ശ്രീരാമ കാര്യാർത്ഥമായി പോകുന്ന ഹനുമാന്റെ ബലമൊന്ന് പരീക്ഷിച്ചാൽ കൊള്ളാമെന്നായി ദേവകൾക്ക് . ഹനുമാനെ പരീക്ഷിക്കാൻ നാഗമാതാവായ സുരസയെ വിട്ടു അവർ .
ഹനുമാൻ പോകുന്ന വഴി വാ പിളർന്നു നിന്നു സുരസ .. ഇതുവഴി പോകുന്നവരെ പിടിച്ചു തിന്നാനാണ് എന്നോട് ഈശ്വരൻ പറഞ്ഞിരിക്കുന്നത് . നല്ല വിശപ്പുമുണ്ട് . വരൂ കപി വര എനിക്ക് ഭക്ഷണമാകൂ .. സുരസ പറഞ്ഞു..
ഇതെന്ത് കഷ്ടമെന്ന് ഹനുമാൻ .. പോയി സീതയെ കണ്ടതിനു ശേഷം രാമനോട് കാര്യം പറഞ്ഞ് വന്ന് സുരസയ്ക്കാഹാരമാകാമെന്ന് പറഞ്ഞു നോക്കി .
ഒരു രക്ഷയുമില്ല .. നല്ല വിശപ്പ് .. ഹനുമാനെ തിന്നേ പറ്റൂവെന്ന് സുരസയും..
എങ്കിൽ പിന്നെ എന്നെ തിന്നാനുള്ള വായ് ഉണ്ടോ നിങ്ങൾക്ക് .. ഹനുമാൻ ഒരു യോജന വളർന്നു.. ദാ കണ്ടോ എന്ന് പറഞ്ഞ് വായ് അഞ്ചു യോജന വിസ്തൃതിയിലാക്കി സുരസ..
ഹനുമാനപ്പോൾ പത്ത് യോജന വളർന്നു .സുരസ വാ ഇരുപതു യോജന പിളർന്നു. എന്നാൽ ദേ നോക്കൂ മുപ്പത് യോജനയായി ഹനുമാൻ . വിടില്ല ഞാൻ എന്ന് പറഞ്ഞ് സുരസ അൻപത് യോജന വാ വലുതാക്കി ..
ഹനുമാൻ വിരലോളം ചെറുതായി വായിൽ കയറി ചെവിയിൽ കൂടി പുറത്തു വന്നു .. സുരസയെ നമസ്കരിച്ചു .. സുരസ പൊട്ടിച്ചിരിച്ചു . പരീക്ഷിക്കാൻ ദേവകൾ അയച്ചതാണെന്ന് ഉള്ള കാര്യം പറഞ്ഞു. ഹനുമാനെ അനുഗ്രഹിച്ച് ദേവലോകത്തേക്ക് തിരിച്ചു പോയി.
ഹനുമാൻ യാത്ര തുടർന്നു .. സമുദ്രം ആലോചിച്ചു . രാമ ദൂതനെ സത്കരിക്കാതെ വിടുന്നതെങ്ങനെ .. മൈനാക പർവ്വതത്തോട് ഹനുമാനെ സത്കരിക്കാൻ പറഞ്ഞു വിട്ടു. ഉയർന്നു വന്ന മൈനാകം ഫലമൂലാദികൾ കൊണ്ട് സത്കരിക്കാൻ ഹനുമാനെ ക്ഷണിച്ചു..
രാമ കാര്യാർത്ഥമായി പോകുകയാണ് . ഇടയ്ക്കൊരു വിശ്രമമില്ല . ഭക്ഷണം ഞാൻ കഴിച്ചെന്ന് കരുതിക്കോളൂ എന്ന് പറഞ്ഞ് ഹനുമാൻ നിഷ്ക്രമിച്ചു.
അടുത്ത ഊഴം ഛായാഗ്രഹണി എന്ന രാക്ഷസിയുടേതായിരുന്നു. നിഴലിൽ പിടിച്ചു നിർത്തിയാണ് രാക്ഷസി ആളെ കൊല്ലുന്നത് . ഹനുമാന്റെ നിഴലിൽ പിടിച്ചു നിർത്തി അവൾ . ഇതാരാണ് പിടിച്ചു നിർത്തിയതെന്ന് ഹനുമാൻ നോക്കിയപ്പോൾ ഒരു രാക്ഷസി പല്ലിളിക്കുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഒരു ചവിട്ടു കൊടുത്തു . ഛായാഗ്രഹണി കാലപുരിയിൽ പോയി സുഖിച്ചിരുന്നു.
സൂര്യൻ അസ്തമിച്ചു.. ഹനുമാൻ ലങ്കയിലും പ്രവേശിച്ചു. ലങ്കാപുരത്തിനകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ വലിയൊരലർച്ച ..
ഇതാരാണ് അടുത്തത് എന്ന് ഹനുമാൻ ആലോചിച്ചു നിൽക്കവേ നിശാചര വേഷം ധരിച്ച് ലങ്കാലക്ഷ്മി പ്രത്യക്ഷയായി.. വന്നപാടെ ഹനുമാന്റെ നെഞ്ച് നോക്കി ഒറ്റയിടി . ഇരുവരും തമ്മിൽ യുദ്ധമായി…
ഹനുമാനും വിട്ടില്ല .. കൊടുത്തു ലങ്കാലക്ഷ്മിക്ക് ഇടത്തു കൈകൊണ്ട് ഒരിടി .ഹനുമാന്റെ ഒറ്റയിടിക്ക് ചോര ഛർദ്ദിച്ചു ലങ്കാലക്ഷ്മി ബോധം കെട്ടു. ബോധം വന്നപ്പോൾ എല്ലാം ഓർമ്മ വന്നു.
പണ്ട് ബ്രഹ്മാവ് ഇക്കാര്യം പറഞ്ഞിരുന്നു . സീതയെ അന്വേഷിച്ച് ഒരു വാനരൻ എത്തും . അവന്റെ കയ്യിൽ നിന്ന് നല്ല തല്ലു കിട്ടിയാൽ അപ്പോ വിചാരിച്ചു കൊള്ളണം ലങ്ക വിടാൻ സമയമായെന്ന്.ഹനുമാന് വിജയമാശംസിച്ച് ലങ്കാലക്ഷ്മി ലങ്ക വിട്ടു.
ഹനുമാൻ ലങ്കാപുരത്തിൽ കടന്നു. രമ്യ ഹർമ്യങ്ങൾ തോറും സീതയെ അന്വേഷിച്ചു നടന്നു. അപ്പോഴാണോർത്തത് . അശോകവനത്തിലാണല്ലോ ദേവിയെ പാർപ്പിച്ചിരിക്കുന്നത് . ഉദ്യാനങ്ങളൊക്കെ തിരഞ്ഞു .
അതാ കണ്ണുനീർ വാർത്ത് ഭയ വിഹ്വലയായി സീതാദേവി രാമ നാമം ജപിച്ച് ശിംശപ വൃക്ഷച്ചുവട്ടിൽ. ചുറ്റും നിശാചരികൾ. ഹനുമാൻ പതുക്കെ ഒരു വൃക്ഷത്തിൽ കയറി മറഞ്ഞിരുന്നു.
പെട്ടെന്ന് ചില ശബ്ദങ്ങൾ കേൾക്കായി . പരിചാരകരുമായി രാവണന്റെ വരവാണ്. ഹനുമാൻ ശ്വാസം പിടിച്ചിരുന്നു.
രാവണൻ വന്നു .. മുൻപ് പറഞ്ഞു കൊണ്ടിരുന്നത് തന്നെ വീണ്ടും ആവർത്തിച്ചു.
രാമനെക്കൊണ്ട് കാര്യമൊന്നുമില്ല . എന്നെ വരിക്കണം . അവൻ നിന്നെ കണ്ടെത്തുകയില്ല . അഥവാ ഇവിടെ വന്നാൽ ആ നിമിഷം ഞാനവനെ കാലപുരിക്കയക്കും .കാലനു പോലും എന്നെ പേടിയാണ്. രാവണൻ പറഞ്ഞു നിർത്തി.
സീത ഒരു പുൽക്കൊടി പറിച്ച് രാവണന്റെ മുന്നിലേക്കിട്ടു.
നീയെനിക്കിതിനു തുല്യനാണ് . ശ്രീരാമൻ വരും . കടൽ കടന്നും വരും . നിന്നെ കൊല്ലുകയും ചെയ്യും .. നീ തയ്യാറായിക്കോളൂ..
രാവണനു ദേഷ്യം പിടിച്ചു . വാളെടുത്ത് സീതയെ വെട്ടാൻ ഓങ്ങി . രാവണ പത്നിയായ മണ്ഡോദരി വന്ന് കൈ പിടിച്ചു. സ്ത്രീകളെ വധിച്ച് ദുഷ്കീർത്തി വാങ്ങിക്കൂട്ടരുത് . ഭവാൻ കാത്തിരിക്കൂ .. സീത അങ്ങേക്ക് വശംവദയാകും.
രാവണൻ ദേഷ്യമടക്കി തിരിച്ചു പോയി.
രാത്രിയായി .. നിശാചരികളുറങ്ങി .. ഹനുമാൻ പതുക്കെ രാമകഥ പറയാനാരംഭിച്ചു . അതുവരെ കരഞ്ഞു കൊണ്ടിരുന്ന സീത ആകാംക്ഷയോടെ നോക്കി .. ആരെയും കാണുന്നില്ല .. എല്ലാം കേട്ടിരുന്നു. തനിക്കിനി വട്ടു പിടിച്ചോ എന്ന് വിചാരിച്ചു.
ആരെങ്കിലും പറയുന്നതാണെങ്കിൽ ദൈവമേ അവരെന്റെ മുന്നിൽ വരേണമേ എന്ന് പ്രാർത്ഥിച്ചു.
ഹനുമാൻ പതുക്കെ താഴെ ഇറങ്ങി .. സീതാദേവിയെ നമസ്കരിച്ചു.
എല്ലാ വിവരങ്ങളും അടയാള വാക്യവും പറഞ്ഞു. അംഗുലീയം ദേവിയെ കാണിച്ചു. സീതാദേവിക്ക് സന്തോഷമായി .. രാമനു നൽകാൻ ചൂഡാരത്നം കൊടുത്തു. പോയി രാമനെ എല്ലാം അറിയിക്കൂ എന്ന് അനുജ്ഞയും നൽകി .. ഹനുമാൻ സീതാദേവിയെ തൊഴുതു . അശോകവനത്തിൽ നിന്ന് പുറത്തിറങ്ങി.
എന്തായാലും വന്നു . വന്ന വിവരം രാവണനെ ഒന്നറിയിക്കുക തന്നെ .. ശ്രീരാമന്റെ ദൂതൻ മോശക്കാരനാകരുതല്ലോ ..
ഹനുമാൻ ഉദ്യാനം പൊടിച്ചു തുടങ്ങി. വൃക്ഷങ്ങളൊക്കെ പിഴുത് അങ്ങോടിങ്ങോട് എറിഞ്ഞു. കിട്ടുന്ന പഴങ്ങളൊക്കെ പറിച്ച് ഭക്ഷിച്ചു. വഴിയേ പോയ രാക്ഷസ സ്ത്രീകളെ ഓടിച്ചു വിട്ടു. ആകെ ബഹളമായി.
രാക്ഷസികൾ നിലവിളിച്ചാർത്ത് രാവണ സവിധത്തിലെത്തി സംഭവങ്ങൾ അറിയിച്ചു .
പോയി ആ കുരങ്ങനെ പിടിച്ചു കെട്ടൂ . അല്ലെങ്കിൽ തീർത്തേക്കൂ എന്ന് പറഞ്ഞ് രാക്ഷ സൈന്യത്തെ വിട്ടു . വലിയൊരു വൃക്ഷം പിഴുതെടുത്ത് രാക്ഷസക്കൂട്ടത്തെ ഹനുമാൻ അടിച്ചു നാശമാക്കി.
പഞ്ചവീരന്മാർ പോകട്ടെയെന്ന് രാവണൻ .. വാ വാ എന്ന് ഹനുമാൻ. അഞ്ചുപേരും അഞ്ചു നിമിഷമെടുത്തില്ല ഹനുമാന്റെ തല്ലു കൊണ്ട് കാലപുരിയിൽ പോയി.
രാവണൻ കോപിച്ച് കണ്ണ് കാണാതെയായി.. മന്ത്രിപുത്രന്മാരെ പറഞ്ഞു വിട്ടു . ഒരു ഫലവുമുണ്ടായില്ല . വന്നതിനേക്കാൾ വേഗത്തിൽ അവരും കാലന്റെ അടുത്തെത്തി.
രാവണന്റെ മകൻ അക്ഷകുമാരൻ വന്നു ഹനുമാനോടേറ്റു . പറന്നു ചെന്ന് ഗദ കൊണ്ട് ഒറ്റയടി . അക്ഷകുമാരൻ തല തകർന്ന് മരിച്ചു.
രാവണൻ വിലാപം തുടങ്ങി.പുത്രനായ ഇന്ദ്രജിത്ത് വന്നു ആശ്വസിപ്പിച്ചു.
ഇതാ വരുന്നു അവനെ പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്നു പറഞ്ഞു പുറപ്പെട്ടു.
ഹനുമാനോട് യുദ്ധം തുടങ്ങി . അതിഭീഷണമായ യുദ്ധം. ഹനുമാന്റെ ശരീരം കീറി മുറിഞ്ഞു. വഴിയിൽ നിന്ന ഒരു തൂണു വലിച്ച് പിഴുത് ഇന്ദ്രജിത്തിന്റെ തേരും തകർത്ത് കുതിരകളേയും സാരഥിയേയും കൊന്നു. ചാടി മാറിയ രാവണ പുത്രൻ ബ്രഹ്മാസ്ത്രമെയ്തു.
ബ്രഹ്മാസ്ത്രത്തെ ബഹുമാനിച്ച് ഹനുമാൻ അതിനു കീഴടങ്ങി. ഇന്ദ്രജിത്ത് ഹനുമാനെ കെട്ടി വലിച്ച് രാവണന്റെ മുന്നിലെത്തിച്ചു.
Discussion about this post