പത്മനാഭാ വെട്ടെടാ എന്റെ കഴുത്തിൽ ..
കല്ലേപ്പിളർക്കുന്ന കൽപ്പന കേട്ട പത്മനാഭൻ തമ്പി ഉടവാളെടുത്ത് ജ്യേഷ്ടന്റെ കഴുത്തിലേക്ക് ആഞ്ഞുവെട്ടി. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നുകം മാതൃരാജ്യത്തിന്റെ കഴുത്തിൽ നിന്ന് മാറ്റാൻ പോരാടിയ ആ ധീരദേശാഭിമാനിയുടെ ജീവൻ അങ്ങനെ ശ്രീപദ്മനാഭ പാദങ്ങളിൽ ലയിച്ചു.
നിമിഷങ്ങൾക്കകം മണ്ണടി ഭഗവതി ക്ഷേത്രത്തിന്റെ വാതിലുകൾ വെട്ടിപ്പൊളിയ്ക്കപ്പെട്ടു . ശ്രീകോവിലിലേക്ക് ആർത്തിരമ്പിയെത്തിയ ബ്രിട്ടീഷ് കൂലിപ്പട്ടാളം കയ്യിൽ ചോര പുരണ്ട വാളുമായി നിൽക്കുന്ന പദ്മനാഭൻ തമ്പിയെയാണ് കണ്ടത്. തൊട്ടടുത്ത് തല വെട്ടിമാറ്റപ്പെട്ട നിലയിൽ തിരുവിതാംകൂറിന്റെ മുൻ ദളവയുടെ ശരീരവും.
പരിക്ഷീണമെങ്കിലും വീരത്വം സ്ഫുരിക്കുന്ന മുഖം, ദീർഘനാളായുള്ള അലച്ചിൽ ശരീരത്തെ അൽപ്പം പോലും ബാധിച്ചിട്ടില്ല .സന്തത സഹചാരിയായ ഉടവാൾ തൊട്ടടുത്ത് തന്നെ വിശ്രമിക്കുന്നുണ്ട് . എതിരാളികളാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായത് കൊണ്ടാകണം സ്വർണപ്പിടിയുള്ള കഠാരി താൻ തന്നെ ശരീരത്തിൽ കുത്തിയിറക്കിയിട്ടുണ്ട് . ബ്രിട്ടീഷ് പട്ടാളത്തിന് തന്നെ ജീവനോടെ പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചാരിതാർത്ഥ്യം ആ മുഖത്ത് നിന്ന് നമുക്ക് വായിക്കാൻ കഴിയും ..
അതെ തലക്കുളത്ത് വേലായുധൻ ചെമ്പകരാമൻ തമ്പി അവസാന ശ്വാസത്തിലും അഭിമാനം സംരക്ഷിക്കുക തന്നെ ചെയ്തു ..
1765 മേയ് ആറിന് കൽക്കുളം വില്ലേജിലെ തലക്കുളം വലിയവീട്ടിലാണ് വേലായുധൻ ചെമ്പകരാമൻ തമ്പിയെന്ന വേലുത്തമ്പിയുടെ ജനനം . മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് രാജ്യത്തിനു നൽകിയ സേവനം കണക്കിലെടുത്ത് ചെമ്പകരാമൻ പട്ടം ലഭിച്ച കുടുംബമായിരുന്നു വേലുത്തമ്പിയുടേത്.
ധർമ്മ രാജാവെന്ന് പേരുകേട്ട രാമവർമ്മ മഹാരാജാവിന്റെ പിൻഗാമി
അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടെ ഭരണകാലം . കഴിവും പ്രാപ്തിയും ധൈര്യവും ഭരണകുശലതയുമുണ്ടായിരുന്ന വേലായുധൻ തമ്പി മാവേലിക്കര താലൂക്കിന്റെ കാര്യക്കാരായി നിയമിക്കപ്പെട്ടു .
തന്റെ മുൻഗാമികളെപ്പോലെ ഭരണ പരിചയമോ കാര്യശേഷിയോ ഇല്ലാത്ത രാജാവായിരുന്നു അവിട്ടം തിരുനാൾ . ഏതാനും ചില സ്തുതിപാഠകന്മാരുടെ പിടിയിലായിരുന്നു അദ്ദേഹം . അതിൽ പ്രധാനിയായിരുന്നു ജയന്തൻ ശങ്കരൻ നമ്പൂതിരി. ദിവാൻ പദവി ലക്ഷ്യമിട്ട് ഉപജാപങ്ങൾ നടത്തിയ നമ്പൂതിരിയുടെ കൂട്ടാളികൾ തക്കല ശങ്കരനാരായണൻ ചെട്ടിയും മാത്തൂത്തരകനുമായിരുന്നു .
ധർമ്മ രാജാവിന്റെ കാലത്ത് തിരുവിതാംകൂറിന്റെ താങ്ങും തണലുമായി നിലകൊണ്ട ദിവാൻ രാജാകേശവദാസനെ രാജാവിൽ നിന്ന് അകറ്റുവാനായിരുന്നു ശങ്കരൻ നമ്പൂതിരി ആദ്യം ശ്രമിച്ചത് . ദിവാനുള്ളപ്പോൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ നടത്താനാകില്ലെന്ന് നമ്പൂതിരിക്കും കൂട്ടാളികൾക്കും മനസ്സിലായിരുന്നു .
മഹാരാജാവിനെ സ്വാധീനിച്ച് കരപ്പുറം എന്ന സ്ഥലം കൊച്ചി രാജ്യത്തിന് മടക്കിക്കൊടുക്കണമെന്ന് രാജകീയ നീട്ടു വാങ്ങാൻ നമ്പൂതിരിക്കായി . എന്നാൽ തക്കസമയത്ത് രാജാ കേശവദാസൻ ഇടപെട്ട് രാജകീയ നീട്ട് തിരിച്ചു വാങ്ങി . രാജ്യത്തിന് ഗുണമായ കാര്യമാണ് ദിവാൻ ചെയ്തതെങ്കിലും തന്റെ രാജകീയ നീട്ട് തിരിച്ചു വാങ്ങിയതിൽ രാജാവിന് അമർഷമായി .
ധർമ്മരാജാവ് ഉപയോഗിച്ചിരുന്ന പല്ലക്കിൽ ഒരിക്കൽ ജയന്തൻ ശങ്കരൻ നമ്പൂതിരി യാത്രചെയ്തത് ദിവാന് സഹിക്കാനായില്ല . ഇതിനെതിരെ ശക്തമായ പദ പ്രയോഗങ്ങൾ ദിവാൻ നടത്തി . ഈ സംഭവം കഴിഞ്ഞ് അധിക ദിവസങ്ങൾ കഴിയുന്നതിനു മുൻപ് രാജാവ് വിലക്കു നീട്ടൽ എന്ന പിരിച്ചുവിടൽ വിളംബരം നടത്തുകയും രാജാകേശവദാസനെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു . കുറച്ച് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു . ഉപജാപക സംഘങ്ങൾ അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നതാണെന്ന് വിശ്വസിക്കപ്പെട്ടു.
ഇസ്ലാമിക ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞ ഏക നാട്ടു രാജ്യമെന്ന ഖ്യാതി തിരുവിതാംകൂറിനു നൽകിയ മഹാനായ ദളവ രാജാ കേശവദാസൻ വീട്ടു തടങ്കലിൽ കിടന്ന് മരിച്ചത് പ്രജകളെ രോഷം കൊള്ളിച്ചു .രാജാ കേശവദാസൻ മരിച്ചതിന്റെ നാലാം ദിവസം ജയന്തൻ ശങ്കരൻ നമ്പൂതിരി സർവ്വാധികാര്യക്കാരായി , ധനമന്ത്രിയായി തക്കല ശങ്കരനാരായണൻ ചെട്ടിയും ഉപദേശകനായി മാത്തൂത്തരകനും നിയമിതനായി.
ഖജനാവ് നിറച്ച് രാജാവിനെ സന്തോഷിപ്പിക്കാൻ തീരുമാനിച്ച മൂവർ സംഘം ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാനാരംഭിച്ചു .സംഭാവന നൽകാത്തവരെ എന്തും ചെയ്യാനുള്ള അധികാരം രാജാവിൽ നിന്ന് വാങ്ങുകയും ചെയ്തു.
മുൻ കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഓരോരുത്തരെ വിളിച്ചു വരുത്തി അവരുടെ പേരിനു നേരേയുള്ള ഭീമമായ തുക അടയ്ക്കാൻ കൽപ്പിച്ചു . അനുസരിക്കാത്തവർക്ക് ചാട്ടവാറടിയും മറ്റ് ദണ്ഡനങ്ങളും .പണം അടയ്ക്കാൻ വിളിച്ചു വരുത്തിയവരിൽ മാവേലിക്കര കാര്യക്കാരും പെട്ടു . അഭിമാനിയായ തലക്കുളത്ത് വേലുത്തമ്പി പക്ഷേ പണം കൊടുക്കാൻ തയ്യാറല്ലായിരുന്നു . നാഞ്ചിനാട്ടിൽ പോയി പണം ശേഖരിച്ച് എത്താമെന്ന് പറഞ്ഞ് തമ്പി തിരിച്ചു പോയി .
മൂവർ സംഘത്തിന്റെ ദുർഭരണം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ച വേലുത്തമ്പി നാഞ്ചിനാട്ടിലെത്തി ഗ്രാമത്തലവന്മാരെ ഒരുമിച്ച് കൂട്ടി. ആലപ്പുഴ വരെയുള്ള ജനങ്ങളോട് ജനകീയ പ്രക്ഷോഭത്തിന് തയ്യാറാകാൻ വേലുത്തമ്പി ആഹ്വാനം ചെയ്തു .
വേലുത്തമ്പിയെ പിടിച്ചുകെട്ടി തിരുവനന്തപുരത്തെത്തിക്കാൻ രാജശാസനം വന്നു . എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്ന ചിന്തയോടെ വേലുത്തമ്പിയും കൂട്ടരും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു . ലഹളക്കാർ തിരുവനന്തപുരത്തെത്തി കൊട്ടാരത്തിനു പുറത്ത് താവളമടിച്ചു .
ജനകീയ പ്രക്ഷോഭത്തേയും ശൂരനായ നേതാവിനേയും പിണക്കുന്നത് നന്നല്ലെന്ന് തോന്നിയ രാജാവ് ഒത്തുതീർപ്പിനൊരുങ്ങി . വലിയ സർവ്വാധികാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയേയും കൂട്ടാളികളായ ശങ്കരനാരായണൻ ചെട്ടിയേയും മാത്തൂത്തരകനേയും പിരിച്ചു വിട്ടുകൊണ്ടുള്ള രാജശാസനം നിലവിൽ വന്നു . നമ്പൂതിരിയെ നാടു കടത്തി . മറ്റ് രണ്ട് പേരുടെ ചെവികളറുത്ത് ജയിലിലടച്ചു.
പിന്നീട് ചിറയിൻ കീഴിൽ അയ്യപ്പൻ ചെമ്പകരാമൻ പിള്ള സർവ്വാധികാര്യക്കാരായി . മാന്യമായ ഭരണം നടത്തിയ അദ്ദേഹം സമൂഹത്തിലെ അസംതൃപ്തി ശമിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. വേളുത്തമ്പിക്ക് മുളക് മടിശ്ശീല കാര്യക്കാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു .അതിനു ശേഷം കൊല്ലവർഷം 977 ൽ വേലുത്തമ്പി തിരുവിതാംകൂറിന്റെ ദളവയായി സ്ഥാനമേറ്റു .
രാജാ കേശവദാസനെ പിരിച്ചു വിട്ടത് മുതൽ കുത്തഴിഞ്ഞു പോയ റവന്യൂ , സിവിൽ , നീതിന്യായം , സൈനികം തുടങ്ങിയ വകുപ്പുകളെ അദ്ദേഹം നേരിട്ടേറ്റെടുത്തു . അഴിമതിക്കാർക്കും കള്ളന്മാർക്കും യാതൊരു ഇളവും അനുവദിച്ചില്ല . അസാധാരണ കഴിവും ധൈര്യവുമുള്ള വേലുത്തമ്പി ദളവയുടെ ഭരണം സ്വേച്ഛാധിപത്യപരമയിരുന്നെങ്കിലും ജനക്ഷേമകരമായിരുന്നു .
ജനങ്ങളുടെ ഇടയിൽ ശാന്തിയും സമാധാനവും വിശ്വാസവും ഉണ്ടാക്കാനാവശ്യമായ നീക്കങ്ങൾ അദ്ദേഹം നടത്തി ഉദ്യോഗസ്ഥർ ജനസേവനം കൃത്യമായി ചെയ്യുമെന്ന് അദ്ദേഹം ജനങ്ങൾക്കുറപ്പ് നൽകി . കൃത്യവിലോപം വരുത്തുന്നവരെ കഠിനമായി ശിക്ഷിച്ചു . ആകെക്കൂടെ നാഥനുള്ള രാജ്യമായി തിരുവിതാംകൂർ മാറി.
അതി കഠിനമായ ശിക്ഷകളായിരുന്നു കുറ്റക്കാർക്ക് ലഭിച്ചിരുന്നത് .സർക്കാർ രേഖകളിൽ കൃത്രിമം കാണിച്ചാൽ വലതു കയ്യോ പെരുവിരലോ മുറിച്ചു കളയും . കള്ളസാക്ഷി പറയുന്നവരുടെ മൂക്കും ചെവിയും അറുത്തു കളയും. കർഷകരെ ദ്രോഹിക്കുന്നവർക്ക് കഠിനമായ ശിക്ഷയായിരുന്നു കൊടുത്തിരുന്നത് . സ്ത്രീകളെ അപമാനിച്ചാലോ ബലാത്സംഗം ചെയ്താലോ പരമോന്നത ശിക്ഷയായിരുന്നു അദ്ദേഹം കൊടുത്തിരുന്നത് .
സുഹൃത്തുക്കളുടേയോ ബന്ധുജനങ്ങളുടേയോ യാതൊരു ശുപാർശയും അദ്ദേഹം അംഗീകരിച്ചിരുന്നില്ല . ശുപാർശയുമായി ചെല്ലുന്നവർക്കും ശിക്ഷ ഉറപ്പായിരുന്നു . ഒരിക്കൽ തന്റെ അമ്മയുടെ ശുപാർശ കാരണം നിയമവിരുദ്ധമായി പ്രവർത്തിച്ച പാർവത്യകാരുടെ കൈ വിരൽ അമ്മയുടെ മുന്നിൽ വച്ച് തന്നെ അരിഞ്ഞെടുക്കാൻ വിധിച്ചയാളായിരുന്നു അദ്ദേഹം .
ജനങ്ങളുടെ പരാതികൾ നേരിട്ടു കേൾക്കാൻ ഉദ്യോഗസ്ഥരുമായി നാട്ടിലെങ്ങും സഞ്ചരിച്ചിരുന്ന വേലുത്തമ്പി തന്റെ മുന്നിൽ പരാതിയുമായി എത്തിയ എല്ലാവരേയും പ്രാധാന്യത്തോടെ തന്നെ സ്വീകരിച്ചു. തെറ്റ് ചെയ്തവന് അവിടെ വച്ചു തന്നെ , അത് വധശിക്ഷയായാലും നടപ്പിലാക്കിയിട്ടേ അദ്ദേഹം അടുത്ത ദിക്കിലേക്ക് പോകുമായിരുന്നുള്ളൂ .
ഒരു കേസിന്റെ വിസ്താരത്തിനും വിധി നടപ്പാക്കാനും നാലഞ്ചു മണിക്കൂറിലധികം സമയം അദ്ദേഹം ചെലവാക്കിയിരുന്നില്ല. കൊലപാതകക്കുറ്റത്തിനുള്ള കേസാണെങ്കിൽ കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ പ്രതികളെ എവിടെ വച്ചാണോ വിധി പറഞ്ഞത് അവിടെ വച്ച് തൂക്കിക്കൊല്ലുന്നത് കണ്ടതിനു ശേഷമേ അദ്ദേഹം അടുത്ത സ്ഥലത്തേക്ക് പോയിരുന്നുള്ളൂ.
ധർമ്മനിഷ്ഠമെങ്കിലും നിർദ്ദയമായ ഇത്തരം നടപടികൾ കള്ളന്മാരേയും കൊള്ളക്കാരേയും ഒതുക്കുവാൻ സഹായിച്ചുവെന്നതിൽ സംശയമില്ല . വ്യാപാരികൾക്കും പണമിടപാട്കാർക്കും ആരെയും ഭയക്കാതെ എത് രാത്രിയിലും യാത്ര ചെയ്യാമെന്ന അവസ്ഥയായി . രാത്രികാലങ്ങളിൽ വാതിലുകൾ തുറന്നിട്ട് ഭയലേശമെന്യേ ഉറങ്ങാൻ നാട്ടുകാർക്ക് സാധിച്ചിരുന്നു .
ഭൂമിയുടെ കൃത്യമായ വിസ്തീർണം കണ്ടുപിടിക്കാനും അതനുസരിച്ച് ന്യായമായ നികുതി ഈടാക്കാനും തുടങ്ങിയതോടെ സർക്കാരിന്റെ സമ്പത്ത് അഭിവൃദ്ധിപ്പെട്ടു .കേട്ടെഴുത്തിനു പകരം കണ്ടെഴുത്ത് നടപ്പിലാക്കി അഴിമതി കുറച്ചു. ആലപ്പുഴ പട്ടണത്തെപ്പോലെ കൊല്ലം നഗരത്തെയും മാറ്റിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു. രാജാകേശവദാസന്റെ ഭരണമികവിന്റെ ഉദാഹരണമായ ആലപ്പുഴ പട്ടണത്തെ കൂടുതൽ വികസിപ്പിച്ചത് വേലുത്തമ്പിയാണ്.
മറ്റ് കമ്പോളങ്ങളുമായി ബന്ധിപ്പിക്കാനുതകുന്ന വിധം റോഡുകൾ നിർമ്മിക്കാൻ ഉത്തരവിട്ടതും നടപ്പാക്കിയതും വേലുത്തമ്പിയുടെ കാലത്താണ് .പാതിരാമണൽ ദ്വീപ് കൃഷിയോഗ്യമാക്കിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചു . ചുരുക്കത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും കാർഷിക മേഖലയും അഭിവൃദ്ധിപ്പെട്ടു. കള്ളവും കൊലയും കൊള്ളയടിക്കലും കുറയുകയും ചെയ്തു
മുൻഗാമിയായ രാജാകേശവദാസനെപ്പോലെ തന്റെ ഭരണകാലം മുഴുവൻ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി നയപരമായ സൗഹാർദ്ദത്തിൽ കഴിഞ്ഞുകൂടാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . എന്നാൽ അവർക്ക് കൊടുക്കാനുള്ള കപ്പത്തുകയായിരുന്നു ദളവയെ പ്രധാനമായും അലട്ടിയിരുന്നത്.
ഈ കപ്പത്തുക ഇരട്ടിപ്പിക്കാൻ ഈസ്റ്റ് ഇന്ത്യാക്കമ്പനി ശ്രമിച്ചത് രംഗം കൂടുതൽ വഷളാക്കി . ഉടമ്പടിയിൽ രാജാവിന് ഒപ്പു വയ്ക്കേണ്ടി വന്നു . തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളിൽ കമ്പനി റസിഡന്റായിരുന്ന മെക്കാളെ കൂടുതൽ ഇടപെട്ടു തുടങ്ങിയതോടെ വേലുത്തമ്പിയും കമ്പനിയും തമ്മിൽ തെറ്റി.
ബ്രിട്ടീഷുകാരന്റെ ഇച്ഛയ്ക്കനുസരിച്ച് രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കപ്പെടുന്നതിൽ ഒരു കരുവാകാൻ താനൊരുക്കമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു . മെക്കാളെയാകട്ടെ വേലുത്തമ്പി ദളവസ്ഥാനം ഒഴിയണമെന്നും ചിറയ്ക്കൽ പോയി 500 രൂപ പെൻഷൻ പണം പറ്റി താമസിക്കണമെന്നും ആവശ്യപ്പെട്ടു .
കപ്പത്തുക കൊടുക്കാൻ ദളവ ഭഗീരഥ പ്രയത്നം ചെയ്യുന്ന കാലത്താണ് മെക്കാളെ ഇങ്ങനെയൊരു നിലപാട് എടുത്തത് . അഭിമാനം വ്രണപ്പെട്ട ദളവ മെക്കാളെയോട് പ്രതികാരം ചെയ്യാൻ തന്നെ തീർച്ചയാക്കി . രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ബ്രിട്ടീഷുകാർ ഒടുവിൽ രാജ്യം ഭരിക്കാനാണുദ്ദേശിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സൈനിക ശക്തി വർദ്ധിപ്പിക്കാൻ ദളവ തീരുമാനിച്ചു . പട്ടാളത്തിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കുവാൻ റിക്രൂട്ട്മെന്റ് ആരംഭിച്ചു. കോട്ടകൾ സുശക്തമാക്കി . വെടിമരുന്നു ആയുധങ്ങളും ശേഖരിച്ചു തുടങ്ങി . ബ്രിട്ടീഷുകാരിൽ നിന്ന് ആയിടയ്ക്ക് സ്വാതന്ത്ര്യം നേടിയ അമേരിക്കയുമായി കത്തിടപാടുകൾ നടത്താൻ ദളവ ശ്രമിച്ചു .മഹാരാഷ്ട്രരും ഫ്രഞ്ചുകാരുമായും സഖ്യത്തിന് ശ്രമിച്ചു.
റസിഡന്റായ മെക്കാളെയ്ക്കെതിരെ ഒരു മിന്നലാക്രമണം നടത്താൻ ദളവ തീരുമാനിച്ചു .ഒപ്പം കപ്പത്തുക അടയ്ക്കാൻ താൻ പ്രയത്നിക്കുകയാണെന്ന് റസിഡന്റിനെ ധരിപ്പിക്കുകയും ചെയ്തു . കൊച്ചിക്കോട്ട ആക്രമിച്ച് മെക്കാളെ പ്രഭുവിനെ കൊലപ്പെടുത്താൻ ദളവ ആലപ്പുഴയും പറവൂരുമുള്ള സൈനിക വിഭാഗത്തിന് ആജ്ഞ നൽകി .
വൈക്കം പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ ഒരു ചെറു സൈന്യത്തെ കൊല്ലത്ത് നിന്ന് അയച്ചു .മൂടിക്കെട്ടിയ വള്ളങ്ങളിൽ പുറപ്പെട്ട സൈന്യം ആലങ്ങാട് കേന്ദ്രീകരിച്ചതിനു ശേഷം കുഞ്ഞുക്കുട്ടിപ്പിള്ള സർവ്വാധി കാര്യക്കാരുടെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് പോയി . ഡിസംബർ 28 ന് രാത്രി തിരുവിതാംകൂർ സൈന്യം മെക്കാളെയുടെ വീടാക്രമിച്ചു .
പെട്ടെന്നൊരാക്രമണം മെക്കാളെ പ്രതീക്ഷിച്ചില്ല . കാര്യം മനസ്സിലാക്കിയ അയാൾ ഇരുളിന്റെ മറവിൽ രക്ഷപ്പെട്ട് കൊച്ചിയിലുണ്ടായിരുന്ന പിയഡ്മോൺസി എന്ന ബ്രിട്ടീഷ് കപ്പലിൽ കയറി രക്ഷപ്പെട്ടു . തിരുവിതാംകൂർ സൈന്യം വീടാക്രമിച്ച് കാവൽക്കാരെ വകവരുത്തി . മെക്കാളെയെ കിട്ടാത്തതിന്റെ നിരാശയോടെ തിരുവിതാംകൂറിലേക്ക് തിരിച്ചു പോയി . അനന്തരഫലം അറിയാമായിരുന്ന വേലുത്തമ്പിയും ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടു.
കൊച്ചിയിൽ നിന്ന് തിരുവിതാംകൂറിലേക്ക് തിരിച്ചു പോയ സൈന്യം വഴിമദ്ധ്യേ കണ്ട യൂറോപ്യൻ സൈനികരെ പിടിച്ചു കെട്ടി പള്ളാത്തുരുത്തിയാറ്റിൽ കെട്ടിത്താഴ്ത്തി . തിരുവിതാംകൂറിൽ സ്ത്രീവധം നിഷിദ്ധമായിരുന്നത് കൊണ്ട് മാത്രം അവരുടെ കൂടെയുണ്ടായിരുന്ന ഒരു യൂറോപ്യൻ സ്ത്രീ രക്ഷപ്പെട്ടു .
വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മെക്കാളെ വേലുത്തമ്പിയെ പരാജയപ്പെടുത്താനുള്ള വഴികൾ ആരാഞ്ഞു .കിട്ടാവുന്നിടത്തോളം സൈന്യത്തെ ഉടൻ കൊല്ലത്തേക്ക് അയയ്ക്കാൻ റസിഡന്റ് മെക്കാളെ കേണൽ കപ്പേജിനോട് അഭ്യർത്ഥിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളുടെ പിന്തുണ നേടാനുറച്ച വേലുത്തമ്പി 1809 ജനുവരി 11 ന് കുണ്ടറയിലെത്തി വിളംബരം നടത്തി . ഒരു വൈദേശിക ഭരണത്തോട് സന്ധിയില്ലാ സമരം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ദേശാഭിമാന പ്രചോദിതമായ ആ വിളംബരം പിൽക്കാലത്ത് കുണ്ടറ വിളംബരം എന്ന പേരിൽ പ്രസിദ്ധമായി .
ചരിത്രം സൃഷ്ടിച്ച ഈ വിളംബരത്തിൽ ബ്രിട്ടീഷുകാരെ കഠിനമായി വിമർശിച്ച വേലുത്തമ്പി അവർക്കെതിരെ പോരാടാൻ തിരുവിതാംകൂറിലെ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്തു.
കുണ്ടറ വിളംബരം ജനങ്ങളുടെ ആത്മവീര്യത്തെ ഉത്തേജിപ്പിച്ചു. ജനകീയ വിപ്ലവത്തിന്റെ കാഹളം മുഴങ്ങി . ദേശാഭിമാനത്താൽ പ്രചോദിതരായ നിരവധി ചെറുപ്പക്കാർ അരയും തലയും മുറുക്കി വേലുത്തമ്പി ദളവയുടെ കൊടിക്കീഴിൽ അണിനിരന്നു.
ജനുവരി 18 -)0 തീയതി കേണൽ ചാമേഴ്സിന്റെ സൈന്യവുമായി കൊല്ലത്ത് വച്ച് നടന്ന നിർണായക യുദ്ധത്തിൽ വേലുത്തമ്പിയുടെ സൈന്യം പരാജയപ്പെട്ടു . ദളവയ്ക്ക് സഹായം നൽകാമെന്നേറ്റിരുന്ന കൊച്ചിയിലെ പാലിയത്തച്ചനും ബ്രിട്ടീഷുകാരോട് പരാജയം സമ്മതിച്ച് പിൻവാങ്ങി.
തോൽവി ആസന്നമാണെന്നറിഞ്ഞിട്ടും അഭിമാനിയായ വേലുത്തമ്പി കീഴടങ്ങാൻ കൂട്ടാക്കിയില്ല . ചെറു സൈന്യങ്ങളെ സംഘടിപ്പിച്ച് അദ്ദേഹം വീണ്ടും യുദ്ധം ചെയ്തു. തിരുവിതാംകൂറിന്റെ തെക്കേ അതിർത്തിയിലെ ആരുവാമൊഴിയിൽ എത്തിയ കേണൽ ലോഗറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തോട് അദ്ദേഹം ഏറ്റുമുട്ടിയെങ്കിലും വിജയിക്കാനായില്ല.
പരാജയം ഉറപ്പായ ഘട്ടത്തിൽ വേലുത്തമ്പി രാജാവിനെ അവസാനമായി മുഖം കാണിക്കാനെത്തി . ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം പ്രഖ്യാപിച്ചതിനു പിന്നിൽ താൻ മാത്രമാണെന്നും രാജാവിനോ കൊട്ടാരത്തിനോ ഇതിൽ പങ്കില്ലെന്നും ബ്രിട്ടീഷുകാരെ അറിയിക്കാൻ ആ രാജ്യസ്നേഹി രാജാവിനോട് ആവശ്യപ്പെട്ടു . രാജ്യവും രാജാവും ജനങ്ങളും ബ്രിട്ടീഷുകാരുടെ രോഷത്തിന് പാത്രമാവരുത് എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ .
അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം ആ ധീരദേശാഭിമാനി തിരുവിതാംകൂടിന്റെ വടക്കൻ ദിക്കിലേക്ക് യാത്രയായി.
1809 മാർച്ച് 18 ന് വേലുത്തമ്പിയെ സർവ്വ അധികാരങ്ങളിൽ നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു . ഉമ്മിണിത്തമ്പി പുതിയ ദിവാനായി .
വേലുത്തമ്പിയെ പിടിക്കുന്നവർക്ക് അൻപതിനായിരം രൂപ സമ്മാനമായി നൽകുമെന്ന് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു . അദ്ദേഹത്തെ തിരയാൻ ഉമ്മിണിത്തമ്പി രാജ്യമെങ്ങും ഭടന്മാരെ അയച്ചു .
വേലുത്തമ്പി ഒളിച്ചിരുന്ന മണ്ണടിയിലെ ഒരു പഴയ തറവാട് മല്ലൻ പിള്ളയെന്ന കാര്യക്കാരുടെ നേതൃത്വത്തിലുള്ള പടയാളികൾ കണ്ടു പിടിച്ചു . പിടിക്കപ്പെടുമെന്ന് ഉറപ്പായ വേലുത്തമ്പി ദളവ ശത്രുക്കളുടെ കയ്യിൽ അകപ്പെടുന്നതിനേക്കാൾ മരണമാണഭികാമ്യമെന്ന് നിശ്ചയിച്ചു .
കൂടെയുണ്ടായിരുന്ന അനുജൻ പദ്മനാഭൻ തമ്പിയോട് തന്നെ വെട്ടിക്കൊല്ലാൻ ആജ്ഞാപിച്ചെങ്കിലും പദ്മനാഭൻ തമ്പി അതിനു തയ്യാറായില്ല . ഒടുവിൽ അരയിൽ സൂക്ഷിച്ചിരുന്ന കഠാരിയെടുത്ത് വേലുത്തമ്പി തന്റെ ശരീരത്തിൽ കുത്തിയിറക്കി . എന്നിട്ടും അദ്ദേഹം മരിച്ചില്ല . തന്റെ കഴുത്ത് വെട്ടിമാറ്റാൻ ഒരിക്കൽ കൂടീ അദ്ദേഹം അനുജനോട് ആവശ്യപ്പെട്ടു . ഹൃദയം നുറുങ്ങുന്ന വേദനയോടെ പദ്മനാഭൻ തമ്പി ജ്യേഷ്ടന്റെ തല ഒറ്റവെട്ടിന് കഴുത്തിൽ നിന്ന് വേർപെടുത്തി .
ആ ധീരദേശാഭിമാനിയുടെ ജഡത്തോട് പോലും ബ്രിട്ടീഷുകാർ പ്രതികാരം വീട്ടി . കണ്ണമ്മൂലയിൽ കൊണ്ട് വന്ന് വേലുത്തമ്പിയുടെ മൃതദേഹം പരസ്യമായി തൂക്കിയിട്ടു. പദ്മനാഭൻ തമ്പിയെ ഏപ്രിൽ 10 ന് തൂക്കിക്കൊന്നു.
വേലുത്തമ്പിയുടെ വീട് നിലം പരിശാക്കി വാഴയും ആവണക്ക് ചെടികളും വച്ചു ബന്ധുക്കളെ തെരഞ്ഞു പിടിച്ചു . ചിലരെ കൊന്നു . ബാക്കിയുള്ളവരെ മാലിദ്വീപിലേക്ക് നാടുകടത്താൻ കൊണ്ടു പോയി . ഇടയ്ക്ക് തൂത്തുക്കുടിയിൽ ഇറക്കിവിട്ടു . ഇതിൽ മിക്കവാറും പേരും പിന്നീട് കൊല്ലപ്പെട്ടു .
ഇതെല്ലാം ചെയ്തത് വേലുത്തമ്പിയുടെ പിൻ ഗാമിയായ ഉമ്മിണിത്തമ്പിയായിരുന്നു . വൈക്കം പദ്മനാഭപിള്ളയുൾപ്പെടെയുള്ള പ്രധാന വിപ്ലവകാരികളെ കൊല്ലം പുറക്കാട് പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് തൂക്കിക്കൊന്നു .
ബ്രിട്ടീഷ് അധികാരത്തിനു നേരേ വേലുത്തമ്പി ദളവ നയിച്ച വിപ്ലവം ക്രൂരമായി അടിച്ചമർത്തപ്പെട്ടു . ദേശീയ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ബ്രിട്ടീഷ് അധിനിവേശ ശക്തിക്കെതിരായി നടന്ന ആദ്യസ്വാതന്ത്ര്യ സമരങ്ങളിൽ ഒന്നാണ് വേലുത്തമ്പി നടത്തിയ പോരാട്ടം .
കടുത്ത ഭരണ നടപടികൾ സ്വീകരിച്ചുവെങ്കിലും അഴിമതിരഹിതമായ സ്വജനപക്ഷപാതമില്ലാത്ത പൊതുജീവിതത്തിനുടമയായിരുന്നു അദ്ദേഹം . സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമന്തന്മാരായി പല നാട്ടുരാജാക്കന്മാരും സസുഖം വാണ സമയത്താണ് വേലുത്തമ്പി ബ്രിട്ടനെതിരെ ആയുധമെടുക്കുന്നത് . രാജ്യത്തെ ജനങ്ങളെ തനിക്കൊപ്പം നിർത്താനും ഒരു ജനകീയ വിപ്ലവം ആരംഭിക്കാനും അക്കാലത്ത് അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്
നാടിന്റെ സ്വാതന്ത്ര്യത്തിനു വെണ്ടി ജീവൻ ബലിയർപ്പിച്ച ആദ്യ സ്വാതന്ത്ര്യ സമര യോദ്ധാക്കളിൽ പ്രധാനിയായ തലക്കുളത്ത് വലിയ വീട്ടിൽ വേലായുധൻ ചെമ്പകരാമൻ തമ്പിയെന്ന വേലുത്തമ്പി ജനഹൃദയങ്ങളിൽ ഇന്നും അനശ്വരനായി നിലകൊള്ളുന്നു .
Discussion about this post