കവിയായിരുന്നു ബഹദൂർഷാ ചക്രവർത്തി . വിപ്ലവത്തിന്റെ കൊടും ചൂടിൽ അദ്ദേഹമൊരു ഗസൽ രചിക്കുകയുണ്ടായി . ചിലർ അദ്ദേഹത്തോട് ചോദിച്ചു .
“ അങ്ങ് ഓരോ നിമിഷവും ദുർബ്ബലനായി വരികയാണ് . ജീവനു വേണ്ടി ഇംഗ്ലീഷുകാരോട് പ്രാർത്ഥിക്കൂ .. ഹേ ചക്രവർത്തീ ഇന്ത്യയുടെ വാൾ എന്നെന്നേക്കുമായി ഒടിഞ്ഞു പോയി .
ചക്രവർത്തി ഇങ്ങനെ പ്രത്യുത്തരം നൽകി എന്നു പറഞ്ഞു കേൾക്കുന്നു .
“ ഗാസിയോം മേ ബൂ രഹേഗി ജബ് തലക് ഇമാൻ കീ
തബ് തോ ലണ്ടൻ തക് ചലേഗീ തേഗ് ഹിന്ദുസ്ഥാൻ കീ “
“ വിശ്വാസക്കൂറിന്റെ നേരിയൊരംശമെങ്കിലും നമ്മുടെ വീരഹൃദയങ്ങളിൽ നിലനിൽക്കുന്നിടത്തോളം കാലം ഹിന്ദുസ്ഥാനത്തിന്റെ വാൾ മൂർച്ചയുള്ളതു തന്നെയായിരിക്കും . എന്നെങ്കിലുമത് ലണ്ടൻ നഗരകവാടങ്ങളെപ്പോലും തട്ടിത്തെറിപ്പിക്കും “
ബഹദൂർഷായുടേത് പാഴ്വാക്കായില്ല.. 1857 ന്റെ വിപ്ളവക്കനലുകൾ വാസുദേവ ബൽവന്ത് ഫഡ്കേയും ദാമോദർ ഹരി ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും വാസുദേവ ചാഫേക്കറും അണയാതെ സൂക്ഷിച്ചു .1857 ന്റെ കഥകളെഴുതി സവർക്കർ അത് ആളിക്കത്തിച്ചു .
പിന്നീട് ചന്ദ്രശേഖർ ആസാദും ഭഗത് സിംഗും യശ്പാലും അഷ്ഫഖുള്ളയും ഭഗവതി ചരണുമൊക്കെ ചേർന്ന ഹിന്ദുസ്ഥാൻ റിപ്പബ്ളിക്ക് അസോസിയേഷൻ.. അത് രൂപം മാറി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് അസോസിയേഷൻ.. ബ്രിട്ടീഷ് അധികാരവർഗ്ഗത്തിനെ വിറപ്പിച്ച ആലിപ്പൂരും കകോരിയും ലാഹോർ ബോംബേറും വിപ്ളവചരിത്രത്തിലെ തീനാമ്പുകളായി. ഒടുവിൽ ബ്രിട്ടീഷ് മേൽക്കോയ്മയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ച് ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കി ആസാദ് ഹിന്ദ് ഫൗജും..
സ്വാതന്ത്ര്യസമരസേനാനിയും അകാലി പ്രസ്ഥാനത്തിലെ പ്രമുഖനുമായിരുന്ന സുന്ദർ സിംഗ് ലിയാൾപുരി തുടങ്ങിവച്ച , സർദാർ കെ എം പണിക്കർ ആദ്യ എഡിറ്ററായ ദേശീയ പത്രത്തിന് 1924 ൽ പേരിട്ടത് ഹിന്ദുസ്ഥാൻ ടൈംസ് എന്നായിരുന്നു .
ഭാരതത്തിന്റെ വ്യാവസായിക സാങ്കേതിക മേഖലകളിലെ അഭിമാനമായ നവരത്ന കമ്പനികളിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും ഹിന്ദുസ്ഥാൻ പെട്രോളിയവുമുണ്ട് .
മിനിരത്ന കമ്പനികളിൽ ഹിന്ദുസ്ഥാൻ ലാറ്റക്സും ഹിന്ദുസ്ഥാൻ കോപ്പറും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും ഹിന്ദുസ്ഥാൻ പേപ്പറുമുണ്ട്
ജയ് മാ കാളി .. ആയോ ഗോർഖലി എന്ന് അട്ടഹസിച്ച് ശത്രുവിനെ മുടിക്കാൻ പാഞ്ഞടുക്കുന്നത് ഗൂർഖ റൈഫിൾസാണ് .ഹിന്ദു ഹൃദയ സമ്രാട്ട് ഛത്രപതി ശിവാജിക്ക് ജയ് വിളിച്ചു കൊണ്ട് പോർക്കളത്തിൽ അടരാടുന്നത് മറാത്ത ലൈറ്റ് ഇൻഫൻട്രിയാണ്. ഭഗവാൻ ശ്രീരാമചന്ദ്രൻ ജയിക്കട്ടെ എന്ന് അലറിയെത്തുന്ന രജപുത്ര വീര്യം രജപുട്ടാന റൈഫിൾസായി ഭാരത സൈന്യത്തിലുണ്ട് .
ജയ് ബജ്രംഗബലിയെന്ന് വിളിക്കുന്നത് രാജ്പുട്ട് റെജിമെന്റാണ്. ജ്വാലാമാതാവിന് ജയ് വിളിച്ച് ഡോഗ്രയും ബദരീനാഥ പ്രഭുവിനെ സ്മരിച്ച് ഘർവാൾ റൈഫിൾസും നിലയുറപ്പിക്കുന്നതും ഏതെങ്കിലുമൊരു സമൂഹത്തെ സംരക്ഷിക്കാനല്ല മറിച്ച് ഭാരതത്തെ സംരക്ഷിക്കാനാണ്..
ഹിന്ദും ഹിന്ദുസ്ഥാനവും ഹിന്ദുസ്ഥാനിയും ഹിന്ദുവുമെല്ലാം ഭാരതത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന , ഓരോ മൺ തരിയിലും കുടികൊള്ളുന്ന ചൈതന്യത്തിന്റെ ഭാഗമാണെന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണിവ .. ഇങ്ങനെയെത്രയെത്ര ..
ഭാരതത്തിന്റെ വേരുകൾ ഉറച്ചിരിക്കുന്നത് ഹിന്ദുയിസമെന്ന മണ്ണിലാണെന്ന് അയർലൻഡുകാരിയായ ആനീ ബസന്റിന് പറയേണ്ടി വന്നത് ഇതൊക്കെക്കൊണ്ട് കൂടിയാണ്..അവർ മറ്റൊന്ന് കൂടി പറഞ്ഞു . ആ മണ്ണിൽ നിന്ന് പിഴുതുമാറ്റിയാൽ ഭാരതമെന്ന വടവൃക്ഷം വാടിക്കരിഞ്ഞു പോകുമെന്ന് .