നായർ സമാജ പ്രവർത്തനങ്ങളുമായി മന്നത്ത് പദ്മനാഭൻ സമുദായത്തിന്റെ നേതാവായി ഉയർന്നുവരുന്ന കാലം .ശ്രീമൂലം തിരുനാളിന്റെ ജന്മദിനാഘോഷം ചങ്ങനാശ്ശേരിയിൽ ഒരുമിച്ചാഘോഷിക്കുന്ന പതിവ് കാലങ്ങളായി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരും പ്രമാണിമാരും എല്ലാവരും ചേർന്നുള്ള ആഘോഷമാണ് നടക്കാറുള്ളത് .രാവിലെയും വൈകിട്ടുമായി ടൗൺ ഹാളിൽ നടക്കുന്ന യോഗങ്ങളിൽ ഒന്നിൽ കത്തോലിക്ക പള്ളി വികാരി ജനറൽ കണ്ടങ്കരി കത്തനാരും അടുത്തതിൽ ഹിന്ദുക്കളുടെ പ്രതിനിധിയായി കൈനിക്കര കുമാരപിള്ളയുമായിരുന്നു അദ്ധ്യക്ഷനായി ഉണ്ടാവുക.
ആയിടയ്ക്ക് ഒരു കൊല്ലം മൂന്നു യോഗങ്ങൾ കൂടുകയും രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളിൽ കത്തോലിക്ക പള്ളിവികാരികൾ അദ്ധ്യക്ഷന്മാരാവുകയും ചെയ്തു . രാത്രി നടന്ന യോഗത്തിൽ ഹിന്ദുക്കളുടെ പ്രതിനിധിയും നായർ പ്രമാണിയുമായ കൈനിക്കര കുമാര പിള്ള അദ്ധ്യക്ഷനാകുമെന്നായിരുന്നു ഹിന്ദുക്കളുടെ വിശിഷ്യ നായന്മാരുടെയും പ്രതീക്ഷ . എന്നാൽ രാത്രി നടന്ന യോഗത്തിൽ കണ്ടക്കരി കത്തനാർ തന്നെ അദ്ധ്യക്ഷനായി .
ഇത് മന്നമുൾപ്പെടുന്ന ഹിന്ദുക്കൾക്ക് സഹിച്ചില്ല. ഇവിടുത്തെ ഹിന്ദുക്കളെ അവമാനിക്കുകയും അവകാശങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത പ്രവൃത്തിക്ക് കീഴടങ്ങാൻ തയ്യാറല്ലെന്നും ഇനി മുതൽ തിരുനാൾ ആഘോഷം ഹിന്ദുക്കൾ ഒറ്റയ്ക്ക് നടത്തുമെന്നും പ്രഖ്യാപിച്ച് മന്നം ഹാൾ വിട്ടിറങ്ങി . കൂടെ ബാക്കി ഹിന്ദുക്കളും പുറത്തിറങ്ങി. ഇതിന്റെ തുടർച്ചയായാണ് താലൂക്ക് നായർ സമാജമുണ്ടായതാണ് . ഇതാണ് പിന്നീട് എൻ.എസ്.എസ് താലൂക്ക് യൂണിയനായത്. ഇതുമായി ബന്ധപ്പെട്ടാണ് വിജയദശമി ആഘോഷവും തുടങ്ങിയത്.
എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും ആവശ്യപ്പെട്ടുകൊണ്ടുള്ള വൈക്കം , ഗുരുവായൂർ സത്യഗ്രഹങ്ങളിൽ നായർ സമുദായ നേതാവ് എന്നതിലുപരി ഹിന്ദു നേതാവ് എന്ന രീതിയിലാണ് മന്നം ഇടപെട്ടത് . വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സവർണജാഥ അതിന്റെ മകുടോദാഹരണമാണ് .ഹിന്ദുവിന്റെ ഏതൊരു പ്രസ്ഥാനവും വിജയിക്കണമെങ്കിൽ അതിന് വിശ്വാസത്തിന്റെയും ആദ്ധ്യാത്മികതയുടേയും അടിത്തറവേണമെന്ന് നല്ല നിശ്ചയമായിരുന്നു മന്നത്തിന് . അതുകൊണ്ട് വെള്ളവസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തിക്കൊണ്ടായിരുന്നു യാത്ര ആരംഭിച്ചതും.
യാത്ര വർക്കലയെത്തിയപ്പോൾ ജാഥാംഗങ്ങൾ മഞ്ഞ വസ്ത്രം ധരിച്ച് ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദർശിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ് യാത്ര തിരുവനന്തപുരത്തേക്കെത്തിയത്.എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യത്തിനായി ചെയ്യുന്ന നിസ്വാർത്ഥ സേവനത്തെ ഗുരുദേവൻ അഭിനന്ദിച്ചു . തിരുവനന്തപുരം പുത്തൻ കച്ചേരി മൈതാനത്തെ പുളകം കൊള്ളിച്ച സമ്മേളനത്തിനു ശേഷം പിറ്റേന്ന് 22,000 സവർണ ഹിന്ദുക്കളുടെ സമ്മതപത്രം മഹാറാണിക്ക് സമർപ്പിച്ചു. തുടർന്ന് ദിവാനോട് മന്നം നടത്തിയ അഭ്യർത്ഥന ഹിന്ദു ഐക്യത്തിന് കാഹളമോതുന്ന ഒന്നായിരുന്നു.
“ഞങ്ങൾ അഭ്യർത്ഥിക്കുന്നത് മറ്റ് മതക്കാർക്ക് നടക്കാൻ സ്വാതന്ത്ര്യമുള്ള വഴി ഞങ്ങളുടെ സഹോദരങ്ങൾക്കും അനുവദിച്ചു കൊടുക്കണമെന്നു മാത്രമാണ് . ഇതനുവദിക്കാതിരിക്കുന്നത് ഞങ്ങൾക്കെന്നല്ല പൊതുവെ ഹിന്ദുസമുദായത്തിനു തന്നെ അപമാനകരമാണ് . എട്ടു ലക്ഷമുള്ള സവർണ ഹിന്ദുക്കൾക്ക് എതിർപ്പുണ്ടെങ്കിൽ തന്നെ പതിനേഴ് ലക്ഷമുള്ള മറ്റ് ഹിന്ദുക്കൾ ഈ സങ്കടമനുഭവിക്കണമെന്നത് അന്യായമാണ് “
ദീർഘവീക്ഷണവും സമാജസ്നേഹവും ആത്മാർത്ഥതയുമുള്ള അഭ്യർത്ഥന. അന്ന് നായർ സമുദായത്തിന്റെ നേതാവ് ഹിന്ദു സമാജത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചതിങ്ങനെയൊക്കെയായിരുന്നു .
പെരുന്നയിൽ ഹിന്ദു കോളേജ് തുടങ്ങിയതിലേക്ക് തിരിച്ചു വരാം.
ചങ്ങനാശ്ശേരിയിൽ ആർച്ച് ബിഷപ്പിന്റെ മാനേജ്മെന്റിൽ കത്തോലിക്ക സഭയുടെ വകയായി സെന്റ് ബർക്ക്മാൻസ് കോളേജ് ഉള്ളപ്പോഴായിരുന്നു എൻ.എസ്.എസിന് കോളേജ് അനുവദിച്ചത് . എൻ.എസ്.എസിന്റെ കോളേജ് വരുന്നെന്ന് കേട്ടപ്പോൾ മുതൽ കത്തോലിക്ക സഭ എതിർപ്പ് തുടങ്ങി. വർഗീയതയും സംഘടിത ശക്തിയും സമം സമം യോജിപ്പിച്ച് എൻ.എസ്.എസിനെതിരെ ശക്തമായ പ്രചാരണ പരിപാടികൾ തന്നെ സഭ സംഘടിപ്പിച്ചു. ഗവണ്മെന്റിനും റസിഡന്റിനും ഗവർണർക്കും വൈസ്രോയിക്കും ഇന്ത്യാ ചക്രവർത്തിക്കും റോമിലെ പോപ്പിനും വരെ സഭ കമ്പിയടിച്ച് കോളേജ് വരുന്നത് തടയണമെന്നാവശ്യപ്പെട്ടു.
പെരുന്നയിൽ നിശ്ചയിക്കപ്പെട്ട പതിനേഴരയേക്കർ സ്ഥലത്ത് നിന്ന് കുടിയേറിവരെ ഒഴിപ്പിക്കൽ ദുഷ്കരമായി . ഇടയ്ക്കൊക്കെ സ്ഥലമെടുപ്പ് നിർത്തിവയ്ക്കപ്പെട്ടപ്പോൾ എൻ.എസ്.എസിനെ പരിഹസിച്ച് പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും സഭാ വിശ്വാസികൾ പരിഹാസ ലേഖനങ്ങളെഴുതി. ഒരു പടി കൂടി കടന്ന് ചങ്ങനാശ്ശേരി ബിഷപ്പ് കാളാശ്ശേരി, വാളും മടിശ്ശീലയുമെടുക്കാൻ ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തു.
സാമുദായിക സൗഹാർദ്ദം നിലനിൽക്കേണ്ടത് ഏകപക്ഷീയമായിട്ടല്ല എന്ന് നന്നായി അറിയാവുന്ന മന്നത്ത് പദ്മനാഭൻ ബിഷപ്പിന്റെ കൈമുത്താൻ പോയില്ല . പരിഹാസം ഒട്ടും കുറയ്ക്കാതെ എന്നാൽ കർക്കശമായി കിറുകൃത്യം മറുപടി കൊടുത്തത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
“ കുഞ്ഞാടുകളോടദ്ദേഹം എന്താണ് പറയുന്നത് ? . വാളും മടിശ്ശീലയുമെടുക്കാൻ . എന്തു വാള് ? ആത്മീയ വാള് . എന്നുവച്ചാൽ എന്താണെന്ന് ബിഷപ്പിനും അറിയാമെന്ന് തോന്നുന്നില്ല. ആത്മീയ വാൾ കായം കുളം വാളു പോലെയാണോ ? അതുപോലെ തന്നെ ആത്മീയ മടിശീലയും . എനിക്കൊരു രൂപവും കിട്ടുന്നില്ല . ബിഷപ്പ് ഒരു സന്യാസിയാണെന്നാണ് വയ്പ്. അങ്ങനെയുള്ള ആളാണ് വിവരം കുറഞ്ഞ അനുയായികളെ ആവേശം കൊള്ളിക്കാൻ വാളും മടിശ്ശീലയുമെടുക്കാൻ പറയുന്നത് “
ബിഷപ്പന്മാർ കട്ടിലേൽ ഇരിക്കേണ്ടതിനു പകരം എഴുന്നള്ളിയിരുന്നപ്പോൾ മുതലാണ് രാജ്യത്ത് അസ്വാസ്ഥ്യങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്ന് പിന്നീടൊരിക്കൽ മന്നം തുറന്നടിക്കുകയും ചെയ്തു. ഇങ്ങനെ കത്തോലിക്ക സഭയുടെ ശക്തമായ എതിർപ്പിനെ അതിജീവിച്ചാണ് പ്രീ യൂണിവേഴ്സിറ്റി കോളേജായി ചങ്ങനാശ്ശേരി ഹിന്ദു കോളേജ് തുടക്കമിട്ടത്.
തിരുവനന്തപുരം എം.ജി , ചങ്ങനാശ്ശേരി ഹിന്ദു , പന്തളം എൻ.എസ്.എസ് കോളേജുകളുടെ പണി ഒരുമിച്ചാണ് നടന്നത് . എൻ.എസ്.എസിന് വലിയ സാമ്പത്തിക ഞെരുക്കമുണ്ടായി. മന്നം അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ രാജ്യത്ത് തന്നെ പലയിടത്തും ‘തെണ്ടൽ ‘ നടത്തിയെങ്കിലും വലിയെ നേട്ടമൊന്നുമുണ്ടായില്ല.
അന്നത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി എം.പി മന്മഥൻ നായർ ധനസമ്പാദനത്തിനായി കണ്ടുപിടിച്ച വഴി പിൽക്കാലത്ത് പല സംഘടനകൾക്കും വഴികാട്ടിയായ നൂതന ആശയമായിരുന്നു .
ഉത്പ്പന്നപ്പിരിവ്.
എൻ.എസ്.എസ് കോളേജിനു വേണ്ടി ഭവനങ്ങളിൽ നിന്ന് രണ്ട് തെങ്ങിന് ഒരു തേങ്ങ എന്ന നിലയിൽ സംഭാവന സ്വീകരിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത് . തേങ്ങയ്ക്ക് പകരം നിശ്ചിത തുകയും നൽകാം . ഇതൊരു ഭക്തിനിർഭരമായ യജ്ഞമായി നടത്താനായിരുന്നു താൻ പദ്ധതിയിട്ടതെന്ന് എം.പി മന്മഥൻ ആത്മകഥയായ സ്മൃതിദർപ്പണത്തിൽ പറയുന്നുണ്ട് .
കരക്കമിറ്റിക്കാരും വളന്റിയർമാരും കുളി കഴിഞ്ഞ് രാവിലെ ആറുമണിക്ക് മുൻപ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതിനു ശേഷമായിരുന്നു പിരിവ് . വാദ്യഘോഷങ്ങളുമായി വീട്ടുമുറ്റത്ത് ചെന്നു നിൽക്കുമ്പോൾ ഗൃഹനായിക നിലവിളക്ക് കൊളുത്തിവച്ച് സ്വീകരിക്കും . എന്നിട്ടാണ് സംഭാവന കൈമാറേണ്ടത് .സംഭാവന കൈമാറുമ്പോൾ കുരവ മുഴക്കണമെന്നും നിശ്ചയിച്ചിരുന്നു.ഉത്പ്പന്ന പിരിവിനു പോകുമ്പോൾ ചൊല്ലാനുണ്ടാക്കിയ പ്രാർത്ഥന കേരളം മുഴുവൻ പ്രസിദ്ധവുമായി . പന്തളം കെപിരാമൻ പിള്ളയെഴുതിയ ആ പ്രാർത്ഥന ഈ തലമുറയിൽ പോലും സുപരിചിതമാണ്.
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും.
എന്ന് തുടങ്ങുന്ന പ്രാർത്ഥന പിൽക്കാലത്ത് എത്രയോ സ്കൂളുകളിൽ ഈശ്വരപ്രാർത്ഥനയായി മുഴങ്ങിയിട്ടുണ്ട് . ഇന്നും മുഴങ്ങുന്നുമുണ്ട് . അങ്ങനെ ഭക്തിയോടെ ഉത്പന്നപ്പിരിവ് നടത്തി ഒരേ സമയത്ത് കെട്ടിപ്പൊക്കിയ കോളേജുകളാണ് എം.ജിയും ഹിന്ദു കോളേജും പന്തളം കോളേജും . കറ്റച്ചക്കോണം കേശവദാസപുരമായതും എം ജി കോളേജ് നിർമ്മാണത്തോടനുബന്ധിച്ചാണ് .
നായർ സമുദായത്തെയും ഹിന്ദു സമൂഹത്തെയും വേറിട്ടു കണ്ടുള്ള പ്രവർത്തനമായിരുന്നില്ല എൻ.എസ്.എസിനെന്ന് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്ന് തികച്ചും സ്പഷ്ടമാണ് . മത സൗഹാർദ്ദത്തിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്നെങ്കിലും സംഘടിത മത ശക്തികളുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാൻ മന്നത്തിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് തയ്യാറായിരുന്നില്ല .
അല്പമെങ്കിലും പുറകോട്ട് പോകേണ്ടി വന്നത് കണ്ണൂർ കൊട്ടിയൂർ ക്ഷേത്രഭൂമിയുടെ വിഷയത്തിലാണ് . കൊട്ടിയൂർ ക്ഷേത്രത്തിന്റെ 27,000 ഏക്കർ ഭൂമി ക്രിസ്ത്യാനികളുടെ സംഘടിത കയ്യേറ്റത്തെ ചെറുക്കാൻ എൻ.എസ്.എസിനു കൈമാറിയിരുന്നു. സഭയുടെ അനുഗ്രഹാശിസ്സുകളോടെ ഫാദർ വടക്കന്റെയും മുൻ മന്ത്രി വെല്ലിംഗ്ടണിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ഇതിനെതിരെ നടന്നു. കമ്യൂണിസ്റ്റുകളും അവരെ പിന്തുണച്ചു. ഒടുവിൽ എൻ.എസ്.എസിനു യാതൊരു സ്വാധീനവുമില്ലാത്ത മേഖലയായതിനാൽ ഭൂമി സംരക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ മന്നം അത് കൊട്ടിയൂർ ദേവസ്വത്തിനു തന്നെ തിരിച്ചു നൽകുകയായിരുന്നു.
1970 ൽ മന്നം മരിക്കുമ്പോൾ 93 സ്കൂളുകൾ എൻ.എസ്.എസിന്റെ അധീനതയിലുണ്ടായിരുന്നു. ഇന്ന് ആകെയുള്ള 25 കോളേജുകളിൽ 21 എണ്ണവും അതിനു മുൻപ് ആരംഭിച്ചതാണ് . ബാക്കിയുള്ള നാലെണ്ണത്തിൽ രണ്ടെണ്ണമെങ്കിലും അതിനു മുൻപ് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നതുമാണ്.
എൻ.എസ്.എസിന് ഒരു മെഡിക്കൽ കോളേജ് മന്നത്തിന്റെ സ്വപ്നമായിരുന്നു . 1962 ൽ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന സുശീല നയ്യാർ അനുഭാവത്തോടെ ആ ആവശ്യം പരിഗണിക്കുകയും ചെയ്തിരുന്നു . തൃപ്പൂണിത്തുറ കൊട്ടാരവും സ്ഥലവും അതിന് വേണ്ടി സംഭാവന നൽകാമെന്ന വാഗ്ദാനവും വന്നിരുന്നു . ഒടുവിൽ സംഭവിച്ചതോ ?
കാളശ്ശേരി പിതാവിന്റെ ആത്മീയ വാളിനെ ചെറുത്ത് മന്നം പെരുന്ന ഹിന്ദു കോളേജുണ്ടാക്കിയപ്പോൾ പിന്നത്തെ എൻ .എസ്.എസുകാരാകട്ടെ കിട്ടിയ മെഡിക്കൽ കോളേജ് ആത്മീയ കുരിശിന് കാണിക്കയായി സമർപ്പിച്ചു.
നായരെ കടിച്ച കൊതുക് പിന്നാരെയും കടിക്കില്ലെന്നും അത് അലസനായ നായരുടെ ചോര ശരീരത്ത് കയറിയത് കൊണ്ടാണെന്നും ഇനിയഥവാ കടിച്ചാൽ തന്നെ കടിയേൽക്കുന്നവനും അലസനാകുമെന്നും ഒരിക്കൽ പരിഹാസ രൂപേണ പറഞ്ഞത് സാക്ഷാൽ മന്നം തന്നെയാണ് . ആറു പതിറ്റാണ്ടിലധികം നീണ്ട പ്രവർത്തനങ്ങൾ കൊണ്ട് ആ അവസ്ഥ മാറ്റിയതും അദ്ദേഹം തന്നെയാണ് .
ഇന്നുള്ള നായർ സമുദായ നേതാക്കളിൽ നല്ലൊരു പങ്കിനും പഴയ കൊതുകിന്റെ കടിയേറ്റിട്ടുണ്ടെന്ന് കരുതേണ്ടി വരും. അതല്ലെങ്കിൽ കഞ്ഞിപ്പുഴുക്കും കഴിച്ച് കാൽനടയായി കഷ്ടപ്പെട്ട് പൂർവികർ ഉണ്ടാക്കിവച്ച വസ്തുവകകളിൽ ഞെളിഞ്ഞമർന്ന് സുഖലോലുപത പഠിച്ചു പോയതുകൊണ്ടുമാകാം .
സാമൂഹിക നവോത്ഥാനത്തിന് ഉണർവേകിയ വൈക്കം , ഗുരുവായൂർ സത്യാഗ്രഹങ്ങൾ , ക്ഷേത്രപ്രവേശന വിളംബരം , സർ സിപിയുടെ അമേരിക്കൻ മോഡലിനെതിരെയുള്ള പ്രക്ഷോഭം ,സ്റ്റേറ്റ് കോൺഗ്രസ് , ഹിന്ദുമത മഹാമണ്ഡലം , വിമോചന സമരം തുടങ്ങി കേരളം കണ്ട ചെറുതും വലുതുമായ സംഭവങ്ങളിലെല്ലാം മന്നവും എൻ.എസ്.എസും വലിയ പങ്കു വഹിച്ചിട്ടുണ്ട് . അതിൽ നല്ലൊരു ശതമാനവും സമുദായമെന്നതിലുപരി ഹിന്ദു ധർമ്മത്തിനു വേണ്ടിയായിരുന്നു . വിശാലമായ രാഷ്ട്ര താത്പര്യവും അതിലുൾപ്പെട്ടിരുന്നു.
ഇന്നോ?
ഹിന്ദു സമാജം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ പെരുന്നയിലെ ദന്തഗോപുരവാസികൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞതായി ആരെങ്കിലും കേട്ടിട്ടുണ്ടോ ?
മന്നത്തിനു ശേഷം ഹിന്ദു ഐക്യത്തിനോ ഹിന്ദു നവോത്ഥാനത്തിനോ വേണ്ടി ഒരു ചുവടെങ്കിലും മുന്നോട്ടു വയ്ക്കാൻ എൻ.എസ്.എസിനു കഴിഞ്ഞിട്ടുണ്ടോ ?
പകരം പറയുന്നതോ?
മന്നം ജയന്തിക്ക് ഹിന്ദു സന്യാസികളെ വിളിക്കാൻ സാധിക്കാത്ത വിധത്തിൽ മതാതീതമാണു പോലും എൻ.എസ്.എസ് . ഹിന്ദുവിനും ഹിന്ദുത്വത്തിനും സ്ഥാനമങ്ങ് പടിപ്പുരയ്ക്ക് വെളിയിലാണു പോലും. അഭിവൃദ്ധിയുണ്ടാകാത്തതിന് കാരണങ്ങൾ ഇനി വേറെ അന്വേഷിക്കേണ്ടതുണ്ടോ !
എൻ.എസ്.എസിന്റെ ആദ്യ സ്കൂളിൽ കുട്ടികൾ ആദ്യമായി ഹരിശ്രീ കുറിച്ചത് ഒരു മഹാപുരുഷന്റെ ജന്മദിനത്തിലായിരുന്നു . അദ്ദേഹം തന്റെ പ്രഭാഷണ പരമ്പരകൾക്കിടെ പറഞ്ഞ ഒരു കാര്യം നായകസ്ഥാനത്ത് ഇപ്പോൾ അമർന്നിരിക്കുന്നവരുടെ സമക്ഷം ആദരവോടെ സമർപ്പിക്കുന്നു..
“ഒരാള്‍ സ്വയം വെറുക്കുമ്പോള്‍ അതവസാന അടിയായി. പ്രപിതാമാഹാന്മാരെ ഓര്‍ത്തു ലജ്ജിക്കുമ്പോള്‍ അതവസാനവുമായി. ഇതാ ഞാന്‍ ഹിന്ദു വര്‍ഗത്തിലെ ഒരു സാധാരണക്കാരന് . പൂര്‍വികരെ കുറിച്ച് അഭിമാനിക്കുന്നു. ഒരു ഹിന്ദു എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. സന്യാസികളുടെ പിന്തുടർച്ചക്കാരനും ലോകം കണ്ട ഋഷീശ്വരന്മാരില് ഏറ്റവും പഴക്കം ചെന്നവരുടെ പിൻതലമുറക്കാരായവരിൽ ഒരാളുമാണ് എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അത് കൊണ്ട് സ്വയം വിശ്വസിക്കുക. പൂര്‍വികരില്‍ അഭിമാനം കൊള്ളുക.“
കാഷായവസ്ത്രധാരിയാണ് പറഞ്ഞത് . ദയവായി അങ്ങയുടെ ജിഹ്വാഖഡ്ഗമെടുത്ത് പുച്ഛത്തോടെ വെട്ടരുത് .
സ്വാമി വിവേകാനന്ദനാണത്!
(ബ്രേവ് ഇന്ത്യാ ന്യൂസിൽ വന്ന ലേഖനം)
ആദ്യ ഭാഗം ഇവിടെ
കാളാശ്ശേരി ബിഷപ്പും മന്നത്തിന്റെ കായംകുളം വാളും – സ്മരണ വേണം നായരേ സ്മരണ -2
Discussion about this post