കുട്ടിക്കാലത്ത് ചന്ദ്രശേഖർ തിവാരിക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ശർക്കരയായിരുന്നു . അതിന്റെ അർത്ഥം ശർക്കര മാത്രമേ കഴിക്കൂ എന്നല്ല .. തീറ്റക്കാര്യത്തിൽ ആൾ അല്പം പോലും പിന്നാക്കമായിരുന്നില്ല .കൂടുതലിഷ്ടം ശർക്കരയായിരുന്നു അത്ര തന്നെ ..
മറ്റൊരിഷ്ടം കളിത്തോക്കിൽ നാടൻ മരുന്ന് നിറച്ചുള്ള പരിശീലനമായിരുന്നു . ഇതിനാകട്ടെ വേണ്ട പണവും കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ ജോലി ചെയ്യുന്ന പഴത്തോട്ടത്തിൽ കയറി ഇഷ്ടൻ പഴങ്ങൾ പറിച്ച് വിറ്റു . പകരം നാടൻ മരുന്നും ശർക്കരയും വാങ്ങി .
ഈ മോഷണം അച്ഛന് ഒട്ടും സഹിച്ചില്ല ..തൂണിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം . അച്ഛനാണെങ്കിലും തല്ലിയത് കുട്ടിക്ക് പിടിച്ചില്ല . മനസ്സലിഞ്ഞ അമ്മയാകട്ടെ പതിനൊന്ന് രൂപ കൊടുത്തു . കിട്ടിയ പൈസയുമായി ആശാൻ കാശിക്ക് വെച്ചടിച്ചു ..
കാശിയിലെത്തി ചില്ലറ സംസ്കൃതമൊക്കെ പഠിച്ച് സമാധാനമായി പോകുന്നതിനിടയിലാണ് ചിലരൊക്കെ ബ്രിട്ടീഷുകാർക്കെതിരെ സമരം വിളിക്കുന്നത് കണ്ടത് . പിന്നൊന്നുമാലോചിച്ചില്ല .. നേരേ സമരത്തിന് പോയി .അറസ്റ്റിലുമായി..
അങ്ങനെ കോടതിയിൽ പോയി നിൽക്കുമ്പോഴാണ് കക്ഷിയെ കളിയാക്കുന്ന വിധത്തിൽ ജഡ്ജി സംസാരിച്ചത്.. പീക്കിരി ചെറുക്കാ ..ഓടിക്കോ .. അവന്റെ ഒരു വിപ്ളവം എന്നൊക്കെ അങ്ങേർ തട്ടിവിട്ടു . നീ പോടേ പുല്ലേ ന്നായിരുന്നു പതിനാലു കാരനായ പയ്യന്റെ മറുപടി ..
എങ്കിൽ പിന്നെ നീ കൊണ്ടേ പോകൂ എന്നായി ജഡ്ജി . പന്ത്രണ്ടടി വിധിച്ചു .. മുക്കാലിയിൽ കെട്ടി ചൂരലു കൊണ്ടായിരുന്നു പ്രയോഗം . ചൂരൽ ശീൽക്കാരത്തേക്കാൾ ഉയർന്ന് കേട്ടത് പയ്യന്റെ വന്ദേമാതരമായിരുന്നു .
ആളിനെ മനസ്സിലായിക്കാണും .. നിങ്ങളുദ്ദേശിക്കുന്ന ആൾ തന്നെ .. ആസാദ് .. ചന്ദ്രശേഖർ ആസാദ് ..
ചുറുചുറുക്കും തടി മിടുക്കും കൊണ്ട് കൂട്ടുകാർക്കിടയിൽ ക്വിക് സിൽവർ എന്നറിയപ്പെട്ടു . രഹസ്യമായി തടിയനെന്നും . സ്നേഹത്തോടെ തടിയൻ ചേട്ടായെന്നുമൊക്കെ ചിലർ വിളിച്ചു .
എന്തായാലും ആളു പുലിയായിരുന്നു . പുലിയാണെന്ന് പറഞ്ഞാ പോരാ പുപ്പുലി.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക .. അത്ര തന്നെ. അതൊഴിഞ്ഞൊരു കോമ്പ്രമൈസിനും ആസാദ് തയ്യാറല്ലായിരുന്നു
ഇന്നത്തെപ്പോലെ അന്നും ലേബലടികൾക്ക് പഞ്ഞമൊന്നുമില്ല . സാക്ഷാൽ നെഹൃ അന്ന് ആസാദിന് കൊടുത്ത വിശേഷണം ഇന്നും പ്രതിദ്ധ്വനിക്കുന്ന ഒന്നാണ് ..
ഫാസിസ്റ്റ് !
ആസാദുണ്ടോ വിടുന്നു ..
നെഹ്രുവിനെപ്പറ്റി സംസാരിക്കേണ്ട സാഹചര്യങ്ങളിലെല്ലാം ആ കഴുവേറി നമ്മളെ ഫാസിസ്റ്റെന്ന് വിളിച്ചിട്ടുണ്ടെന്ന് ആസാദ് കൂട്ടിച്ചേർക്കുമായിരുന്നു ..
ഇടയ്ക്കെപ്പോഴോ കോൺഗ്രസ് കോമ്പ്രമൈസിന് തയ്യാറെടുക്കുന്നു എന്ന് കേട്ടപ്പോൾ ആസാദിന് സഹിക്കാനായില്ല . ധീരയായ ഒരു പെൺകുട്ടിയുമായി അതിർത്തി കടന്ന് പോകുമെന്നും ശത്രുക്കൾ വളഞ്ഞാൽ ഏറ്റുമുട്ടി മരിക്കുമെന്നുമായിരുന്നു വാദം..
എട്ടെണ്ണം നിറയ്ക്കാവുന്ന ഒരു പിസ്റ്റളും ഇനിയൊരെട്ടെണ്ണം നിറയ്ക്കാവുന്ന മറ്റൊന്നും കയ്യിലുണ്ട് . പതിനഞ്ചെണ്ണം ശത്രുവിന്റെ നേർക്കും ഒരെണ്ണം സ്വന്തം തലയ്ക്കിട്ടും പ്രയോഗിക്കുമത്രെ
ഒടുവിൽ ഒരു ഫെബ്രുവരി 27 ന് അത് സംഭവിച്ചു. ആൽഫ്രഡ് പാർക്കിൽ വച്ച് ബ്രിട്ടീഷ് തീയുണ്ടകളെ അതേ നാണയത്തിൽ തന്നെ നേരിട്ടു . വെടിയേറ്റിട്ടും പൊരുതി . അവസാന ഉണ്ട സ്വന്തം തലയിലേക്കും പ്രയോഗിച്ചു .
ആൽഫ്രഡ് പാർക്ക് അന്നു മുതൽ ആസാദ് പാർക്കായി .. അവിടെ ആസാദ് ഒളിച്ച മരത്തിലെ ഓരോ വെടിയേറ്റ പാടുകളിലും സിന്ദൂരം പൂശി ജനങ്ങൾ ആരാധന തുടങ്ങി . ആ മരത്തെ പോലും പേടിച്ച ധ്വരകൾ അവസാനമതും വെട്ടിമാറ്റി ..
പക്ഷേ ആസാദിനെ ജനകോടികളുടെ മനസ്സിൽ നിന്ന് വെട്ടിമാറ്റാൻ ആർക്കുമായില്ല.. ആർക്കും !
ഒരാദർശ ദീപം കൊളുത്തൂ…
കെടാതായതാജന്മ കാലം വളർത്തൂ…
അതിന്നായഹോരാത്രമേകൂ
സ്വജീവന്റെ രക്തം..