പശുവെന്നാൽ അത് ആർ,എസ്,എസുകാരന്റെ ഉത്തരവാദിത്വമാണ് . പശുവുമായി ബന്ധപ്പെട്ട് എന്തു വന്നാലും അതിൽ ഉത്തരം പറയേണ്ടതും പരിഹാസം സഹിക്കേണ്ടതും എല്ലാം ആർ.എസ്.എസുകാരാണ് . ഗോമാതാവ് എന്ന സങ്കൽപ്പം 1925 നു ശേഷം ഉണ്ടായതാണ് . ഈ രീതിയിലാണ് പല പ്രചാരണവും നടക്കുന്നത് . ഒപ്പം വടക്കേയിന്ത്യൽ പശു ദിവ്യമായിരിക്കും . പക്ഷേ ഞങ്ങളുടെ കേരളം അങ്ങനെയൊന്നുമല്ല . പണ്ടേ അങ്ങനെയായിരുന്നുമില്ല എന്നതാണ് പലരുടേയും വാദം .
നമുക്കിതിന്റെ സത്യമൊന്ന് പരിശോധിക്കണ്ടേ ? ചോദ്യമിതാണ്
ഗോമാതാവെന്ന സങ്കൽപ്പത്തിന്റെ വിഷയത്തിൽ/ ഗോവധ നിരോധനത്തിന്റെ കാര്യത്തിൽ കേരളം വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായിരുന്നോ ?
ഉത്തരം ഒന്നേയുള്ളൂ ..
അല്ല !
എന്തേ വിശ്വാസം വരുന്നില്ലേ ?
വിഷയത്തിലേക്കെത്തുന്നതിനു മുൻപ് നമുക്കൊരാളെ പരിചയപ്പെടാം. ആൾ വെനീസുകാരനാണ് പതിമൂന്നാം നൂറ്റാണ്ടിൽ ലോകം ചുറ്റി സഞ്ചരിച്ച പ്രസിദ്ധനായ സഞ്ചാരി. ജീവിച്ചിരുന്ന കാലത്ത് ആളെപ്പറ്റി അന്നാട്ടുകാർക്ക് അത്ര മതിപ്പില്ലായിരുന്നു . താൻ സഞ്ചരിച്ച നാടുകളെപ്പറ്റി അയാളെഴുതിയ കുറിപ്പുകളെ പരിഹസിക്കുകയായിരുന്നു നാട്ടുകാരുടെ സ്ഥിരം പണി .
അങ്ങനെയിരിക്കെ നമ്മുടെ കഥാനായകൻ മരണക്കിടക്കയിലായി. ഇതുവരെ എഴുതിപ്പിടിപ്പിച്ച അതിശയോക്തിപരമായ കാര്യങ്ങൾ തള്ളിപ്പറഞ്ഞ് ദൈവകോപത്തിൽ നിന്നൊഴിവാകാൻ ബന്ധുക്കളും സുഹൃത്തുക്കളും അയാളെ ഉപദേശിച്ചു.. നിർബന്ധം സഹിക്ക വയ്യാതായപ്പോൾ മരണക്കിടക്കയിൽ അന്ത്യശ്വാസം വലിക്കാൻ കിടന്ന അയാൾ ചാടിയെണീറ്റിരുന്നു .ബന്ധുക്കളേയും കുടുംബക്കാരെയും നോക്കി ക്രുദ്ധനായി ഇങ്ങനെ പറഞ്ഞത്രെ .“കണ്ടതിന്റെയും അനുഭവിച്ചതിന്റെയും പകുതിപോലും ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല എന്നതാണ് പരമാർത്ഥം “
ലോകം ഏറ്റവും വിലപിടിപ്പുള്ളതെന്ന് കരുതുന്ന യാത്രാവിവരണങ്ങൾ എഴുതിയ ആൾ . യൂറോപ്പിനു പുറത്ത് അതിലും സാംസ്കാരികമായി ഉന്നത നിലയിലുള്ള രാഷ്ട്രങ്ങളും സംസ്കാരങ്ങളുമുണ്ടെന്ന് നേരിട്ട് കണ്ടറിഞ്ഞയാൾ .ആളിന്റെ പേര് മാർക്കോ പോളോ ..
ഇവിടെയെന്തിന് മാർക്കോ പോളോയെ കൊണ്ടു വരുന്നു എന്ന് സംശയിക്കുന്നുണ്ടാകും . പറയാം മാർക്കോ പോളോ കണ്ട കേരളത്തെക്കുറിച്ച് അദ്ദേഹം തന്റെ യാത്രാവിവരണത്തിൽ പറയുന്നുണ്ട് .
“ ജനങ്ങൾ വിഗ്രഹാരാധകരാണ് .പശുക്കളേയും കാളകളേയും അവർ ആരാധിക്കുന്നു. അവയെ കൊല്ലുകയോ അതിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യുന്നില്ല . ഗോഹത്യ മഹാപാപമാണ് “
പതിമൂന്നാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന കാര്യമാണ് പോളോ പറഞ്ഞത് . എഴുനൂറോളാം വർഷങ്ങൾക്ക് മുൻപ് പശുവിനെ പുണ്യമൃഗമായി ആരാധിച്ചിരുന്നു എന്നത് ചരിത്രവസ്തുതയാണെന്നതിന്റെ ഒരു തെളിവ്.
പശുവിനെ കൊല്ലുകയോ അതിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യുന്നവർക്ക് വധശിക്ഷ ലഭിക്കുകയെന്നതാണ് നിയമമെന്ന് പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളം സന്ദർശിച്ച ഇബിൻ ബത്തൂത്ത വ്യക്തമായി പറയുന്നുണ്ട് .
പതിനഞ്ചാം നൂറ്റാണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . കേരളം സന്ദർശിച്ച അബ്ദുൽ റസാഖ് എന്ന സഞ്ചാരി പറയുന്നതും ഇതിനോട് ചേർന്ന് നിൽക്കുന്ന അഭിപ്രായങ്ങളാണ് . മുസ്ളിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള ദൃഢമായ ബന്ധം എടുത്തുപറഞ്ഞ അബ്ദുൾ റസാഖ് സാമൂതിരിയുടെ ഗോവധ നിരോധന നിയമത്തെ മുസ്ളിങ്ങൾ അംഗീകരിച്ച് കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞിരുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്.സാമൂതിരി അധികാരമേൽക്കുന്നത് പോലും പശുവിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ്.
ഈസ്റ്റിന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഫോബ്സ് 1772-73 കാലത്ത് മലബാറിൽ ജോലി ചെയ്തിരുന്നു . അന്നത്തെ വിവരങ്ങൾ അദ്ദേഹത്തിന്റെ ഓറിയന്റൽ മെമ്മറീസ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
അതിൽ പശുവിനെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെ ..
“പശുക്കളെ പുണ്യമൃഗമായി കരുതി പരിപാലിക്കുന്നു . പശുക്കളെ ഉപദ്രവിക്കുകയോ വധിക്കുകയോ ചെയ്യാറില്ല . അപ്രകാരം ചെയ്യുന്നത് വലിയ കുറ്റമായി കരുതുന്നു “
കേരളത്തിൽ വിദേശ വ്യാപാരികളുമായും മറ്റും ഒപ്പു വയ്ക്കപ്പെട്ട ഉടമ്പടികളിലും പശു ഒരു പ്രധാന ഘടകമാണ് . പശുവിനെ തങ്ങൾ കൊല്ലില്ല എന്ന് പോർച്ചുഗീസുകാർ സമ്മതിച്ചു കൊണ്ടുള്ള ഉടമ്പടികൾ കൊച്ചിയിലും കൊല്ലത്തും എല്ലാം പ്രാബല്യത്തിൽ വന്നിട്ടുണ്ട് . 1544 ഒക്ടോബർ 25 ന് മാർട്ടിൻ ഡിസൂസ എന്ന പോർച്ചുഗീസ് ഗവർണറും കൊല്ലവുമായുള്ള ഉടമ്പടിയിൽ പശുവിനെ കൊല്ലില്ല എന്ന് പോർച്ചുഗീസുകാർ സമ്മതിച്ചിട്ടുള്ളതായി ചരിത്രത്തിലുണ്ട് .1740 സെപ്റ്റംബർ 29 ന് വടക്കുംകൂർ രാജ്യവുമായുള്ള ഉടമ്പടിയിൽ ഡച്ചുകാരും ഇത് സമ്മതിച്ചിട്ടുണ്ട്
കാലി സമ്പത്തും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൽ നിന്നാകണം പശുവിനെ പുണ്യമൃഗമായി ആചരിയ്ക്കുന്ന സമ്പ്രദായം ഉണ്ടായി വന്നത് . കാലി സംരക്ഷണമായിരുന്നു അന്ന് ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനം തന്നെ . പശുക്കളെ കൂട്ടമായി തളച്ചിരുന്ന സ്ഥലത്തിന് മൻറം എന്നായിരുന്നു പറഞ്ഞിരുന്നത് . മൻറത്തിന്റെ അധിപനാണ് പിന്നീട് മന്നനായി മാറിയത് . പശുക്കളെ മേച്ചിരുന്ന കോൽ ആണ് പിന്നീട് രാജാവിന്റെ അധികാര ചിഹ്നമായി മാറിയത്.
ചുരുക്കത്തിൽ പശുവിനെ പുണ്യമൃഗമായി കരുതിയിരുന്ന സമൂഹവും അതിനു തക്ക നിയമങ്ങളും മറ്റ് സ്ഥലങ്ങളിലെപ്പോലെ നമ്മുടെ ഈ കേരളത്തിലും ഉണ്ടായിരുന്നുവെന്നതാണ് സത്യം അത് ആർ,എസ്,എസ് 1925 ൽ നാഗപ്പൂരിൽ ആരംഭിച്ചതിനു ശേഷം കൊണ്ടു വന്നതല്ല .1940 കളുടെ തുടക്കത്തിൽ കേരളത്തിൽ വന്നപ്പോൾ കൊണ്ടു വന്നതുമല്ല. ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ സംഘടന എന്ന നിലയിലാണ് ആർ.എസ്.എസിന് ഗോമാതാ സങ്കൽപ്പവുമായി ബന്ധം . ഹിന്ദുവിന് ആ സങ്കൽപ്പം ഇല്ലായിരുന്നെങ്കിൽ ആർ,എസ്.എസിനും ഉണ്ടാകുമായിരുന്നില്ല എന്നർത്ഥം.
റഫറൻസ് :
കേരളത്തിന്റെ സാംസ്കാരിക ചരിത്രം : പി കെ ഗോപാലകൃഷ്ണൻ
ദ സാമൊറിൻസ് ഓഫ് കാലിക്കറ്റ് – കെ വി കൃഷ്ണ അയ്യർ
എ ഹിസ്റ്ററി ഓഫ് കേരള : സർദാർ കെ എം പണിക്കർ
ഹിസ്റ്ററി ഓഫ് കേരള : കെ പി പദ്മനാഭ മേനോൻ
സഞ്ചാരികൾ കണ്ട കേരളം : വേലായുധൻ പണിക്കശ്ശേരി