സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒന്നാം സായുധ വിപ്ലവം അരങ്ങേറിയിട്ട് കൃത്യം അന്പതുവര്ഷം പിന്നിടുന്ന സമയമായിരുന്നു അത്. “ സാമ്രാജ്യത്തെ രക്ഷപ്പെടുത്തിയ ധീരത “ എന്ന തലക്കെട്ടില്‍ ബ്രിട്ടനിലെ പത്രങ്ങള്‍ ഇംഗ്ലീഷ് ഹീറോയിസത്തെ വാഴ്ത്തി. ലണ്ടന്‍ തെരുവുകളില്‍ ഝാന്‍സി റാണിയെയും മറ്റു സമര നേതാക്കളേയും കള്ളന്മാരും കൊലപാതകികളുമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള നാടകങ്ങള്‍ നടത്തപ്പെട്ടു .
ഈ അവഹേളനം സവർക്കർ സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ അന്‍പതാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 1908 മെയില്‍ ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സമ്മേളനങ്ങള്‍ നടന്നു.
ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കപ്പെട്ടു . ഒന്നാം സ്വാതന്ത്ര്യ സമര നായകന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാഡ്ജുകള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു . ബാഡ്ജുകള്‍ ഒഴിവാക്കാന്‍ പറഞ്ഞ കോളേജ് അധികൃതരോട് പ്രതിക്ഷേധിച്ച് ആര്. എം ഖാനും ഹര്‍ണാം സിംഗുമുൾപ്പെടുന്ന വിപ്ലവകാരികൾ കോളേജ് പഠനം ഉപേക്ഷിച്ചു.
1857 ലെ സ്വാതന്ത്ര്യസമരത്തിന്റെ സത്യസന്ധമായ ചരിത്രമെഴുതാൻ സവർക്കർ തീരുമാനിച്ചു . ഝാൻസിറാണിയും താന്ത്രിയ തോപ്പിയും നാനാസാഹബുമൊക്കെ പങ്കെടുത്ത ആ വീരേതിഹാസത്തിന്റെ ചരിത്രമറിയാൻ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ലൈബ്രറികളിലും സവർക്കർ അലഞ്ഞു നടന്നു. ഒടുവിൽ പതിനെട്ടു മാസത്തെ പ്രയത്നത്തിനു ശേഷം പിൽക്കാലത്ത് വിപ്ലവകാരികളുടെ വിശുദ്ധ ഗ്രന്ഥമെന്നറിയപ്പെട്ട പുസ്തകം സവർക്കർ എഴുതിത്തീർത്തു . 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പേരിട്ട ആ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതിക്ക് ഒരു അപൂർവ്വ ബഹുമതിയും ലഭിച്ചു .
പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നിരോധിക്കപ്പെട്ട ആദ്യ പുസ്തകം .
രണ്ടാം സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഭാരതീയരുടെ വികാരത്തെ ഉണർത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് താനിതെഴുതിയതെന്ന് സവർക്കർ വ്യക്തമാക്കിയിട്ടുണ്ട് . ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള ആ യുവാവ് എഴുതിച്ചേർത്ത സ്വാതന്ത്ര്യ സമര ചരിത്രം പിൽക്കാലത്ത് ആയിരക്കണക്കിന് വിപ്ലവകാരികൾക്ക് പ്രചോദനം നൽകി .
മറാഠിയിൽ എഴുതപ്പെട്ട പുസ്തകം പ്രസിദ്ധീകരിക്കാൻ ജ്യേഷ്ടനായ ബാബാറാവു സവർക്കർക്കാണ് അയച്ചു കൊടുത്തത്. കയ്യെഴുത്ത് പ്രതി തേടി ബ്രിട്ടീഷ് പോലീസ് വേട്ടനായ്ക്കളെപ്പോലെ പിന്നാലെയെത്തി . വിശ്വപ്രസിദ്ധ കുറ്റാന്വേഷണ സംഘമായ സ്കോട്ട്ലൻഡ് യാർഡ് ആ കയ്യെഴുത്ത് പ്രതിക്ക് വേണ്ടി ലണ്ടനിലും അലഞ്ഞു നടന്നു.എന്നാൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയ വിവിഎസ് അയ്യർ അത് ഹോളണ്ടിൽ ആദ്യമായി അച്ചടിപ്പിച്ചു. അങ്ങനെ 1909 ൽ ഹോളണ്ടിൽ, ഭാരത ജനതയുടെ ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പുറത്തിറങ്ങി.
വിപ്ളവകാരികള്‍ക്ക് ആവേശം കൊടുക്കുക മാത്രമല്ല പുസ്തകം ചെയ്തത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനാഗമ മാര്‍ഗ്ഗമായും അത് മാറി .ബ്രിട്ടീഷുകാരാൽ നിരോധനം ഏറ്റുവാങ്ങിയെങ്കിലും പതിപ്പുകള്‍ക്ക് പഞ്ഞമുണ്ടായില്ല. 1857 ൽ നേടാൻ കഴിയാത്തത് അതിന്റെ ചരിത്രമെഴുതിയ പുസ്തകം നേടുക തന്നെ ചെയ്തു . മാതൃഭൂമിയുടെ മോചനത്തിനായി തങ്ങളുടെ പൂർവ്വികർ നടത്തിയ സമര പോരാട്ടത്തിന്റെ വീരകഥകൾ മന്ത്രങ്ങളായി ഉരുവിട്ട് ആയിരങ്ങൾ അടർക്കളത്തിലേക്കിറങ്ങി
ബ്രിട്ടീഷ് പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു ഫ്രാന്‍സില്‍ താവളമടിച്ചിരുന്ന മുംബൈക്കാരി ഭിക്കാജി റസ്റ്റം കാമാ എന്ന ‘മദാം കാമ’ പുസ്തകത്തിന്റെ രണ്ടാം എഡിഷന് യൂറോപ്പില്‍ പുറത്തിറക്കി. ഗദ്ദാര്‍ വിപ്ലവപാര്‍ട്ടിയുടെ നേതാവ് ലാലാ ഹര്‍ദയാല്‍ പുസ്തകത്തിന്റെ പതിപ്പ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. 1928 ലാണ് ഭഗത് സിംഗും കൂട്ടരും പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, 1944 ല്‍ ജപ്പാനില്‍ പുസ്തകം പുറത്തിറക്കി. ഇന്ത്യൻ നാഷണൽ ആർമിയിലെ സൈനികരുടെ പാഠപുസ്തകങ്ങളിലൊന്നായി അത് മാറി. ഝാൻസിറാണി റെജിമെന്റ് രൂപീകരിക്കാൻ സുഭാഷ് ബോസിനെ പ്രേരിപ്പിച്ചതും സവർക്കറുടെ ഈ പുസ്തകമാണ്.
അഭിനവ ഭാരതും ലണ്ടനിലെ ഇന്ത്യാ ഹൗസും അത്യുജ്ജ്വലമായ വിപ്ളവ പ്രവർത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ് .1857 ന്റെ പട്ടടകളിൽ എരിഞ്ഞു തീർന്നത് കേവലം ചില ശിപായിമാരുടെ ചാരമല്ലെന്നും അതിൽ സ്വാതന്ത്ര്യ സമര തേജസ് കുടികൊള്ളുന്നുവെന്നും പ്രഖ്യാപിച്ച 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്ന സവർക്കർ പുസ്തകവും ചരിത്രത്തിന്റെ ഭാഗമാണ് ..
അതുകൊണ്ടു തന്നെ ബംഗാൾ ഗർജ്ജിക്കുന്നുണ്ടാവാം പക്ഷേ അതിന്റെ തലച്ചോർ പൂനെയിലാണെന്ന് കടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ അനുകൂലിയായ വാലന്റൈൻ ചിറോളിനു പോലും സവർക്കറെപ്പറ്റി പറയേണ്ടി വന്നിട്ടുണ്ട് ..എന്തിനേറെ ചുവപ്പ് കണ്ണടയിൽ കൂടി ചരിത്രത്തെ കണ്ട സാക്ഷാൽ ഈയെമ്മെസിനു പോലും സവർക്കറെക്കുറിച്ച് എഴുതാതെ സ്വാതന്ത്ര്യ സമര ചരിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല
ഇന്ത്യയിൽ വിപ്ളവപ്രസ്ഥാനം വളർന്നു വരാൻ അതിപ്രധാന പങ്കു വഹിച്ച സവർക്കറെപ്പറ്റി ഇ എം എസ് അദ്ദേഹത്തിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട് ..
പതിനാലു വർഷം ജയിലിൽ , അതിൽ പതിനൊന്ന് വർഷം ആൻഡമാനിൽ .. മൂന്നു വർഷം ഇന്ത്യൻ ജയിലുകളിൽ ..പിന്നീട് കർക്കശമായ വ്യവസ്ഥകളോടെ പതിമൂന്നു വർഷം വീട്ടു തടങ്കലിൽ ..ദയാഹർജി എഴുതി ഒപ്പിട്ടു കൊടുക്കാതെ സവർക്കറിന്റെ കാലത്ത് ഒരു രാഷ്ട്രീയ തടവുകാരനേയും ആൻഡമാൻ ജയിലിൽ നിന്ന് തുറന്നു വിട്ടിട്ടില്ല.. സവർക്കർ സഹോദരങ്ങളെ എന്നിട്ടു പോലും വിട്ടില്ല ..
പിന്നീട് ഗാന്ധിജിയും സുരേന്ദ്രനാഥ ബാനർജിയും വിത്തൽഭായ് പട്ടേലും അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഇടപെടലും നിയമ നടപടികളും പ്രക്ഷോഭത്തിനും ശേഷമാണ് സവർക്കറെ ഇന്ത്യൻ ജയിലിലേക്കെങ്കിലും മാറ്റുന്നത് . അതും ബോംബെ ജയിലിൽ കൊണ്ടു വരില്ലെന്ന നിബന്ധനയോടെ ..
Discussion about this post