മദ്ധ്യകാല ഭാരതം നേരിട്ട രക്തരൂക്ഷിതമായ അധിനിവേശങ്ങൾ ചരിത്രത്താളുകളിൽ നിന്ന് ഒട്ടൊക്കെ മനസിലാക്കിയവരാണ് നമ്മൾ . ഹിന്ദു സമൂഹം നേരിട്ട മതപരമായ ഉന്മൂലനങ്ങളെ അക്കാദമിക്ക് താത്പര്യത്തോടെയാണെങ്കിലും അല്ലെങ്കിലും വെറുതെങ്കിലും വായിച്ചു പോയിട്ടുണ്ട് നാം . ആ അവസരങ്ങളിലെല്ലാം ഇസ്ളാമിക അധിനിവേശത്തിനിടയിൽ നടന്ന കൊടും ക്രൂരതകളെ മനപൂർവ്വം വെള്ള പൂശുന്ന ഒരു കൂട്ടരെ നമുക്ക് കാണുവാൻ സാധിക്കും.
അതാരാണെന്നുള്ള ചോദ്യത്തിന് ഞൊടിയിടയിൽ ഉത്തരം പറയാൻ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും സാധിക്കും ..
അതെ നിങ്ങളുദ്ദേശിക്കുന്നത് ശരിയാണ് . അവരാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ
ക്ഷേത്രം തകർത്തത് തികച്ചും ധന സമ്പാദനത്തിന് വേണ്ടി മാത്രമായിരുന്നു . ക്ഷേത്രത്തിന്റെ സ്ഥാനത്ത് പള്ളി ഉയർന്നത് ക്ഷേത്രത്തിൽ വിശ്വസിച്ചവരെല്ലാം ഒറ്റയടിക്ക് മതം മാറിയത് കൊണ്ടാണ് . ക്ഷേത്രം തകർത്തതല്ല എങ്ങനെയോ തകർന്നതാണ് . അങ്ങനെ തകർന്നു കിടന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പള്ളി പണിയുന്നതു കൊണ്ട് എന്ത് തെറ്റ് ? എന്നൊക്കെയാണ് അവരുടെ ചോദ്യങ്ങൾ
മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും വലിയ മതേതരനാണ് ഔറംഗസീബ്.ടിപ്പു സുൽത്താൻ മത വിദ്വേഷം പ്രകടിപ്പിച്ചിട്ടേയില്ല . 1921 ലെ മലബാർ കലാപത്തിന്റെ പിന്നിൽ കാർഷിക വിപ്ളവത്തിന്റെ അലയൊലികളായിരുന്നു തുടങ്ങി സത്യത്തെ തമസ്കരിക്കുന്ന ഇത്തരം ചരിത്ര കണ്ടുപിടിത്തങ്ങളുടെ പിന്നിലെ കുബുദ്ധികളാണവർ .
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ രാമജന്മഭൂമി പ്രക്ഷോഭത്തിന് ശാന്തവും സമാധനപരവുമായ ഒരവസാനമുണ്ടാക്കാൻ കഴിയാതിരുന്നതിൽ ഇക്കൂട്ടർ വഹിച്ച പങ്ക് ചെറുതല്ല . രാഷ്ട്രീയ നേതൃത്വങ്ങളെ കുറ്റപ്പെടുത്തുമ്പോഴും ചരിത്രത്തിന്റെ പേരിൽ ഈ വിഭാഗം കാണിച്ചുകൂട്ടിയ കാര്യങ്ങൾ ഒരിക്കലും മാപ്പർഹിക്കുന്നവയുമല്ല .
ഇടതുപക്ഷ ചരിത്രകാരന്മാർ രാമജന്മഭൂമി വിഷയത്തിൽ എടുത്ത നിലപാടുകളെ അതിനിശിതമായി വിമർശിക്കുന്ന ഒരു പുസ്തകമുണ്ട് . തന്റെ സർവീസ് കാലഘട്ടത്തിലെല്ലാം സത്യസന്ധനെന്ന് പേരെടുത്ത , ചരിത്രവസ്തുതകളേയും സമ്പത്തുകളേയും സംരക്ഷിക്കുന്നതിൽ എന്നും മുൻകയ്യെടുത്ത പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദിന്റെ ആത്മകഥയാണത്..
ഞാനെന്ന ഭാരതീയൻ
തർക്കമന്ദിരം വിട്ടുകൊടുത്താൽ അതോടെ പ്രശ്നമവസാനിക്കുമെന്നും രാമന്റെ ജന്മസ്ഥലം ഹിന്ദുക്കളുടെ വൈകാരികമായ ഇടമാണെന്നും മനസിലാക്കിയ മുസ്ളിം നേതൃത്വം സമവായത്തിന്റെ പാതയിലെത്തിയപ്പോഴാണ് ചുരുക്കം വരുന്ന മുസ്ളിം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഉത്തേജനം നൽകിക്കൊണ്ട് ഇടത് ചരിത്രകാരന്മാർ മുന്നോട്ടു വന്നതെന്ന് അദ്ദേഹം പറയുന്നു.
ജെ എൻ യു ചരിത്രകാരന്മാർ എസ് ഗോപാൽ , ബിപിൻ ചന്ദ്ര, റോമില ഥാപ്പർ എന്നിവരോടൊപ്പം ആർ.എസ് ശർമ , അക്തർ അലി, ഡി എൻ ഝാ , ഇർഫാൻ ഹബീബ് , സൂരജ് ഭാൻ എന്നിവർ കൂടി ചേർന്നപ്പോൾ മുസ്ളിം തീവ്രവാദ സംഘത്തിന് അതൊരു മുതൽക്കൂട്ടായി .
പിന്നീട് രാമന്റെ അസ്തിത്വത്തെയും രാമായണത്തെയും ചോദ്യം ചെയ്തുകൊണ്ടുള്ള ചരിത്രഗവേഷണങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു . ഇല്ലാത്ത രാമനെങ്ങനെ ജനിക്കും എന്ന് ചോദിച്ച ഈ സൃഗാലബുദ്ധികൾ എരിതീയിൽ എണ്ണയൊഴിച്ചു . പത്തൊൻപതാം നൂറ്റാണ്ടിനു മുൻപ് ക്ഷേത്രമുണ്ടായിരുന്നില്ലെന്നുള്ള വാദവുമായി ഇടത് ചരിത്രകുഴലൂത്തുകാർ ആടിത്തിമിർത്തതോടെ മുസ്ളിം തീവ്രപക്ഷത്തിന് മേൽക്കൈ ലഭിച്ചു . രമ്യമായി പ്രശ്നം പരിഹരിക്കണമെന്ന് ചിന്തിച്ച മുസ്ളിം പൊതുജനം മാറി ചിന്തിക്കാൻ തുടങ്ങി . സമവായം വിദൂര സാദ്ധ്യതയുമായി.
ഭാരത ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാനായ ഇടത് ചരിത്രകാരൻ ഇർഫാൻ ഹബീബായിരുന്നു ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്കു വേണ്ടി പല സർക്കാർ ചർച്ചകളിലും പങ്കെടുത്തത് . അതും പോരാഞ്ഞ് ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ യോഗങ്ങൾ കൗൺസിൽ ആസ്ഥാനത്ത് നടത്തിയിരുന്നു . ഒരു സർക്കാർ സ്ഥാപനത്തിന്റെ പച്ചയായ പക്ഷപാതിത്വം . ഇത് ചോദ്യം ചെയ്ത പ്രമുഖ ചരിത്രകാരൻ എം ജി എസ് നാരായണൻ ഇന്നത്തെപ്പോലെ അന്നും ആറെസ്സെസ്സുകാരനെന്ന് ലേബൽ ചെയ്യപ്പെട്ടു.
അനുരഞ്ജനം നടന്നിരുന്നെങ്കിൽ വലിയൊരു പ്രശ്നത്തിന് പരിഹാരമായേനെ . എന്നാൽ സംഘർഷങ്ങളിൽ നിന്നുണ്ടാകുന്ന ശവങ്ങൾ ഭക്ഷിച്ച് മാത്രമേ തങ്ങൾക്ക് വളർച്ചയുള്ളൂവെന്ന് പ്രത്യയശാസ്ത്രപരമായി ചിന്തിച്ചുറപ്പിച്ചിരുന്ന ഇടത് കഴുകന്മാർ അതിഷ്ടപ്പെട്ടിരുന്നില്ല. ഇത്തരം വാദ പ്രതിവാദങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്താണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കെ കെ മുഹമ്മദ് ആ സത്യം ഉറക്കെ വിളിച്ചു പറഞ്ഞത് .
(ചിത്രത്തിന് കടപ്പാട്- ഞാനെന്ന ഭാരതീയൻ )
1990 ഡിസംബർ 15 ന് തർക്കമന്ദിരത്തിന് കീഴെ ക്ഷേത്രഭാഗമുണ്ടെന്ന ധീരവും വസ്തുനിഷ്ഠവുമായ പ്രഖ്യാപനം പ്രമുഖ ദിനപത്രങ്ങളിലൂടെ അദ്ദേഹം നടത്തി.
1978 ൽ പ്രൊ. ബിബി ലാലിന്റെ നേതൃത്വത്തിൽ നടന്ന അയോദ്ധ്യപര്യവേഷണ സംഘത്തിൽ കെ കെ മുഹമ്മദും അംഗമായിരുന്നു . അന്ന് കണ്ടെത്തിയ കാര്യങ്ങൾ അദ്ദേഹം പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട് .
“ പര്യവേഷണത്തിനായി ഞാനവിടെ എത്തുമ്പോൾ ബാബറി മസ്ജിദിന്റെ ചുമരുകളിൽ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു. തൂണുകളുടെ താഴ്ഭാഗത്ത് 11-12 നൂറ്റാണ്ടുകളിലെ ക്ഷേത്രത്തിൽ കാണാറുള്ളത് പോലെയുള്ള പൂർണകലശം കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രകലയിൽ പൂർണകലശം എട്ട് ഐശ്വര്യ ചിഹ്നങ്ങളിലൊന്നാണ് .ഇത്തരത്തിലുള്ള ഒന്നോ രണ്ടോ തൂണുകളല്ല , മറിച്ച് പതിനാല് തൂണുകൾ 1992 ൽ പള്ളി പൊളിക്കുന്നതിനു മുൻപുണ്ടായിരുന്നു “
(ഞാനെന്ന ഭാരതീയൻ – കെ കെ മുഹമ്മദ് )
ഈ സത്യം തുറന്നു പറഞ്ഞതിന് അദ്ദേഹത്തിന് കിട്ടിയ സമ്മാനം മദ്രാസിൽ നിന്ന് ഗോവയിലേക്കുള്ള സ്ഥലംമാറ്റമായിരുന്നു. പക്ഷേ മുഹമ്മദിന്റെ വാദം സത്യമെന്ന് 2003 ൽ അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന ഉത്ഖനനം വെളിപ്പെടുത്തി.
അൻപതിൽപരം ക്ഷേത്രത്തൂണുകളുടെ പ്ളാറ്റ്ഫോം കണ്ടെത്തി . ഒപ്പം അഭിഷേക ജലമൊഴുകിപ്പോകാനുള്ള മകരപ്രണാളിയും ലഭിച്ചു . ക്ഷേത്രവുമായി ബന്ധപ്പെട്ട 263 ഓളം പുരാവസ്തുക്കളാണ് ഉത്ഖനനത്തിൽ നിന്ന് ലഭിച്ചതെന്ന് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു.
(ചിത്രത്തിന് കടപ്പാട്- ഞാനെന്ന ഭാരതീയൻ )
മദ്ധ്യഭരണകാലത്ത് മുസ്ളിം രാജാക്കന്മാർക്ക് തെറ്റു പറ്റിയെന്ന് സമ്മതിക്കാൻ മുസ്ളിങ്ങൾ തയ്യാറായാലും കമ്യൂണിസ്റ്റുകാർ അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ശ്രദ്ധേയമായ നിരീക്ഷണവും കെ കെ മുഹമ്മദ് നടത്തുന്നുണ്ട് . മഥുരയിലെ കൃഷ്ണജന്മസ്ഥാനത്തിനടുത്തുള്ള പള്ളി , പൊളിച്ച ക്ഷേത്രങ്ങളുടെ ഭാഗമുപയോഗിച്ച് നിർമ്മിച്ചതാണെന്ന പരമമായ സത്യം അവർ അംഗീകരിച്ച് തരികയില്ല .
അവിടെയൊന്നും ആക്രമണം മതപരമല്ല മറിച്ച് സാമ്പത്തികമായിരുന്നെന്നുള്ള വാദങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കുന്നുണ്ട് . ( ഈ വാദങ്ങൾ ഇടത് ചരിത്രകാരന്മാരും കുഴലൂത്തുകാരും ഇക്കാലത്തും ഉപയോഗിക്കുന്നതായി കാണാം ) മുസ്ളിങ്ങൾക്ക് സ്വയം വിമർശനത്തിന്റെ വാതിൽ എന്നെന്നേക്കുമായി മാർക്സിസ്റ്റ് ചരിത്രകാരന്മാർ അടച്ചു കഴിഞ്ഞു എന്ന അപ്രിയ സത്യം അദ്ദേഹം വെട്ടിത്തുറന്നു പറയുന്നുമുണ്ട് .
മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ ദുഷ്പ്രചാരണം ഏൽക്കാത്ത ഗോവൻ ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ് .
“ ഈ വിഷയത്തിൽ ഇന്ത്യൻ മുസ്ളിങ്ങൾ മാതൃകയാക്കേണ്ടത് ഗോവൻ ക്രിസ്ത്യാനികളെയാണ് . ഏഴുവർഷം ഞാൻ പഴയ ഗോവയിലെ ക്രിസ്ത്യൻ പള്ളികളുമായി ഇഴുകിച്ചേർന്നാണ് ജീവിച്ചത് . ഗോവയിൽ പോർച്ചുഗീസുകാർ ധാരാളം ഹിന്ദു ദേവാലയങ്ങൾ പൊളിച്ചിട്ടുണ്ട് . പോർച്ചുഗീസുകാരുടെ കുറ്റകൃത്യങ്ങൾക്ക് ഇരയായിരുന്നു ഹിന്ദുക്കൾ. പക്ഷേ അവിടുത്തെ ഒരു ക്രിസ്ത്യാനിയും പഴയകാലത്ത് നടന്ന ഈ ക്ഷേത്രധ്വംസനങ്ങളെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അതിനെ ശക്തമായി അപലപിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല . അതിനാലാകണം സുദൃഢമായ ഹിന്ദു-ക്രിസ്ത്യൻ ബന്ധം ഗോവയിൽ നിലനിൽക്കുന്നത് “
(ഞാനെന്ന ഭാരതീയൻ – കെ കെ മുഹമ്മദ് )
രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്ന ഒരു വിഷയത്തെ വഷളാക്കാൻ മാർക്സിസ്റ്റ് ചരിത്രകാരന്മാർ സ്വീകരിച്ച നടപടികളുടെ ഒരു ചെറിയ വശം മാത്രമാണിത് . കാലങ്ങളായി ഇത് തന്നെയാണവർ ചെയ്തു കൊണ്ടിരിക്കുന്നത് . അസത്യപ്രചാരണത്തെ എതിർക്കുന്നവനെ ആർ എസ്സ് എസ്സാക്കി ഒറ്റപ്പെടുത്തുകയോ ഭീഷണിപ്പെടുത്തി കൂടെക്കൂട്ടുകയോ ചെയ്യുന്ന തന്ത്രം ഈ കാലഘട്ടത്തിലും അവർ കൃത്യമായി നടപ്പാക്കുന്നു . ഒപ്പം മറ്റുള്ളവരെ ഫാസിസ്റ്റുകളെന്ന് മുദ്രകുത്തുന്നു. വ്യാഖ്യാനക്കസർത്തുകൾ ചമയ്ക്കുന്നു . വിടവുകൾ വർദ്ധിപ്പിക്കുന്നു. എന്നിട്ടെല്ലാവരുടെയും മുന്നിൽ നല്ല പിള്ളകളാകുന്നു.
കെ കെ മുഹമ്മദുമാർ ചിലപ്പോൾ എണ്ണത്തിൽ കുറവായിരിക്കാം . പക്ഷേ മാർക്സിസ്റ്റ് ചരിത്ര വൈതാളിക കൂട്ടങ്ങളുടെ ചരിത്ര ദുർവ്യാഖ്യാനങ്ങൾ പൊളിക്കാൻ ഒരു മുഹമ്മദ് തന്നെ ധാരാളമാണ് . ഞാനെന്ന ഭാരതീയൻ ഏറ്റവും മികച്ച ഒരു തിരുത്തൽ പുസ്തകവും കൂടിയാണ് .
കെ കെ മുഹമ്മദ് : ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായിരുന്നു . തുടർന്ന് എ എസ് ഐ ഉത്തരമേഖലയുടെ റീജിയണൽ ഡയറക്ടറായി . ഇപ്പോൾ ഹൈദരാബാദ് ആഗാഖാൻ ട്രസ്റ്റ് ഓഫ് കൾച്ചറിന്റെ പ്രോജക്ട് ആർക്കിയോളജിക്കൽ ഡയറക്ടറാണ് .കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ് സ്വദേശം. “ഞാനെന്ന ഭാരതീയൻ “ ആണ് ആത്മകഥ . തയ്യാറാക്കിയത് അനീഷ് കുട്ടൻ . പ്രസിദ്ധീകരണം മാതൃഭൂമി ബുക്സ്