും അടുത്തില്ലാതെ കഴിയുന്ന അമ്മമാരെക്കുറിച്ച് ആകുലപ്പെട്ടു. സഹോദര പത്നിമാരെപ്പറ്റി ചിന്തിച്ചു.. എന്നൊരുമിച്ചുകൂടുമെന്നാലോചിച്ച് മൂവരും നെടുവീർപ്പിട്ടു..
ദണ്ഡകാരണ്യത്തിലൂടെ കറങ്ങി നടന്നിരുന്ന ഒരു രാക്ഷസി അപ്പോഴവിടെയെത്തി. മനോമോഹനമായ ശ്രീരാമ രൂപം കണ്ട് മോഹിച്ച് സുന്ദര വേഷം പൂണ്ട് അവൾ രാമന്റെ അടുത്തെത്തി..
സുന്ദരന്മാരായ നിങ്ങളാരാണ് .. കൂടെയുള്ള പെണ്ണേത് . ഇവിടെ എന്തു ചെയ്യുന്നു .. നിശാചരി ചോദിച്ചു..
രാമൻ വിവരങ്ങൾ പറഞ്ഞു .. നിങ്ങളാരാണെന്ന് നിശാചരിയോട് തിരിച്ചു ചോദിച്ചു..
രാവണ സഹോദരി ശൂർപ്പണഖ , ഇവിടെ അടുത്ത് സഹോദരന്മാരായ ഖരനും ദൂഷണനും ത്രിശിരസ്സിനുമൊപ്പം താമസിക്കുന്നുവെന്ന് രാക്ഷസി മറുപടിയും കൊടുത്തു..
ഭവതിക്ക് ഞങ്ങളെന്ത് ചെയ്യേണ്ടു എന്ന് രാമൻ ..
ഈ വിരൂപയായ പെണ്ണിനെ കളഞ്ഞ് എന്നെ വിവാഹം കഴിക്കൂ എന്ന് ശൂർപ്പണഖ..
എനിക്ക് പറ്റില്ല അവനോട് ചോദിക്കൂ എന്ന് രാമൻ തമാശ പറഞ്ഞു. അവൾ ലക്ഷ്മണനടുത്തെത്തി. .ലക്ഷ്മണൻ പറ്റില്ല എന്ന് പറഞ്ഞു.
അവിടെയും ഇവിടെയും ചോദിച്ച് ദേഷ്യം പിടിച്ച നിശാചരി സ്വന്തം രൂപം കാട്ടി .. സീതയെ തിന്നാനടുത്തു..
ഓടിവന്ന ലക്ഷ്മണൻ ശൂർപ്പണഖയ്ക്ക് നേരേ വാളോങ്ങി .. അംഗഭംഗം വന്ന നിശാചരി അലറിക്കൊണ്ട് ഓടിപ്പോയി ..
പടയുമായി രാവണനിപ്പോ വരുമെന്ന് രാമൻ ലക്ഷ്മണനോട് പറഞ്ഞു .. ആയുധങ്ങളെടുത്തു വെക്കാൻ നിർദ്ദേശവും കൊടുത്തു..
ഓടിപ്പോയ ശൂർപ്പണഖ സഹോദരനായ ഖരനു മുന്നിൽ ആർത്തലച്ചു വീണു ..
സഹോദരിയുടെ അവസ്ഥ കണ്ട് ഖരൻ കോപാക്രാന്തനായി
ആരാണ് നിന്നെ ഇങ്ങനെ ചെയ്തത് ? ഖരൻ അലറി
പഞ്ചവടിയിൽ താമസിക്കുന്ന രണ്ട് താപസന്മാർ. രാമനും ലക്ഷ്മണനും, അവർക്കൊപ്പം സുന്ദരിയായ ഒരു പെണ്ണുമുണ്ട്. സീത. രാമൻ പറഞ്ഞിട്ട് ലക്ഷ്മണനാണെന്നെ ഇങ്ങനെ ചെയ്തത്.
ശൂർപ്പണഖ അലറിക്കരഞ്ഞു.
സഹോദരിയുടെ കരച്ചിൽ കേട്ട് ഖരന് കോപം കൊണ്ട് കണ്ണു കാണാതായി .
പറയൂ നിനക്കെന്തു വേണം .. ഖരൻ ചോദിച്ചു
അവരെ കൊന്ന് രക്തം കുടിക്കണം .. നീയതെനിക്ക് ചെയ്തു തരണം .. ശൂർപ്പണഖ മനസ്സു തുറന്നു ..
ശരി ആരവിടെ .. ആ മനുഷ്യാധമന്മാരെ കൊന്ന് അവരുടെ കൂടെയുള്ള സുന്ദരിയെ എന്റെയടുക്കൽ എത്തിക്കൂ . പതിനാലു രാക്ഷസർ പോകട്ടെ .. നീയും പോ അവർക്കൊപ്പം .. അവന്മാരെ കാണിച്ചു കൊടുക്ക്..
കണ്ണീർ തുടച്ച് ശൂർപ്പണഖ നടന്നു . പഞ്ചവടിയിലേക്ക് .. കൂടെ പതിനാല് ഉഗ്രന്മാരായ രാക്ഷസന്മാരും.
രാക്ഷസന്മാർ വരുമെന്ന് അറിയാമായിരുന്ന രാമൻ നേരത്തെ തന്നെ യുദ്ധ സന്നദ്ധനായി നിലകൊണ്ടിരുന്നു. സീതയെ ലക്ഷ്മണനൊന്നിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പതിനാലു പേർ വന്ന് രാമനോടേറ്റു.. പതിനാലമ്പുവിട്ട് രാമൻ എല്ലാവരുടേയും കഥ കഴിച്ചു..
ശൂർപ്പണഖ വീണ്ടും പേടിച്ച് ഒറ്റയോട്ടം വച്ചു കൊടുത്തു .. ഖരനു മുന്നിൽ ചെന്ന് വീണ് അലറിക്കരഞ്ഞു ..
ഖരനൊന്നും മനസ്സിലായില്ല .. എവിടെ ധീരന്മാരായ രാക്ഷസ ശ്രേഷ്ഠന്മാർ .. ആ മനുഷ്യരുടെ തലയെവിടെ ..
രാമനവരെ തെക്കോട്ടയച്ചെന്ന് ശൂർപ്പണഖ..
ഖരൻ കലിതുള്ളി ..പോരട്ടെ നിശാചരർ പതിനാലായിരമെന്ന് ഉത്തരവിട്ടു .. അനുജന്മാരായ ദൂഷണനോടും ത്രിശിരസിനോടും കൂടെ വരാൻ പറഞ്ഞു.
മൂവരും പെരുമ്പടയും പഞ്ചവടി ലക്ഷ്യമാക്കി പാഞ്ഞു..
രാക്ഷസർ നോക്കിയപ്പോൾ ഒരു പീറ മനുഷ്യൻ . മരവുരി ധരിച്ചിട്ടുണ്ട് . കയ്യിലുള്ള വില്ലും ആവനാഴിയുമാണ് ആകെ അലങ്കാരം ..
അയ്യേ ഇവനാണോ രാമനെന്ന് ഖരനും അനുജന്മാരും പരസ്പരം പറഞ്ഞു..
രാക്ഷസന്മാർ സകല ആയുധങ്ങളുമെടുത്ത് രാമനു നേരേ യുദ്ധത്തിനെത്തി ..
പിന്നെ അവിടെ ശ്രീരാമ ചാപത്തിന്റെ ഞാണൊലിമുഴക്കങ്ങളും രാക്ഷസന്മാരുടെ കരച്ചിലും മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ ..
ധർമ്മമൂർത്തിയുടെ ജ്വലിക്കുന്ന രൂപം രാക്ഷസമദ്ധ്യത്തിൽ ഉജ്ജ്വല പ്രഭയോടെ ഉയർന്നു ശോഭിച്ചു ..
രാമൻ അമ്പെടുക്കുന്നതും തൊടുക്കുന്നതുമൊന്നും കാണാൻ കഴിയാതെ , രാമബാണങ്ങളേറ്റ് രാക്ഷസ പ്രവരർ കാലപുരിയിലേക്ക് ഘോഷയാത്രയായി .
ഇതു കണ്ട് ചാടിയെത്തി ദൂഷണൻ .. തേരും കുതിരകളും സാരഥിയും രാമബാണത്താൽ പൊടിപൊടിഞ്ഞു..
ദൂഷണൻ മണ്ണിലിറങ്ങി ഭീമാകാരമായ ഇരുമ്പുലക്കയുമായി രാമനു നേർക്കെത്തി . രാമനവന്റെ കയ്യറുത്തിട്ടു. അവന്റെ തന്നെ ഇരുമ്പുലക്ക എടുത്ത് തലയ്ക്കൊന്നു കൊടുത്തു . തല പൊട്ടിത്തകർന്ന് ദൂഷണൻ തെക്കോട്ട് യാത്രയായി.
അനുജൻ വീണതു കണ്ട് ക്രോധത്തോടെ ത്രിശിരസ് പാഞ്ഞെത്തി..
മൂന്നമ്പ് രാമനു നേർക്കെയ്തു .. രാമൻ മൂന്നും മുറിച്ചു കളഞ്ഞ് മൂന്നെണ്ണം തിരിച്ചു പ്രയോഗിച്ചു .. അവനത് തടഞ്ഞ് നൂറെണ്ണം തിരിച്ച് രാമനു നേർക്ക് എയ്തു..
അചഞ്ചലനായ സീതാപതി അവയും മുറിച്ച് ആയിരം ബാണം അങ്ങോട്ട് പ്രയോഗിച്ചു . വീരനായ ത്രിശിരസ് അവയെല്ലാം ഖണ്ഡിച്ച് രാമനു നേരേ പതിനായിരമെയ്തു.. അവയെല്ലാം മുറിച്ച് ചന്ദ്രക്കലയുടെ രൂപമുള്ള മൂന്ന് ബാണമെയ്ത് ത്രിശിരസ്സിന്റെ മൂന്നു തലയും രാമൻ മുറിച്ചു കളഞ്ഞു.
ക്രുദ്ധനായ ഖരൻ അതിവേഗതയുമായി രഥവുമായി ശ്രീരാമനു നേർക്കടുത്തു. ഇരുവരും മഴപോലെ ബാണങ്ങൾ വർഷിച്ചു. ഭൂമിയും ആകാശവും കാണാത്ത രീതിയിൽ ബാണങ്ങൾ നിറഞ്ഞു..
രാമന്റെ ആവനാഴി ഖരനെയ്തു മുറിച്ചു .. രാമന്റെ ശരീരത്തിലും അമ്പുകളേറ്റു. യുദ്ധം കണ്ടു നിന്ന യക്ഷ കിന്നര ഗന്ധർവന്മാരും ദേവന്മാരും മുനിമാരും വിഷമത്തിലായി.
അഗസ്ത്യമുനി നൽകിയ ഇന്ദ്രദത്തമായ തൂണീരവും വൈഷ്ണവ ചാപവും ശ്രീരാമന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ടു.
അരനിമിഷം കൊണ്ട് ഖരന്റെ പടച്ചട്ട തകർത്തു ,
വില്ലും മുറിച്ചു രാമബാണം, അടുത്ത നിമിഷത്തിൽ ഖരന്റെ തേരും കുതിരകളും സാരഥിയും തകർന്നടിഞ്ഞു.
ഗദയെടുത്ത് ഖരൻ ചാടിയപ്പോൾ രാമനതും തകർത്തെറിഞ്ഞു .. പെട്ടെന്ന് മറ്റൊരു തേരിൽ ചാടിക്കയറി പരാക്രമിയായ ഖരൻ ദിവ്യാസ്ത്രമെയ്ത് രാമനോടേറ്റു..
ഖരൻ ആഗ്നേയം പ്രയോഗിച്ചു ,രാമൻ വാരുണം കൊണ്ട് തടുത്തു. കൗബേരത്തെ ഐന്ദ്രാസ്ത്രം കൊണ്ടും നൈരൃതത്തെ യാമ്യാസ്ത്രം കൊണ്ടും തകർത്തു..
ഉടൻ അവൻ ഗാന്ധർവമയച്ചു . രാഘവനത് ഗൗഹ്യകം കൊണ്ട് തടുത്തു. എങ്കിൽ പിടിച്ചോളൂ ആസുരമെന്ന് ഖരൻ ..ദൈവാസ്ത്രം കൊണ്ട് രാമനതും തടുത്തു.. ഐഷികം പ്രയോഗിച്ചത് വൈഷ്ണവം കൊണ്ട് കളഞ്ഞു ..
മൂന്നമ്പു കൊണ്ട് ഖരന്റെ തേരും കുതിരകളും സാരഥിയും ഇല്ലാതാക്കി രാമൻ ..
വലിയൊരു ശൂലവുമായി ഖരൻ ക്രോധാവേശത്താൽ രാമന്റെ നേർക്കടുത്തു ..
ഇന്ദ്ര ദൈവതമെന്ന അസ്ത്രം ആവനാഴിയിൽ നിന്നെടുത്ത് തൊടുത്ത് വലിച്ചു വിട്ടു രാമൻ
അഗ്നിയെപ്പോൽ ജ്വലിച്ച് രാമബാണം ഖരനു നേർക്ക് പാഞ്ഞെത്തി… ഖരന്റെ ശിരസ്സ് കഴുത്തിൽ നിന്നും വേർപെട്ട് ലങ്കയുടെ വടക്ക് ചെന്നു വീണു ..അസ്ത്രം ആവനാഴിയിൽ തിരിച്ചെത്തി..
മൂന്നേമുക്കാൽ നാഴിക നീണ്ട ഘോരയുദ്ധം അങ്ങനെ അവസാനിച്ചു..
അപ്പോൾ ഗോപുര ദ്വാരത്ത് വീണ തലയാരുടേതെന്ന് അന്വേഷിക്കുകയായിരുന്നു ലങ്കാവാസികൾ.. !
ഖര ദൂഷണ ത്രിശിരാക്കളും പതിനാലായിരം പടയും നശിച്ചതോടെ അലമുറയിട്ട് രാവണ ഭഗിനി ലങ്കയിലേക്കോടി. സഹോദരിയുടെ അവസ്ഥ കണ്ട് രാവണന്റെ കണ്ണിൽ കനലുകളെരിഞ്ഞു.
ആരാണിത് ചെയ്തത് , ഇന്ദ്രനോ അതോ കുബേരനോ , ആരാണ് നിന്നോടിങ്ങനെ ചെയ്തത് . ഖരനും ദൂഷണനും ത്രിശിരസും അവരുടെ സഹോദരിയെ രക്ഷിക്കാൻ കഴിയാത്തവരായോ .. അഹോ കഷ്ടമെന്ന് രാവണൻ..
നീയെന്തൊരു മൂഢനാണ് ..കൊള്ളാവുന്ന ചാരന്മാർ പോലുമില്ല നിനക്ക്. നിന്റെ അനുജന്മാരും പതിനാലായിരം പടയും രാമൻ മുടിച്ചത് നീയറിഞ്ഞില്ലേ ? ശൂർപ്പണഖ കോപം കൊണ്ടു ജ്വലിച്ചു.
ആരാണീ രാമൻ , അവനെന്തിനാണിതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ചു ലങ്കാധിപൻ. ശൂർപ്പണഖ നടന്നതൊക്കെ പറഞ്ഞു. ഇത്തിരി കള്ളവും കൂടെപ്പറഞ്ഞു. സീതയെ രാവണനു വേണ്ടി പിടിച്ചു കൊണ്ടു വരാൻ നോക്കിയപ്പോഴാണ് ലക്ഷ്മണൻ തന്നെ അംഗഹീനയാക്കിയതെന്ന് ഒരു ഏഷണി കൂട്ടിപ്പറഞ്ഞു. സീതാദേവിയെ അംഗപ്രത്യംഗം വർണിക്കുകയും ചെയ്തു
രാവണന് ഉറക്കമില്ലാതായി.. ഇത്ര സുന്ദരിയായ അംഗനാരത്നത്തെ കേവലമൊരു മനുഷ്യൻ സ്വന്തമാക്കി വെക്കുകയോ ? അവളെ തനിക്ക് വേണം.. അപ്പോൾ തന്നെ മാരീചനെ കാണാൻ പുറപ്പെട്ടു.
മാരീചനോട് ആവശ്യം പറഞ്ഞു . സ്വർണവർണമായ ഒരു മാനായി ചെന്ന് നീ സീതയെ മോഹിപ്പിക്കണം . അപ്പോൾ നിന്നെ പിടിക്കാൻ രാമലക്ഷ്മണന്മാർ വരും . ആ സമയം കൊണ്ട് ഞാൻ സീതയെ തേരിൽ കരേറ്റി കൊണ്ടു പോരാം ..
മാരീചന് രാമനുമായി മുൻപൊരു ഏറ്റുമുട്ടൽ നടത്തിയതിന്റെ അനുഭവമുണ്ട്.. അന്ന് വല്ലവിധേനയും രക്ഷപ്പെട്ടതാണ്. ഈ കാലമാടൻ ഇതെന്തിനുള്ള പുറപ്പാടാണ് .. മാരീചനാലോചിച്ചു.. ഒരു വട്ടം കൂടി രാമന്റെ അടുത്തേക്ക് പോയാൽ ജീവൻ പോയത് തന്നെ.
രാവണനെ ഒന്നുപദേശിക്കാമെന്ന് വച്ചു മാരീചൻ
രാവണാ നീയൊരു കാര്യം മനസ്സിലാക്കണം . ഈ രാമനെന്ന് പറയുന്ന ആൾ സാധാരണക്കാരനല്ല .. നിന്നെക്കൊല്ലാൻ വന്നവതരിച്ച വിഷ്ണുവാണ് രാമനെന്ന് ഒരു സംസാരമുണ്ട്. അതുകൊണ്ട് വേണ്ടാത്ത കാര്യത്തിനു പോയി ജീവൻ കളയാതിരിക്കുന്നതാണ് നിനക്ക് നല്ലത്..
രാവണനതു കേൾക്കാൻ തയ്യാറായില്ല …കൂടുതൽ ഉപദേശമൊന്നും വേണ്ട .. ഒന്നുകിൽ നീ പോകണം .. അല്ലെങ്കിലിപ്പോൾ നിന്റെ തലയിവിടെ വീഴും .. രാവണൻ പതിയെ ചന്ദ്രഹാസത്തിലേക്ക് കൈ നീട്ടി
മാരീചൻ ആലോചിച്ചു .. ഈ ദുഷ്ടന്റെ കൈകൊണ്ട് ചാവുന്നതിൽ ഭേദം രാമബാണമേറ്റ് മൃതിയടയുന്നതാണ് . പോവുക തന്നെയെന്ന് ചിന്തിച്ച് മാരീചൻ ഒരു സ്വർണ നിറമുള്ള മാനായി വേഷം മാറി പഞ്ചവടിയിലേക്ക് പോയി..
തൊട്ടു പിറകേ തേരിലേറി രാവണനും.
Discussion about this post