2008 നവംബർ 26
മുംബൈയിൽ അധോലോക സംഘങ്ങൾ തമ്മിൽ വെടിവെപ്പു നടക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് ആദ്യം പുറത്തുവന്നത് . ശിവജി ടെർമിനൽസിൽ അനേകം യാത്രക്കാർക്ക് വെടിയേറ്റുവെന്ന വാർത്ത തൊട്ടുപിന്നാലെ. ഭീകര വിരുദ്ധ സ്ക്വാഡും സിആർപിഎഫും സംഭവസ്ഥലത്തേക്ക് കുതിക്കുന്നു എന്ന് ടിവിയിൽ സ്ക്രോളുകൾ വന്നുതുടങ്ങി . ഒടുവിൽ എല്ലാം വ്യക്തമാക്കിക്കൊണ്ട് ബ്രേക്കിംഗ് ന്യൂസ്.
മുംബൈയിൽ ഭീകരാക്രമണം..
രാജ്യം ഞെട്ടിത്തരിച്ചു പോയ മൂന്നു ദിവസങ്ങളായിരുന്നു അത് . നൂറ്റിയറുപത്താറു പേർക്ക് ജീവൻ നഷ്ടപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിൽ രാജ്യമൊന്നുലഞ്ഞു എന്നതിൽ സംശയമില്ല. ലഷ്കർ ഇ തോയ്ബയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച പത്തു ഭീകരരായിരുന്നു ആക്രമണം നടത്തിയത്. നേവിയുടെ പ്രത്യേക കമാൻഡോ വിഭാഗമായ മാർക്കോസും നാഷണൽ സെക്യൂരിറ്റി ഗാർഡും പാരാട്രൂപ്പർമാരുമെല്ലാം ഒത്തുചേരേണ്ടി വന്നു ആ ആക്രമണത്തെ പ്രതിരോധിക്കാൻ .നവംബർ 29 ന് അവസാനത്തെ ഭീകരനേയും വധിച്ചതോടെയാണ് മൂന്ന് രാത്രിയും മൂന്നു പകലും നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിന് പരിസമാപ്തിയായത്.
താജിലും , ട്രിഡന്റിലും , നരിമാൻ ഹൗസിലും മുംബൈ സിഎസ്ടിയിലും ഒരേസമയത്ത് നടന്ന ആക്രമണത്തിൽ സന്ദീപ് ഉണ്ണികൃഷ്ണ, ഹേമന്ത് കാർക്കറെ , അശോക് കാംതെ , വിജയ് സലാസ്കർ തുടങ്ങിയ സമർത്ഥരായ സുരക്ഷ സേനാംഗങ്ങളെ രാജ്യത്തിനു നഷ്ടമായി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ നഗരം നേരിടേണ്ടി വന്നത്. പരോക്ഷമായുണ്ടായ നഷ്ടങ്ങൾ വേറെയും.
ഇത്തരത്തിൽ രാജ്യം ഭീകരാക്രമണത്തിന്റെ നടുക്കത്തിലായിരിക്കെ കേരളത്തിൽ ചില മാദ്ധ്യമങ്ങൾ ചർച്ച ചെയ്തത് ലഷ്കർ ഭീകരരുടെ കൈത്തണ്ടയിൽ കെട്ടിയിരുന്ന ചരടിനെപ്പറ്റിയായിരുന്നു.എടിഎസ് തലവൻ ഹേമന്ത് കാർക്കറെ കൊല്ലപ്പെട്ടതിനു പിന്നിൽ ആർ.എസ്.എസ് ഗൂഢാലോചന ഉണ്ടെന്നായിരുന്നു അവരുടെ പക്ഷം. ചില മാദ്ധ്യമങ്ങൾ അൽപ്പം കൂടി കടന്ന് ആർ.എസ്.എസ് -സിഐഎ-മൊസാദ് ഗൂഢാലോചനയാണെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിച്ചു. എഡിറ്റോറിയൽ പേജിൽ വരെ ലേഖനമെഴുതിച്ചു.
ജമ അതെ ഇസ്ലാമിയുടെ മാധ്യമവും പോപ്പുലർ ഫ്രണ്ടിന്റെ തേജസ്സുമായിരുന്നു ഈ രാജ്യവിരുദ്ധ ആശയം പ്രചരിപ്പിക്കാൻ മുൻപന്തിയിൽ നിന്നത്. പോപ്പുലർ ഫ്രണ്ട് സഹയാത്രികനും കോളേജ് പ്രൊഫസറുമായിരുന്ന എം.എസ് ജയപ്രകാശായിരുന്നു മാധ്യമം പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ലേഖനമെഴുതിയത് .പാകിസ്ഥാൻ പത്രത്തിൽ വന്ന അമരേഷ് മിശ്രയുടെ ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ച് തേജസ് പത്രവും ഭീകരരോടുള്ള തങ്ങളുടെ പിന്തുണ അറിയിച്ചു.
ഇതിലെല്ലാം പറഞ്ഞിരുന്നത് ഒരു വിഷയം മാത്രമായിരുന്നു. മുംബൈ ആക്രമണത്തിനു പിന്നിൽ പാകിസ്ഥാനോ , ഐഎസ്ഐയോ , ലഷ്കർ ഇ തോയ്ബയോ അല്ല , മറിച്ച് അത് ആർ.എസ്.എസും മൊസാദും സി ഐഎ യും ചേർന്നാണ് ചെയ്തതെന്നായിരുന്നു . ആക്രമണത്തിനു വന്ന അജ്മൽ കസബെന്ന ഭീകരനെ ജീവനോടെ പിടികൂടി വേണ്ട തെളിവുകൾ ശേഖരിച്ച് പാകിസ്ഥാനാണ് പിന്നിലെന്ന് രാജ്യം ഉറപ്പിക്കുമ്പോഴാണ് അകത്ത് നിന്നു തന്നെ ശത്രു രാജ്യത്തിന് അനുകൂലമായി പേനയുന്തൽ നടന്നത്.ഭീകരവാദത്തിന് ചെല്ലും ചെലവും കൊടുക്കുന്ന പണി കേരളത്തിലെ മതമൗലിക വാദ സംഘടനകൾ തുടങ്ങിയത് ഈ അടുത്തയിടയ്ക്കൊന്നുമല്ലെന്ന് സാരം.
മുംബൈ ആക്രമണത്തിന് ഒരു മാസം മുൻപായിരുന്നു ഇന്ത്യൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ മലയാളികൾ കശ്മീരിലെത്തിയെന്ന വിവരം പുറത്തുവന്നത് . . ഫയാസ്,ഫായിസ് ,അബ്ദുൾ റഹിം , മൊഹമ്മദ് യാസിൻ എന്നീ നാലു മലയാളികളാണ് അന്ന് സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട് കേരളത്തിലെത്തിയ അബ്ദുൾ ജബ്ബാർ അറസ്റ്റിലുമായി.
എടക്കാട് കേസ് ( ഫയൽ നംബർ- RC-02/2010/NIA/DLI ) എന്ന പേരിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച് കോടതിയിൽ നിന്ന് കുറ്റവാളികൾക്കെതിരെ വിധി സമ്പാദിച്ച കേസിൽ കൊല്ലപ്പെട്ടവരുൾപ്പെടെ ആകെയുണ്ടായിരുന്നത് 24 പ്രതികളാണ്. ഇതിൽ അഞ്ചു പേർ കുറ്റവിമുക്തരായപ്പോൾ തടിയന്റവിടെ നസീർ, സർഫ്രാസ് നവാസ് , അബ്ദുൾ ജലീൽ എന്നിവരുൾപ്പെടെ പതിമൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചു. രണ്ടു പേരെ ഇനിയും പിടികൂടിയിട്ടില്ല.
കേസിലെ ഒന്നാം പ്രതിയും പ്രധാന ആസൂത്രകനുമായ കോട്ടൂർ അബ്ദുൾ ജലീൽ എന്നയാൾ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു. ഇയാളെ അനാവശ്യമായി പൊലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുന്നെന്നായിരുന്നു ആദ്യം പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം. കേസ് പുരോഗമിച്ചപ്പോൾ മുസ്ലിങ്ങളെ കുടുക്കാൻ വേണ്ടി ഇന്റലിജൻസ് ബ്യൂറോ നടത്തിയ നാടകമാണെന്നായിരുന്നു പിന്നീട് ഈ മതതീവ്രവാദ സംഘടനയുടെ ഭാഷ്യം.( വിധി വന്നപ്പോൾ ജീവപര്യന്തമായിരുന്നു അബ്ദുൾ ജലീലിനു ലഭിച്ചത് )
ഈ സംഭവത്തിനു ശേഷം ഒരു മാസം കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം നടക്കുന്നത്. ഭീകരാക്രമണത്തിനെത്തിയവർക്ക് സഹായമൊരുക്കാനായിരുന്നോ കശ്മീരിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്തതെന്നും സംശയങ്ങൾ ഉയർന്നിരുന്നു.. മാത്രമല്ല കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ നടത്തിയ ഇരവാദവും അസത്യ പ്രചാരണവും മുംബൈ ആക്രമണ സമയത്തും തേജസും മാധ്യമവും അതുപോലെ തുടർന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മുംബൈ ആക്രമണത്തിനു ശേഷം പത്തുവർഷം പിന്നിടുമ്പോൾ മലയാളികൾ പ്രതികളായ , ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചതും ഇപ്പോഴും അന്വേഷണം നടക്കുന്നതുമായ ഭീകരവാദക്കേസുകളുടെ ആകെ എണ്ണം ഇരുപത്തിയഞ്ചോളം വരും .ഇതിൽ ഒൻപതെണ്ണം ഐഎസ് കേസുകളാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർക്കാൻ പാകിസ്ഥാനിൽ നിന്ന് കള്ളനോട്ട് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒൻപതോളം കേസുകളുണ്ട്. മറ്റ് ഭീകരവാദക്കേസുകൾ ഏഴെണ്ണമുണ്ട്. അഖില വിഷയത്തിൽ ഭീകര പ്രവർത്തനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതും എൻ.ഐ.എയാണ്.
കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി യുദ്ധം ചെയ്യാൻ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലേക്കും പോയവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് മുപ്പതിനടുത്തെത്തും. അനൗദ്യോഗിക കണക്കുകളിൽ സംഖ്യ നൂറിലധികമാണ്. ഇതിൽ ഡൽഹി എൻ.ഐ,.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് . വി കെ ഷാജഹാൻ എന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായതോടെയാണ് കണ്ണൂർ ഐഎസ് സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്.
പാലക്കാട് , കാസർഗോഡ്, കണ്ണൂർ, പാലാരിവട്ടം , വളപട്ടണം, പറവൂർ , ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ജിഹാദി പ്രവർത്തനങ്ങൾക്കായി യുവാക്കൾ ഐഎസിലേക്ക് പോയിട്ടുണ്ട്. ഇതിൽ ചിലർ കുടുംബമായാണ് പോയിരിക്കുന്നത്. ആസൂത്രിത മതംമാറ്റത്തിനു വിധേയരായവരും ഇതിലുൾപ്പെടുന്നു. പോപ്പുലർ ഫ്രണ്ട് പത്രമായ തേജസിന്റെ ലേഖകനായിരുന്ന അബു താഹിർ സിറിയയിൽ അൽ ഖ്വായ്ദൻ ഉപവിഭാഗമായ അൽ -നുഷ്റയിൽ പ്രവർത്തിക്കുന്നതിന്റെ വിവരങ്ങൾ പുറത്തു വന്നിരുന്നു.ഇയാൾ പിന്നീട് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2007 ൽ വാഗമണിൽ നടന്ന സിമി ക്യാമ്പിനെപ്പറ്റിയുള്ള അന്വേഷണവും എൻ.ഐ.എ ആണ് നടത്തിയത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 38 പേരാണ് വാഗമണ്ണിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. രാജ്യവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകരായിരുന്നു ഇവർ. കേരളത്തിൽ നിന്നുള്ള നാലു പേർ അതിൽ ഉൾപ്പെട്ടിരുന്നു. പങ്കെടുത്ത മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരുടെ സംഖ്യ ഇങ്ങനെ. കർണാടകം -9,ഗുജറാത്ത് -10 ,മദ്ധ്യപ്രദേശ് -9, ജാർഖണ്ഡ് -2, യുപി-3, ഡൽഹി -1 . ഇതിൽ പലരും വിവിധ സംസ്ഥാനങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളിലെ പ്രതികളുമായിരുന്നു.ഇവർ ഏറ്റവും സുരക്ഷിത സ്ഥലമായി തെരഞ്ഞെടുത്തത് കേരളത്തെയാണെന്നത് ശ്രദ്ധേയമാണ് . ഈ സിമിയുടെ പഴയ നേതാക്കളാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമായ എൻ.ഡി.എഫിനു തുടക്കമിട്ടതും.
ഈയടുത്ത് ഐഎസ് കേരള ഘടകം തലവൻ എന്നറിയപ്പെടുന്ന അബ്ദുൾ റാഷിദ് ഐഎസ് കേന്ദ്രത്തിൽ നിന്ന് സോഷ്യൽ മീഡിയ ആപ്പായ ടെലഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിൽ ഗുരുതരമായ വിവരങ്ങളാണ് അടങ്ങിയിട്ടുള്ളത് . പോപ്പുലർ ഫ്രണ്ടിന്റെ നിരവധി പ്രവർത്തകരും നേതാക്കളും ഐഎസിൽ ചേർന്നിട്ടുണ്ടെന്ന് അബ്ദുള്ള വ്യക്തമാക്കി. ഇതിൽ പലരും കൊല്ലപ്പെട്ടു . നാട്ടുകാർക്ക് അറിയില്ലെങ്കിലും എൻ.ഐ.എയ്ക്ക് ഇതെല്ലാം അറിയാമെന്നും ഇയാൾ ശബ്ദസന്ദേശത്തിൽ വെളിപ്പെടുത്തി.
ഇന്ത്യയിൽ ജിഹാദ് നടത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെ രൂപീകരിച്ച സംഘടനയാണ് പോപ്പുലർ ഫ്രണ്ട് . നിരോധനം ഒഴിവാക്കാനാണ് ഇവർ എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്നും മലയാളി ഐഎസ് ഭീകരൻ തുറന്നു പറയുന്നുണ്ട് .
ടിപ്പുവിന്റെ ആക്രമണവും പിന്നീട് 1921 ൽ തുർക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന്റെ പേരിൽ നടന്ന ഖിലാഫത്ത് സമരവും കേരളത്തിലെ ഹിന്ദു സമൂഹത്തെ വംശോന്മൂലനത്തിന്റെ വക്കിലെത്തിച്ചിരുന്നു. അതിനു ശേഷം ദ്വിരാഷ്ട്രവാദത്തിന്റെ കാലത്ത് ഉയർന്നു വന്ന മാപ്പിളസ്ഥാനും പത്തണയ്ക്ക് കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാനെന്ന മുദ്രാവാക്യവും കേരളത്തിലെ മതതീവ്രവാദ മുഖം അനാവരണം ചെയ്തിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് കേരളത്തിന്റെ ചുവരുകളിൽ എഴുതിയ മതതീവ്രവാദ സംഘടനയായ സിമി ഇന്ത്യയിൽ നടത്തിയ സ്ഫോടനങ്ങളുടെ വിവരങ്ങളും നമുക്കറിയാം. 2003 ൽ മാറാട് കടപ്പുറത്ത് എട്ടുപേരെ വെട്ടിയരിഞ്ഞ് നിരവധി പേരെ ജീവച്ഛവമാക്കിയ ജിഹാദി ആക്രമണത്തിനു പിന്നിലെ വിദേശബന്ധത്തെപ്പറ്റി ഇന്നും അന്വേഷണം നടന്നിട്ടില്ല എന്നതും ഓർക്കണം.
1921 ലെ ഹിന്ദുവീരുദ്ധ ലഹളയ്ക്ക് നൂറാണ്ട് തികയാൻ ഇനി കുറച്ച് നാളുകൾ മാത്രം ശേഷിക്കേ കേരളത്തിലെ ഭീകരവാദ പരിസരം എത്രത്തോളം വളർന്നു എന്നത് ചിന്തിക്കേണ്ടതും പഠിക്കേണ്ടതുമാണ്. ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായി ഏറ്റവും പുരോഗതിയുള്ള സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത് . അതേ കേരളത്തിലാണ് ഇന്ത്യയിലെ ഐഎസ് കേസിന്റെ അൻപതു ശതമാനവും വന്നിട്ടുള്ളത്. സിറിയയിലേക്ക് ജിഹാദി പ്രവർത്തനത്തിനായി പോയവരാകട്ടെ ഭൂരിപക്ഷവും മലയാളികളുമാണ് .
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് തകർന്നടിഞ്ഞെങ്കിലും ലോകം ഐഎസ് ഭീഷണി നേരിടാൻ പോകുന്നതേയുള്ളൂ എന്നാണ് നിരീക്ഷകരുടെ അഭിപ്രായം .പല രാജ്യങ്ങളിൽ നിന്ന് ഐഎസിലേക്ക് എത്തിയവരും ഐഎസ് പ്രൊപ്പഗൻഡയ്ക്ക് അടിമയായവരും സ്ലീപ്പിംഗ് സെല്ലുകളായി അതാത് രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ ഈ ഭീഷണി ഏറ്റവും നേരിടാൻ പോകുന്നത് കേരളമാകും.ഈയടുത്ത് നടന്ന വാട്സാപ്പ് ഹർത്താൽ വരാൻ പോകുന്ന വലിയ വിപത്തിന്റെ പൈലറ്റ് എപ്പിസോഡായിരുന്നു. കശ്മീരിലെ ബാലികയ്ക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ പറന്ന പോസ്റ്റർ പോലും ഐഎസ് തയ്യാറാക്കിയതായിരുന്നു.
ഭീകരവാദത്തെ അനുകൂലിച്ച് പേനയുന്തുന്ന ജിഹാദി അനുകൂല മാധ്യമങ്ങളുടെ പിന്തുണ കൂടിയാകുമ്പോൾ കേരളം നടന്നടുക്കുന്നത് വലിയൊരു അപകടത്തിലേക്കാണ് .അതിനെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹത്തിനും സർക്കാരിനും സായുധസേനയ്ക്കും കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
Discussion about this post