കേരളത്തിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കാൻ പ്രക്ഷോഭം നടക്കുന്ന കാലത്ത് അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1929 മാർച്ച് 10 ന് ഒരു ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു . അഞ്ചാം ശങ്കരാചാര്യമഠമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർവിർപീഠത്തിലെ ശങ്കരാചാര്യർ കുർതകോടി ആയിരുന്നു ശിലാസ്ഥാപനം നടത്തിയത്.
കൃപാണും കുണ്ഡലിനിയും അങ്കിതമായ ഭഗവപതാകകൾ കൊണ്ടലങ്കരിച്ച് അന്ന് രത്നഗിരി സൗന്ദര്യവതിയായിരുന്നു . ആബാലവൃദ്ധം ജനങ്ങൾ ചടങ്ങിനെ ആഘോഷമാക്കിയപ്പോൾ അധകൃതരെന്ന് കരുതപ്പെട്ട് അകറ്റി നിർത്തിയിരുന്ന വാത്മീകി സമൂഹത്തിലെ ശിവു ചവാനായിരുന്നു സ്വാഗത ഗാനം ആലപിച്ചത് .
അന്ന് ജനക്കൂട്ടത്തെ സാക്ഷിനിർത്തി കൃശഗാത്രനായ ഒരു പൂനെക്കാരൻ ഇങ്ങനെ പറഞ്ഞു.
കാശിയിലും പുരിയിലും ദ്വാരകയിലും രാമേശ്വരത്തും അങ്ങനെ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ജാതി വർണ ഭേദമെന്യേ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്നതാണ് എന്റെ ആവശ്യം . സാമൂഹികമായ അങ്ങനെയൊരു വിപ്ളവം ഉണ്ടാകുന്നത് വരെ അതിനു മുന്നോടിയായി ഇവിടെ എല്ലാവർക്കും കയറാനും എല്ലാവർക്കും പൂജ ചെയ്യാനുമുള്ള ക്ഷേത്രം നമുക്ക് നിർമ്മിക്കണം.
ഇതിൽ ശ്രീകോവിലിൽ ഭഗവാൻ വിഷ്ണുവിന്റെയും ലക്ഷ്മിയുടേയും വിഗ്രഹങ്ങളുണ്ടാവും . ശരീര ശുദ്ധിയുള്ള ഏതൊരു ഹിന്ദുവിനും ഇതിനുള്ളിൽ കടന്ന് പൂജ ചെയ്യാനും പ്രാർത്ഥിക്കാനും കഴിയും . എല്ലാ ഹിന്ദുക്കൾക്കും ഈ ക്ഷേത്രത്തിൽ തുല്യ അധികാരമായിരിക്കും . ഇതിന്റെ പേര് പതിതപാവന മന്ദിർ എന്നായിരിക്കും.
രണ്ട് വർഷം കൊണ്ട് ക്ഷേത്രം പൂർത്തിയായി . ഭാഗോജി സേത്ത് കീർ എന്നയാളാണ് ക്ഷേത്രത്തിന്റെ നിർമാണ ചിലവുകൾ ഏറ്റെടുത്ത് നടത്തിയത് .ഒരു ലക്ഷം രൂപ ചെലവായി. ഒടുവിൽ ആ സുദിനം വന്നണഞ്ഞു. പൂജയ്ക്ക് അധികാരമില്ലാത്ത ഭണ്ഡാരി സമുദായത്തിൽ പെട്ട ഭാഗോജിയെക്കൊണ്ട് തന്നെ ആദ്യ പൂജ ചെയ്യിക്കണമെന്നായിരുന്നു തീരുമാനം .
ക്ഷേത്രത്തിനു മുൻ കയ്യെടുത്ത ആ പൂനെ സ്വദേശി അതിനു വേണ്ടി രണ്ടു ദിവസം തന്നെ കാശിയിൽ നിന്ന് വന്ന ബ്രാഹ്മണരോട് സംവാദം നടത്തി . പക്ഷേ ഭാഗോജിയെക്കൊണ്ട് പൂജ ചെയ്യിക്കാൻ അവർ ഒരുക്കമായിരുന്നില്ല .
ഇത് കണ്ട് നിരാശനായ ഭാഗോജി ഉദ്യമത്തിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചു. എന്നാൽ പൂനെക്കാരനുണ്ടോ വിടുന്നു . എന്തിനാണോ നാമിതിന് തീരുമാനിച്ചത് . അത് സാദ്ധ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ക്ഷേത്രത്തിന്റെ ആവശ്യമെന്ത് . മറ്റ് ക്ഷേത്രങ്ങൾ തന്നെ മതിയല്ലോ . ഇവർ സമ്മതിച്ചില്ലെങ്കിൽ സമ്മതിക്കുന്നവരെ കൊണ്ട് നമുക്ക് ചെയ്യാം . തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല . അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
ഒടുവിൽ അദ്ദേഹം തന്നെ ജയിച്ചു ..
1931 ഫെബ്രുവരി 22 ന് പതിതപാവനമന്ദിറിൽ പ്രതിഷ്ഠ നടന്നു. ഗണേശശാസ്ത്രി മോദകിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർ നേതൃത്വം നൽകിയ ചടങ്ങിൽ ശങ്കരാചാര്യ കുത്രകോടി പ്രതിഷ്ഠ നടത്തി. ഭാഗോജി തന്നെ പൂജ ചെയ്തു .ചാമർ , മഹർ , വാത്മീകി തുടങ്ങിയ ഹിന്ദു സമൂഹങ്ങളിലെ അധകൃതരെന്ന് ചാപ്പ കുത്തി മാറ്റിനിർത്തിയിരുന്ന എല്ലാ ജാതികളുടേയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ചാമർ നേതാവ് രാജ്ഭോജ് , മഹർ നേതാവ് സുബേദാർ ഗാഡ്ഗെ തുടങ്ങിയവർ നേതൃത്വം നൽകി
ചടങ്ങിനു ശേഷം ഭഗവ പതാകകളുമായി വലിയ ഘോഷയാത്ര തന്നെ നടന്നു . ഹിന്ദു ധർമ്മം ജയിക്കട്ടെയെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച് എല്ലാ ഹിന്ദുക്കളും ഘോഷയാത്രയിൽ പങ്കെടുത്തു . അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലെ വലിയൊരു വിപ്ളവം രത്നഗിരിയിൽ തുടക്കമിട്ടു.
പതിതപാവന ക്ഷേത്രത്തിന് കാരണഭൂതനായ ആ പൂനെക്കാരനെ നിങ്ങൾ ഇതിനോടകം ഊഹിച്ചിട്ടുണ്ടാകും ..
ശരിയാണ് . വിനായക് ദാമോദർ സവർക്കർ
വൈക്കം മഹാദേവ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പൊതുവഴിയിൽ കൂടി എല്ലാ ഹിന്ദുക്കൾക്കും നടക്കാനുള്ള അവകാശത്തിനു വേണ്ടി ( ഓർക്കുക ക്ഷേത്രത്തിൽ കയറാനല്ല , പൊതു വഴിയിലൂടെ നടക്കാൻ ) യുള്ള പൂർണമായും വിജയിക്കാത്ത പ്രക്ഷോഭം കഴിഞ്ഞിട്ട് അപ്പോൾ ഏഴുവർഷമായിരുന്നു.
ഗുരുവായൂർ സത്യാഗ്രഹം തുടങ്ങുന്നത് പിന്നെയും എട്ടുമാസം കഴിഞ്ഞ് നവംബറിൽ . ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്നത് പിന്നെയും അഞ്ചുവർഷം കഴിഞ്ഞ് 1936 ൽ
ദളിതന് ക്ഷേത്രത്തിൽ കയറാൻ പോലും അവകാശമില്ലാതിരുന്ന അക്കാലത്ത് ക്ഷേത്രത്തിൽ കയറുക മാത്രമല്ല പൂജയും ചെയ്യാമെന്ന് പ്രഖ്യാപിച്ച് അതിന് ക്ഷേത്രവും പണിഞ്ഞ 1931 നു ശേഷം ഇപ്പോൾ എട്ടു പതിറ്റാണ്ടുകൾ കടന്നു പോയിരിക്കുകയാണ് .
ഇന്നും നമുക്ക് ഇവിടെ ദളിതൻ പൂജാരിയായത് വലിയ വിപ്ളവമാണ് പോലും . സത്യത്തിൽ ഞാനും നിങ്ങളുമടങ്ങുന്ന കേരളീയർ അപമാനം കൊണ്ട് തലകുനിക്കുകയാണ് വേണ്ടത് . ഇതുവരെ ഇത് നടക്കാഞ്ഞതിൽ … !
Discussion about this post