അധികാരത്തിന്റെ മത്തും മതമൗലികവാദത്തിന്റെ ഭ്രാന്തുമായിരുന്നു മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ അബുൾ മുസഫർ മൊഹിയുദ്ദീൻ മുഹമ്മദ് ചക്രവർത്തിയുടെ ഭരണത്തെ നയിച്ചിരുന്നത് . തന്റെ അധികാരത്തിനും മതത്തിനും ഭീഷണിയാവുമെന്ന് തോന്നിയ എല്ലാറ്റിനേയും ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട ചക്രവർത്തിക്ക് സാഹോദര്യമോ പിതൃ പുത്രബന്ധങ്ങളോ ഒരിക്കലും പ്രതിബന്ധമായില്ല . ഭാരതത്തിന്റെ മദ്ധ്യകാല ചരിത്രത്തിൽ അസഹിഷ്ണുതയുടേയും അധർമ്മത്തിന്റെയും വിത്തുകൾ പാകിയ ആ മുഗൾ ചക്രവർത്തിക്ക് മറ്റൊരു പേരുണ്ട് ..
ഔറംഗസീബ്..
തങ്ങളെ അടിച്ചമർത്തിയവരെ ആരാധിക്കുന്ന സോ കോൾഡ് വിശാല ചിന്താഗതിക്ക് ഈയടുത്ത് കിട്ടിയ ആഘാതമായിരുന്നു ഔറംഗസീബ് റോഡിന്റെ പുനർ നാമകരണം. ചരിത്രത്തോടുള്ള നീതികേടിന് ഡൽഹി നഗരസഭ പ്രായച്ഛിത്തം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഔറംഗസീബ് റോഡിന് പുതിയ പേരു കിട്ടി . അത് ഭാരതത്തിലെ യുവതലമുറ അഗ്നിച്ചിറകുകളിലൂടെ പുതിയ ആകാശങ്ങൾ തേടിപ്പിടിക്കുന്നത് സ്വപ്നം കണ്ട ഒരു രാഷ്ട്രസ്നേഹിയുടെ പേരായിരുന്നു .
അതെ . ഡോ. എ പി ജെ അബ്ദുൾ കലാം.
ഔറംഗസീബ് റോഡിനെ അബ്ദുൾ കലാം റോഡെന്ന് നാമകരണം ചെയ്തപ്പോൾ രാഷ്ട്രം കുടഞ്ഞ് കളഞ്ഞത് ചോരയിലും മതവിദ്വേഷത്തിലും ചാലിച്ച ഒരു ചരിത്രമാണ് . അച്ഛനെ ചങ്ങലക്കിട്ട, സഹോദരന്മാർക്ക് മരണശിക്ഷ വിധിച്ച , സഹോദര പുത്രന് സ്വന്തം കൈ കൊണ്ട് വിഷം നൽകിയ ചരിത്രത്തിലെ ക്രൂരനായ ഭരണാധികാരിയുടെ ഓർമ്മകളാണ് .കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രവും ഗുജറാത്തിലെ സോമനാഥ ക്ഷേത്രവും തകർത്തെറിഞ്ഞ നൃശംസതയുടെ തിരുശേഷിപ്പുകളാണ് ..
ആരായിരുന്നു ഔറംഗസീബ് . ? ജെ എൻ യു ചരിത്രകാരന്മാർ ഒളിച്ചു കടത്തിയ ചരിത്രം പറയുന്നത് പോലെ ഏറ്റവും വലിയ മതേതര മനസ്സിന്റെ ഉടമയോ ? അതോ തന്റെ മതത്തിന് മാത്രമേ രാജ്യത്ത് സ്ഥാനമുള്ളൂ എന്ന് പ്രഖ്യാപിച്ച മതമൗലിക വാദിയോ ? യഥാർത്ഥ ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്താണ് ?
1618 ഒക്ടോബർ 14 ന് ഗുജറാത്തിലെ ദഹോദിലാണ് ഔറംഗസീബ് ജനിക്കുന്നത് .ഷാജഹാൻ മുംതാസ് മഹൽ ദമ്പതികളുടെ മക്കളിൽ ആറാമനായി . ദാരാ ഷിക്കോവ് , ഷാ ഷൂജ , മുറാദ് ബക്ഷ് എന്നിവരായിരുന്നു സഹോദരന്മാർ . ജഹനാര , റോഷനാര തുടങ്ങിയ സഹോദരിമാർ വേറെയും.
മൗലവിമാരുടെ ഉറ്റതോഴനായി അറിയപ്പെട്ടിരുന്ന ഔറംഗസീബ് സ്വാഭാവികമായും മൂന്നാമത്തെ മാത്രം കിരീടാവകാശി ആയിരുന്നു . മുഗൾ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ഭരണാധികാരികളായിരുന്നു ദാരയും ഷൂജയും ഔറംഗസീബും മുറാദും . മൂത്ത പുത്രനും പഞ്ചാബിന്റെ ഭരണാധികാരിയുമായിരുന്ന ദാരാ ഷിക്കോവ് ഷാജഹാന്റേയും ജനങ്ങളുടേയും പ്രിയം നേടിയവൻ . സംഗീതം നൃത്തം തുടങ്ങിയ കലകളിൽ താത്പര്യമുള്ളയാൾ , പണ്ഡിതൻ , പരമതത്തോട് വിദ്വേഷമില്ലാത്തവൻ , ഉപനിഷത്തുക്കൾ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതിനാൽ അവിശ്വാസിയെന്ന് പോലും വിളിക്കപ്പെട്ടവൻ .
ഷാജഹാൻ രോഗത്താൽ ശയ്യാവലംബിയായ കാലത്താണ് ഔറംഗസീബിന്റെ യഥാർത്ഥ മുഖം പുറത്ത് വന്നത് . ദാര ഷുക്കോവ് പിതാവിനെ വധിച്ചെന്നും ഭരണം പിടിച്ചെടുത്തുവെന്നും കാണിച്ച് മുറാദിന് സന്ദേശമയച്ചു അയാൾ . ഷൂജ അധികാരം പിടിക്കാൻ ദാരയോട് യുദ്ധത്തിനെത്തുമെന്നും ഇവർ രണ്ടും മതഭ്രഷ്ടന്മാരാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു . ചക്രവർത്തിയാകാൻ ഏറ്റവും യോഗ്യൻ മുറാദാണെന്ന് പ്രഖ്യാപിച്ചു. താൻ ലൗകിക കാര്യങ്ങൾ ഉപേക്ഷിച്ച് മെക്കയിലേക്ക് പോകുകയാണെന്നും കത്തിലൂടെ അറിയിച്ചു .
കത്തു കിട്ടിയ മുറാദ് ജ്യേഷ്ട സഹോദരന്റെ വാക്കിൽ വിശ്വസിച്ച് കൊട്ടാരത്തിലേക്ക് യാത്രയാരംഭിച്ചു. ഔറംഗസീബാകട്ടെ രോഗശയ്യയിലായിരുന്ന പിതാവിനെ തടവിലാക്കി . തുടർന്ന് മുറാദിനൊപ്പം ചേർന്ന് ഷാ ഷൂജയെ തോൽപ്പിച്ചോടിച്ചു .തനിക്ക് അഭയം നൽകിയവർക്കെതിരെ ഗൂഢാലോചന നടത്തിയതിന് ഷാ ഷൂജയേയും കുടുംബത്തേയും ഗോത്രരാജാവ് കൂട്ടക്കൊല ചെയ്തുവെന്നാണ് പറയപ്പെടുന്നത് . എന്തായാലും ഔറംഗസീബിന് ഷൂജയുടെ ശല്യം പിന്നീടുണ്ടായില്ല.
സഖ്യമാകാമെന്ന് പറഞ്ഞ് ക്ഷണിച്ച് വരുത്തിയ മുറാദിനെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി ഔറംഗസീബ് . ചങ്ങലയിൽ ബന്ധിച്ച് തടവുകാരനാക്കി മുറാദിനെ ഗ്വാളിയോറിലെ ഇരുണ്ട കോട്ടയിൽ തള്ളി. വർഷങ്ങൾക്ക് മുൻപ് തന്റെ ദിവാനെ വധിച്ചുവെന്ന കുറ്റം ചുമത്തി മുറാദിനെ നിഷ്കരുണം വധിച്ചു. പലായനം ചെയ്ത ദാര ഷിക്കോവിനേയും മകനേയും വേട്ടയാടിപ്പിടിച്ച ആലംഗീർ തീർത്തും നികൃഷ്ടമായാണ് അവരോട് പെരുമാറിയത് .
രാജസിംഹാസനത്തിലിരിക്കേണ്ട ദാരയെ മകനോടൊപ്പം പിടിയാനയുടെ പുറത്ത് രാജപാതകളിലൂടെ എഴുന്നള്ളിക്കാൻ ഔറംഗസീബ് കൽപ്പിച്ചു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് നിസ്സഹായനും നിരാലംബനുമായ ദാര ഷിക്കോവ് ചങ്ങലയിൽ ബന്ധിതനായി സഞ്ചരിക്കുന്നത് കണ്ട് ജനങ്ങൾ നിലവിളിച്ചു. ജീവനു വേണ്ടി മാപ്പിരന്ന സ്വന്തം സഹോദരനെ പുറങ്കാലു കൊണ്ട് തട്ടി ഔറംഗസീബ് . മത നിന്ദയ്ക്ക് വധശിക്ഷയായിരുന്നു ദാരയ്ക്കുള്ള പ്രതിഫലം . പിഞ്ചുമകന്റെ മുന്നിൽ വച്ച് തന്നെ ചക്രവർത്തിയുടെ ആരാച്ചാർ ദാര ഷിക്കോവിന്റെ തലയറുത്തു.
ദാരയുടെ മൃതദേഹം രാജവീഥികളിൽ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടു . മുഗൾ സാമ്രാജ്യത്തിന്റെ അപ്രതിരോധ്യനായ ഭരണാധികാരി താൻ മാത്രമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനായിരുന്നു ആ നടപടി .സ്വന്തം പിതാവിനും സഹോദരിക്കും ദാരയുടെ അറുത്തെടുത്ത തല കാഴ്ചയായി നൽകാനും അയാൾക്ക് മടിയുണ്ടായില്ല . ദാരയുടെ പിഞ്ചു മകന് സ്വന്തം കൈകൊണ്ട് തന്നെ കൊടും വിഷം നൽകാനും അയാൾ മറന്നില്ല. പിന്നീട് പിടിക്കപ്പെട്ട ദാരയുടെ മറ്റൊരു മകനായ സുലൈമാനും ഇതേ ഗതി തന്നെയായിരുന്നു .
സ്വന്തം മകന്റെ തടവറയിൽ നരകിച്ച് ഒടുവിൽ ഷാജഹാനും വിധിക്ക് കീഴടങ്ങി . മുഗൾ സാമ്രാജ്യത്തിലെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവർത്തിയായി അബുൾ മുസഫർ മൊഹിയുദ്ദീൻ മുഹമ്മദ് ഔറംഗസീബ് അവരോധിക്കപ്പെട്ടു .
അധികാരമേറ്റയുടൻ ഇസ്ലാമിക നിയമം പുനസ്ഥാപിക്കാനും അനിസ്ലാമികമായ എല്ലാം നിരോധിക്കാനുമാണ് ഔറംഗസീബ് ഉത്തരവിട്ടത് .സൊരാഷ്ട്രിയൻ കലണ്ടർ പ്രകാരം ആചരിച്ചിരുന്ന പുതുവർഷാഘോഷം നിർത്തലാക്കി . ജനങ്ങൾ ഇസ്ലാമിക നിയമത്തിനധീനമായി ജീവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. എല്ലാ മസ്ജിദുകളും പുതുക്കി . എല്ലായിടത്തും ഇമാമുകളേ നിയമിച്ചു . മതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ അനുവദിച്ചു.
സംഗീതം നിരോധിക്കുന്ന ഘട്ടമെത്തി . ഇതിൽ പ്രതിഷേധിച്ച് ഔറംഗസീബിന്റെ കൊട്ടാരത്തിനു മുന്നിൽ സംഗീതജ്ഞരുടെ വിലാപയാത്ര നടന്നു . എല്ലാവരും കരഞ്ഞു കൊണ്ടാണ് റാലിയിൽ പങ്കെടുത്തത് . കൂട്ടക്കരച്ചിൽ കേട്ട ഔറംഗസീബ് കാര്യമന്വേഷിച്ചു . സംഗീതം മരിച്ചു ഞങ്ങൾ ശവം സംസ്കരിക്കാൻ കൊണ്ടു പോകുന്നു എന്നായിരുന്നു ഉത്തരം . ഏറ്റവുമാഴത്തിൽ തന്നെ കുഴിച്ചിടുക. ഇനിയൊരിക്കലും അതിൽ നിന്നൊരു ശബ്ദമോ കരച്ചിലോ ഉണ്ടാകരുതെന്ന ആജ്ഞയായിരുന്നു ഔറംഗസീബിൽ നിന്ന് പുറപ്പെട്ടത്.
സൂഫിസമ്പ്രദായത്തിൽ വിശ്വസിച്ചിരുന്ന മുസ്ലിങ്ങൾക്കും രക്ഷയുണ്ടായില്ല . പ്രമുഖ സൂഫിവര്യന്മാരെ മൗലവികൾ വധശിക്ഷയ്ക്ക് വിധിച്ചു. ഇസ്ലാമിലേക്ക് പരിവർത്തന ശേഷം പിന്നീട് തിരിച്ച് സ്വമതത്തിലേക്ക് പോയ ക്രിസ്ത്യാനികൾ കൊലചെയ്യപ്പെട്ടു. അഹമ്മദാബാദിലെ സയ്യദ് ഖുത്തബ്ദീൻ എന്ന ബോഹ്ര മുസ്ലിം പണ്ഡിതനും അദ്ദേഹത്തിന്റെ എഴുനൂറോളം അനുയായികളും കൂട്ടക്കൊല ചെയ്യപ്പെട്ടു.
ബഹുദൈവാരാധകരായ ഹിന്ദു സമൂഹത്തോട് സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു ഔറംഗസീബ് ചെയ്തത് . ഗുജറാത്തിൽ ഭരണത്തിലിരിക്കവേ അഹമ്മദാബാദിലെ ഹിന്ദു ക്ഷേത്രം തകർത്ത് അതിൽ പശുവിനെ വെട്ടി ക്ഷേത്രത്തെ മസ്ജിദാക്കി മാറ്റിയ അതേ നിലപാട് തന്നെയാണ് ചക്രവർത്തി ആയതിനു ശേഷവും തുടർന്നത്. പഴയ ക്ഷേത്രങ്ങൾ പുനരുദ്ധരിക്കരുതെന്നും പുതുതായി ക്ഷേത്രങ്ങൾ നിർമ്മിക്കരുതെന്നും വിധിച്ചു. ഒപ്പം പുതുതായി നിർമ്മിച്ച ക്ഷേത്രങ്ങൾ പൊളിച്ചു കളഞ്ഞു .
ഹൈന്ദവ ചിന്തകൾ പഠിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതുമായ എല്ലാ ഗുരുകുലങ്ങളും നശിപ്പിക്കാൻ ഉത്തരവിട്ടു. അടുത്തത് ഭാരതത്തിലെ ഹിന്ദു സമൂഹം ഏറ്റവും പവിത്രമായി കരുതുന്ന മഹാക്ഷേത്രങ്ങളായിരുന്നു . മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങൾക്ക് ശേഷവും ഹിന്ദുവിന്റെ പ്രാർത്ഥനയിൽ , പ്രയത്നത്തിൽ ഉയിർത്തെഴുന്നേറ്റ സോമനാഥ ക്ഷേത്രം വീണ്ടും തകർത്തു.
ഔറംഗസീബിന്റെ കണ്ണിൽ മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനം അവിശ്വാസികളുടെ കേന്ദ്രമായിരുന്നു . ബഹുദൈവാരാധകരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീകൃഷ്ണ ജന്മസ്ഥാനത്തെ കേശവ റായ് ക്ഷേത്രം തകർക്കപ്പെട്ടു . അവിടെ ഈദ്ഗാഹ് നിർമ്മിച്ചു. മഥുരയുടെ പേര് ഇസ്ലാമാബാദ് എന്നാക്കാൻ നിർദ്ദേശം നൽകി. കാശിയിലെ വിശ്വനാഥ ക്ഷേത്രം നശിപ്പിച്ചു . പകരം മസ്ജിദ് നിർമ്മിച്ചു. സാമ്രാജ്യത്തിന്റെ മുക്കിലും മൂലയിലും ക്ഷേത്രങ്ങൾ തകർക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചു. പന്തർപൂരിലെ ക്ഷേത്രം നശിപ്പിച്ച് അവിടെ പശുക്കളെ അറുക്കാൻ കൽപ്പിച്ചു . രാജസേവകരായ കശാപ്പുകാരെ അങ്ങോട്ടേയ്ക്ക് പ്രത്യേകം നിയമിച്ചു. ക്ഷേത്രങ്ങളിൽ നിന്ന് ഇളക്കിയെടുത്ത വിഗ്രഹങ്ങൾ ഡൽഹിയിലെ മസ്ജിദിന് ചവിട്ടുപടികളാക്കാൻ കൽപ്പിക്കുക പോലും ചെയ്തു മുല്ലമാരുടെ ഇഷ്ടതോഴൻ.
അക്ബറിന്റെ കാലത്ത് നിർത്തലാക്കിയ ജസിയ പുനസ്ഥാപിച്ചു . നികുതി പിരിക്കുക എന്നതിലുപരി ബഹുദൈവാരാധകരിൽ അപകർഷതാ ബോധം ഉണ്ടാക്കുന്നതിനോടൊപ്പം ഇസ്ലാമിലേക്കുള്ള മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. പിറ്റേന്ന് ജുമാ മസ്ജിദിലേക്ക് തിരിച്ച ഔറംഗസീബിനെ എതിരേറ്റത് പതിനായിരക്കണക്കിന് ഹിന്ദുക്കളുടെ സമരമായിരുന്നു . ജസിയ ഒഴിവാക്കാൻ അവർ ചക്രവർത്തിയോട് അപേക്ഷിച്ചു . എന്നാൽ തന്റെ വഴിമുടക്കിയവർക്ക് നേരേ കൊലയാനകളെ വിട്ടാണ്റൗറംഗസീബ് അരിശം തീർത്തത് .
മുഗൾ സാമ്രാജ്യത്തിൽ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവുമെളുപ്പമുള്ള മാർഗ്ഗം മതപരിവർത്തനമായിരുന്നു . സ്വധർമ്മം ഉപേക്ഷിക്കാൻ തയ്യാറാകത്തവരെ മരണശിക്ഷയായിരുന്നു കാത്തിരുന്നത്. മതം മാറിയവർക്ക് പ്രത്യേക ഗ്രാന്റ് അനുവദിച്ചു . സർക്കാരുദ്യോഗങ്ങളിൽ സംവരണം നൽകി . തന്റെ സാമ്രാജ്യത്തെ ഏകമതം മാത്രമുള്ള രാഷ്ട്രമാക്കുകയായിരുന്നു ലക്ഷ്യം.
ഔറംഗസീബിന്റെ ക്ഷേത്ര ധ്വംസനങ്ങളിൽ മതപരമായ അംശമില്ലായിരുന്നുവെന്ന് വാദിക്കുന്ന ചരിത്രകാരന്മാർ സത്യത്തിന് നേരേ കണ്ണടയ്ക്കുന്നവരാണ് . അവിശ്വാസികളേയും ബഹുദൈവാരാധകരേയും ഉന്മൂലനം ചെയ്യുക എന്നത് ഔറംഗസീബിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ജനറൽമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള എഴുത്തുകുത്തുകളിൽ ഇത് വ്യക്തമാണ്. കേശവറായി ക്ഷേത്രത്തിന് വേണ്ടി ദാരാ ഷിക്കോവ് നൽകിയ ഉപഹാരം തിരിച്ചെടുക്കാനും ഔറംഗസീബ് ഉത്തരവിട്ടു. ഒരു ക്ഷേത്രത്തിന് നേരേ നോക്കുന്നത് തന്നെ തെറ്റാണെന്നിരിക്കെ ഉപഹാരം നൽകുന്നത് മാപ്പർഹിക്കാത്ത കാര്യമാണെന്ന് ഔറംഗസീബ് പ്രഖ്യാപിച്ചു. ദാരയെ വധിക്കാൻ ഇതും ഒരു കാരണമായി പറഞ്ഞിട്ടുണ്ട്.
അടിച്ചമർത്തിയും തലകൊയ്തും തല്ലിത്തകർത്തും മേൽക്കോയ്മ നിലനിർത്താൻ ശ്രമിച്ചെങ്കിലും സമാധാനത്തോടെ ഭരിക്കാൻ മരണം വരെ ഔറംസീബിന് കഴിഞ്ഞില്ല. ജാട്ടുകളും രജപുത്രരും സത്നാമികളും വീരോചിതമായി മുഗൾ ഭരണത്തെ നേരിട്ടു. ആത്മബലി ചെയ്യാൻ ഞാൻ മുൻപേ എന്ന മന്ത്രമോടെ തള്ളിത്തിരക്കി വന്ന യോദ്ധാക്കൾ ഔറംഗസീബിനെ വശം കെടുത്തി . ഒരിടത്ത് പ്രശ്നം അവസാനിക്കുമ്പോൾ അടുത്തിടത്ത് അങ്ങനെ അനന്തമായി , മുഗൾ സാമ്രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ കാർന്ന് തിന്നു.
ഔറംഗസീബിന്റെ മതപരിവർത്തനത്തിനെതിരെ പരാതി പറഞ്ഞ ഹിന്ദുക്കൾക്ക് വേണ്ടി ഒൻപതാമത് സിഖ് ഗുരു തേജ് ബഹാദൂർ മുന്നിട്ടിറങ്ങി. ഗുരു തേജ്ബഹാദൂറിനെ പരിവർത്തനം ചെയ്താൽ തങ്ങളും മതം മാറാമെന്ന് ഔറംഗസീബിന്റെ ഉദ്യോഗസ്ഥരോട് പറയാൻ തേജ് ബഹാദൂർ ഹിന്ദുക്കളോട് ആവശ്യപ്പെട്ടു.
ഔറംഗസീബ് ഗുരു തേജ് ബഹാദൂറിനെ വിളിപ്പിച്ചു. മൂന്ന് ദിവസത്തിനകം മതം മാറുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഔറംഗസീബ് കൽപ്പിച്ചു . ഇല്ലെങ്കിൽ കാത്തിരിക്കുന്നത് മരണമാണ് . എന്നാൽ കീഴടങ്ങാൻ ഗുരു തേജ്ബഹാദൂർ തയ്യാറായില്ല . അതിനു പകരമായി അദ്ദേഹത്തിന്റെ മുന്നിൽ വച്ച് മൂന്ന് ശിഷ്യന്മാരെ അതി ക്രൂരമായി കൊലപ്പെടുത്തി .ഈർച്ചവാൾ കൊണ്ട് പിളർന്നും തിളയ്ക്കുന്ന വെള്ളത്തിലിട്ടും ദേഹമാസകലം എണ്ണപുരട്ടിയ തുണി ചുറ്റി തീകൊളുത്തിയുമാണ് ശിഷ്യന്മാരെ വധിച്ചത് .
തേജ്ബഹാദൂർ അപ്പോഴും കുലുങ്ങിയില്ല. ഡൽഹിയിലെ കോട് വാളിലെ ആൽമരത്തണലിൽ ഔറംഗസീബിന്റെ ആരാച്ചാരന്മാർ ആ കൃത്യം നടപ്പാക്കി . പ്രകൃതിപോലും വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ ..ധീരനായ ഒരു ശിഷ്യൻ വെട്ടിമാറ്റപ്പെട്ട ഗുരുവിന്റെ ശിരസ്സെടുത്ത് മകൻ ഗോവിന്ദ റായിയുടെ സവിധത്തിലെത്തിച്ചു. ലക്ഷക്കണക്കിന് അനുയായികളുള്ള തന്റെ പിതാവിനെ പരസ്യമായി കഴുത്തുവെട്ടിയപ്പോൾ ഒരു എതിർപ്പും ഉണ്ടാകാതിരുന്നത് ഗോവിന്ദ റായിയെ വിഷമിപ്പിച്ചു . ആത്മവിസ്മൃതിയിലമർന്ന് ഭീരുക്കളായ് തീർന്ന സിഖ് ജനതയ്ക്ക് പോരാട്ട വീര്യം പകർന്നു നൽകാതെ ഈ അപമാനത്തിന് പകരം വീട്ടാൻ കഴിയില്ലെന്ന് ഗോവിന്ദ റായി മനസ്സിലാക്കി.
ശത്രുവിന്റെ എതപമാനത്തിനെതിരേയും ഉയർന്നുവരുന്ന കൃപാണഹസ്തങ്ങൾ ഗോവിന്ദ റായി സ്വപ്നം കണ്ടു . സിഖ് കാരുടെ പത്താമത്തെ ഗുരുവായ ഗോവിന്ദ സിംഹൻ അവിടെ രൂപം കൊണ്ടു . 1669 ലെ വൈശാഖി ദിനത്തിൽ ഒത്തുകൂടിയ സിഖ് സമൂഹത്തിനോട് സമുദായത്തിനു വേണ്ടി സ്വന്തം ശിരസ് ബലിയായി നൽകാൻ തയ്യാറുള്ളവർ മുന്നോട്ടു വരാൻ ഗുരു ഗോവിന്ദ സിംഹൻ ആജ്ഞാപിച്ചു. .ദയാറാം , ധരം ദാസ് , ഹിമ്മത്ത് റായ് ,മോഖം ചന്ദ് , സാഹിബ് ചന്ദ് എന്നീ അഞ്ച് പേർ അതിനു തയ്യാറായി മുന്നോട്ടു വന്നു.
സിഖ് ചരിത്രത്തിലെ ധീരതയുടെ കാലം അവിടെ നിന്നും ആരംഭിച്ചു … ഖൽസ !
ധൈര്യം , വിശുദ്ധി , സമാധാനം ഇതാണ് ധർമ്മം. സിംഹം എന്നർത്ഥം വരുന്ന് സിംഗ് എല്ലാവരുടെയും പേരിനോട് കൂടി ചേർക്കാൻ ആഹ്വാനം ചെയ്തു. സിഖുകാർ സിംഹങ്ങളാവുകയായിരുന്നു. കേവലം അഞ്ചും ഏഴും വയസ്സുള്ള ബാലന്മാർ പോലും ഔറംഗസീബിന്റെ മത നയത്തിനു മുന്നിൽ മുട്ടുമടക്കിയില്ല
ഗുരു ഗോവിന്ദ സിംഹന്റെ മക്കളായ ഫത്തേ സിംഗും ജൊരാവർ സിംഗും സിർഹിന്ദിലെ നവാബ് വാസിർ ഖാന്റെ തടവിലായി . മതം മാറിയില്ലെങ്കിൽ കൊല്ലുമെന്നുള്ള ഭീഷണിയെ ആ കുട്ടികൾ പുല്ലു പോലെ നേരിട്ടു . . ജീവനോടെ നിർത്തി ഓരോ ചുടുകട്ടകൾ കൊണ്ട് തങ്ങളെ മൂടുമ്പോഴും ആ പിഞ്ചു ബാലന്മാർ തളർന്നില്ല . ആർക്കും കീഴടങ്ങിയിട്ടില്ലാത്ത ഗുരു ഗോവിന്ദ സിംഹന്റെ മക്കളാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് സ്വധർമ്മത്തിനു വേണ്ടി അവർ ബലിദാനികളായി . സിഖ് ഗുരു സമ്പ്രദായം ഗുരു ഗോവിന്ദ സിംഹനോടെ അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടം ബന്ദ ബൈരാഗിയെപ്പോലുള്ള ശിഷ്യൻമാർ തുടർന്ന് പോന്നു ..
ഔറംഗസീബിന്റെ മതാന്ധതയ്ക്കെതിരെ ഗുരു ഗോബിന്ദ് സിംഹന്റെ കരവാളുയർന്ന കാലഘട്ടത്തിന് മുൻപ് ശിവനേരിയിലെ ശക്തി ദുർഗത്തിൽ നിന്നുയർന്ന സിംഹ ഗർജ്ജനവും മുഗൾ കോട്ട കൊത്തളങ്ങളെ വിറപ്പിച്ചിരുന്നു . അത് സാധാരണക്കാരിലൂടെ , തൊഴിലാളികളിലൂടെ , കൃഷിക്കാരിലൂടെ ഹിന്ദു സാമ്രാജ്യസ്ഥാപനം നടത്തിയ ഛത്രപതി ശിവാജി മഹാരാജാവായിരുന്നു. ശിവാജിയുമായി നടത്തിയ യുദ്ധങ്ങളൊക്കെയും മുഗൾ സാമ്രാജ്യത്തിന്റെ അടിവേരിളക്കി. ദക്ഷിണ ഭാരതത്തിലെ ആ യുദ്ധങ്ങളാണ് അറംഗസീബ് സാമ്രാജ്യത്തിന്റെ ശവപ്പറമ്പായി മാറിയത് .
അധിനിവേശത്തെ സഹിക്കാൻ തങ്ങളൊരുക്കമല്ല എന്ന് പ്രഖ്യാപിച്ച് അടിസ്ഥാന ജനത ശിവാജിയോടൊപ്പം മുഗൾ ഭരണത്തിനെതിരെ പോരാടി . ഐതിഹാസികമായ നിരവധി യുദ്ധങ്ങളിൽ അദ്ദേഹം വിജയം വരിച്ചു . മറാത്തകളുടെ പോരാട്ടങ്ങൾ ശിവാജിയോടൊപ്പം അവസാനിച്ചില്ല . മുഗൾ ഭരണം ക്ഷയോന്മുഖമാകുന്നത് വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ അവരോട് യുദ്ധം ചെയ്തു.
വിഗ്രഹാരാധകരേയും ബഹുദൈവ വിശ്വാസികളേയും അവസാനിപ്പിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാമെന്ന് മനക്കോട്ട കെട്ടിയ മുല്ലമാരുടെ തോഴന് ഒരിക്കൽ പോലും സമാധാനത്തോടെ ഭരിക്കാൻ കഴിഞ്ഞില്ല . സ്വന്തം അച്ഛനെ തടവിലിട്ട് പീഡിപ്പിച്ച ഔറംഗസീബിനും ജീവിതാന്ത്യത്തിൽ കഷ്ടപ്പെടേണ്ടി വന്നു . അച്ഛന് താൻ നൽകിയത് മക്കൾ തനിക്ക് നൽകുമെന്ന് കരുതി ആരേയും അടുപ്പിക്കാതെയാണ് അവസാനകാലം കഴിച്ചു കൂട്ടിയത് . ഭാരതമണ്ണിൽ അസഹിഷ്ണുതയുടേയും മതഭ്രാന്തിന്റെയും വിത്തുകൾ പാകിയ അബുൾ മുസഫർ മൊഹിയുദ്ദീൻ മുഹമ്മദ് ഔറംഗസീബ് 1707 ജനുവരി 30 ന് അന്ത്യശ്വാസം വലിച്ചു.
ബാബറിൽ തുടങ്ങി ഹുമയൂൺ നയിച്ച് അക്ബറിലൂടെ ഉയർന്ന് ജഹാംഗീറും ഷാജഹാനും നയിച്ച മുഗൾ സാമ്രാജ്യം ക്ഷയോന്മുഖമായത് ഔറംഗസീബിന്റെ കാലത്താണ് . തനിക്ക് ശേഷം പ്രളയമെന്ന് ചിന്തിച്ച ഔറംഗസീബിന്റെ മതനയമാണ് സാമ്രാജ്യത്തെ തകർത്തതെന്നതിൽ സംശയമില്ല . പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം തളരാതെ പോരാടിയ , അധിനിവേശത്തെ ചെറുത്ത മറാഠികളും സിഖുകാരും രജപുത്രരും ജാട്ടുകളും സത്നാമികളും ഗിരിവർഗ ജനതയും അതിന് വേഗത നൽകി .
ഇപ്പോൾ ചരിത്രത്തിന്റെ കാവ്യനീതി പോലെ ഔറംഗസീബിന്റെ പേര് ഡൽഹിയിലെ രാജവീഥിയിൽ നിന്നു പോലും അപ്രത്യക്ഷമാകുന്നു . അതെ .. ഭാരതം ഉണർന്നെണീക്കുകയാണ്.. ഗതകാലത്തിന്റെ അപഭാനഭാരത്താൽ കുനിഞ്ഞ ശിരസ്സ് സൂര്യോന്മുഖമായി ഉയർത്തി .. മതവെറിയുടേയും ഭീകരതയുടേയും എറ്റവും ചെറിയ അംശങ്ങൾ പോലും തുടച്ച് കളഞ്ഞ് ..
ഭാരതം ഉണരുകയാണ് ..