മനുഷ്യനെ കഴുത്തറുത്ത് കൊല്ലുമ്പോഴും മാനവികതയോട് കൂട്ടിക്കെട്ടി അതിനെ വെള്ളപൂശാൻ പ്രത്യേക കഴിവാണ് മാർക്സിസ്റ്റ് പാർട്ടിക്ക് . . മറ്റ് സംഘടനയിൽ പെട്ടത് കൊണ്ടുമാത്രം ഒരാളുടെ വീട് തകർക്കുന്നത് ജനങ്ങളുടെ ചെറുത്ത് നിൽപ്പാണ് , അവനെ തല്ലുന്നത് ഫാസിസത്തോടുള്ള എതിരിടലാണ് , അവനെ കൊല്ലുന്നതാകട്ടെ മാനവിക പ്രതിരോധവും .
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയുള്ള പത്രക്കാരുടെ ചോദ്യത്തിന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മറുപടി പ്രത്യേകം ശ്രദ്ധയർഹിക്കുന്ന ഒന്നാണ് . സ്വാതന്ത്ര്യ സമരഘട്ടങ്ങളിലടക്കം മലബാർ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തങ്ങൾക്ക് മൃഗീയമായ ശക്തിയുള്ള സ്ഥലങ്ങളിൽ ഭരണത്തിന്റെ കൂടി പിൻബലം ഉപയോഗിച്ച് എതിർ സംഘടനക്കാരനെ കൊല്ലുന്ന പരിപാടിയെയാണ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തോട് തുലനം ചെയ്തത്.
ശരിയാണ്. ദേശവിരുദ്ധ ശക്തികളേയും ദേശദ്രോഹികളേയും മലബാർ ശക്തമായി തന്നെ ചെറുത്ത് നിന്നിട്ടുണ്ട് . ഒരു സംഘടനയുടേയും പിൻബലമില്ലാതെ യഥാർത്ഥ ജനകീയ പ്രതിരോധം തന്നെയാണ് മലബാർ നടത്തിയിട്ടുള്ളത് . പക്ഷേ അതിന്റെയൊന്നും പാരമ്പര്യം ജയരാജൻ പറഞ്ഞതുപോലെ മാർക്സിസ്റ്റ് പാർട്ടിക്ക് അവകാശപ്പെട്ടതല്ല . മറിച്ച് അതിൽ മിക്കതും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ ആയിരുന്നു താനും.
അന്ധമായ സോവിയറ്റ് ദാസ്യമായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ നയിച്ചിരുന്നതെന്നത് തർക്കമറ്റ വസ്തുതയാണല്ലോ . 1939 ൽ സോവിയറ്റ് യൂണിയനും ഹിറ്റ്ലറും തമ്മിലുള്ള സന്ധിക്കാലത്ത് രണ്ടാം ലോകമഹായുദ്ധം ബ്രിട്ടന്റെ സാമ്രാജ്യത്വ യുദ്ധമായിരുന്നു. അന്ന് കോൺഗ്രസ് ബ്രിട്ടനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തങ്ങളാണ് ഏറ്റവും വലിയ ദേശീയവാദികളെന്ന് വീമ്പിളക്കി ഗാന്ധിജിയേയും മറ്റും അപഹസിക്കലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിൽ.
പിന്നീട് സോവിയറ്റ് യൂണിയൻ ബ്രിട്ടനൊപ്പം ചേർന്ന് ജർമ്മനിക്കെതിരെ തിരിഞ്ഞപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് യുദ്ധം ഒറ്റയടിക്ക് ജനകീയമായി മാറി . തുടർന്ന് ബ്രിട്ടനെതിരെ നിന്ന കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളേയും പരമാവധി ദ്രോഹിക്കലായിരുന്നു പാർട്ടിയുടെ പ്രധാന ജോലി . ഞങ്ങടെ നേതാവല്ലീ ചെറ്റ ജപ്പാൻ കാരുടെ കാൽ നക്കി എന്ന കുപ്രസിദ്ധമായ മുദ്രാവാക്യങ്ങൾ പാർട്ടി ജിഹ്വകളിൽ നിന്ന് വരുന്നത് ഇക്കാലത്താണ് .
ബ്രിട്ടീഷുകാരോട് ചേർന്ന് നിൽക്കാം എന്ന് സമ്മതിച്ചതിനെ തുടർന്ന് 1942 ജൂലൈ 22 ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം സർക്കാർ എടുത്തു കളഞ്ഞു . തുടർന്ന് രാജ്യമെങ്ങും തങ്ങൾക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ ദേശീയ സമരത്തിനെതിരെ പ്രൊപ്പഗൻഡ ജോലി ചെയ്യാൻ മുമ്പിലായിരുന്നു കമ്യൂണിസ്റ്റുകൾ. അക്കാലത്താണ് മലബാറിന്റെ സ്വാതന്ത്ര്യ സമര ചെറുത്തു നിൽപ്പിന്റെ ചൂട് കമ്യൂണിസ്റ്റ്കാർ അറിഞ്ഞത്.
1942 ൽ കോൺഗ്രസ് നേതാക്കന്മാരെല്ലാം ക്വിറ്റ് ഇന്ത്യാ സമരത്തെത്തുടർന്ന് ജയിലിലായ സമയം . ജനകീയ യുദ്ധത്തെ പിന്തുണച്ച് കേരളത്തിലങ്ങോളമിങ്ങോളം ബ്രിട്ടീഷ് പിണിയാളുകളായി നടക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. 1942 സെപ്റ്റംബർ 9 ന് പയ്യന്നൂരിൽ ദേശീയ പ്രസ്ഥാനങ്ങളെ കടന്നാക്രമിച്ച് കൊണ്ട് നടത്തിയ പരിപാടിയിലാണ് മലബാറിന്റെ ജനകീയ ചെറുത്ത് നിൽപ്പിന്റെ ചൂട് കമ്യൂണിസ്റ്റ് പാർട്ടി അറിഞ്ഞത്.
ജനകീയ യുദ്ധത്തെ പ്രകീർത്തിച്ചും കോൺഗ്രസ് നേതാക്കളെ വിമർശിച്ചും സംസാരിക്കാൻ തുടങ്ങിയ കമ്യൂണിസ്റ്റ് പ്രാസംഗികന് ശക്തമായ ചെറുത്തു നിൽപ്പ് നേരിടേണ്ടി വന്നു . കമ്യൂണിസ്റ്റുകൾ എന്നും ദേശീയതാത്പര്യത്തിന് വിരുദ്ധമായേ നിന്നിട്ടുള്ളൂ എന്ന സത്യം ജനങ്ങൾ തുറന്നടിച്ചു. ഒടുവിൽ പരിപാടിയിലുണ്ടായിരുന്ന ഭൂരിഭാഗം ജനങ്ങളും ഇറങ്ങിപ്പോയി.
1942 നവംബർ 2 മുതൽ 8 വരെ ദേശീയ ഐക്യ വാരമായി ആചരിക്കാൻ കമ്യൂണിസ്റ്റുകൾ തീരുമാനിച്ചു . പക്ഷേ ലക്ഷ്യം ദേശീയപ്രക്ഷോഭത്തെ എതിർത്ത് ബ്രിട്ടന്റെ ജനകീയ യുദ്ധത്തെ മഹത്വവത്കരിക്കുക എന്നതായിരുന്നു . ദേശവിരുദ്ധമായ വാർത്തകൾ നൽകുന്ന പ്രസിദ്ധീകരണത്തിന് ദേശാഭിമാനി എന്ന് പേരിടുന്നതു പോലെയുള്ള മറ്റൊരു അഭ്യാസം.
കോഴിക്കോട് ജില്ലയിലെ മുക്കാളിയിലാണ് കമ്യൂണിസ്റ്റുകളെ ഞെട്ടിച്ച ചെറുത്ത് നിൽപ്പുണ്ടായത് . ദേശീയ ഐക്യത്തിന്റെ ബാഡ്ജും കൊണ്ട് ചെന്ന കമ്യൂണിസ്റ്റുകളുടെ കാപട്യത്തെ ജനങ്ങൾ പുശ്ചിച്ചു തള്ളി . ബാഡ്ജ് വാങ്ങാൻ ആരും തയ്യാറായില്ല. മറിച്ച് എന്ത് തരം ദേശീയ ഐക്യമാണ് നിങ്ങളുദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ജനങ്ങൾ അവരെ നേരിട്ടു.
കള്ളി വെളിച്ചത്താകുമ്പോൾ ഇന്നെങ്ങനെയാണോ അതുപോലെ തന്നെയാണ് കമ്യൂണിസ്റ്റുകൾ അന്നും പെരുമാറിയത് .എതിർത്തവരെ ഗുണ്ടകളെന്നും കുടിയന്മാരെന്നും മുദ്രകുത്തി. അഞ്ചാം പത്തിയെന്നും ജാപ്പനീസ് ചാരന്മാരെന്നും വിളിച്ചുകൊണ്ട് പൊതുയോഗം സംഘടിപ്പിച്ചു ,. എന്നാൽ ജനങ്ങളുടെ ശക്തമായ എതിർപ്പ് മൂലം പൊതുയോഗം നടന്നില്ല . തുടർന്ന് ഇതിനെതിരെ രണ്ടായിരം പേരുടെ ജാഥയാണ് അടുത്ത പടിയായി കമ്യൂണിസ്റ്റുകൾ സംഘടിപ്പിച്ചത് .
കുറുവടിയും മറ്റുമായി ജാഥ മുക്കാളിയിലെത്തിയപ്പോൾ അതിനെതിരെ ദേശീയ വാദികളും സംഘടിച്ചു . ഇതിനിടയിൽ ഒരു കമ്യൂണിസ്റ്റ് കാരൻ ദേശീയവാദികളുടെ കയ്യിലുള്ള പതാക തട്ടിയെടുക്കാൻ ശ്രമിച്ചു. കയ്യൂർ സമരകാലത്ത് പോലീസുകാരനെക്കൊണ്ട് ചെങ്കൊടി പിടിപ്പിച്ച പാർട്ടിക്ക് പക്ഷേ ഇക്കുറി പിഴച്ചു. പതാക തട്ടിയെടുക്കാൻ ശ്രമിച്ച കമ്യൂണിസ്റ്റിനെ രക്ഷിക്കാൻ ചോരച്ചാലുകൾ നീന്തിക്കയറിയ പ്രസ്ഥാനത്തിന്റെ രണ്ടായിരത്തോളം വരുന്ന അണികൾക്ക് കഴിഞ്ഞില്ല.
പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഇടപെട്ടാണ് കമ്യൂണിസ്റ്റ്കാരനെ രക്ഷിച്ചത് . കയ്യൂർ സമരത്തിന്റെ മുന്നിൽ വന്നുപെട്ട പോലീസുകാരൻ സുബ്ബരായൻ കമ്യൂണിസ്റ്റുകാരാൽ കൊല്ലപ്പെട്ടപ്പോൾ ഇവിടെ കമ്യൂണിസ്റ്റ്കാരനെ ദേശീയവാദികൾ രക്ഷപ്പെടുത്തുകയാണുണ്ടായത്. ഒടുവിൽ ദേശീയ പതാകയും പിടിച്ച് , ദേശസ്നേഹ മുദ്രാവാക്യങ്ങളും വിളിച്ച് സ്വാതന്ത്ര്യസമരത്തിനെതിരെ സംസാരിച്ചതിന് ജനങ്ങളോട് മാപ്പും പറഞ്ഞതിനു ശേഷമേ കമ്യൂണിസ്റ്റുകൾക്ക് മുക്കാളിയിൽ നിന്ന് രക്ഷപ്പെടാനായുള്ളൂ .
ജനകീയ യുദ്ധത്തിന്റെ കാലത്ത് ദേശീയ പ്രക്ഷോഭത്തിനെതിരെ ബ്രിട്ടീഷുകാർക്ക് വിടുപണിചെയ്തതിന് പി കൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾക്ക് പോലും പ്രസംഗിക്കാനാകാത്ത ചെറുത്ത് നിൽപ്പ് മലബാറിലുണ്ടായിട്ടുണ്ട് . അത് മാത്രമല്ല ദേശീയ ഐക്യവാരം എന്ന ആഭാസത്തെ എതിർത്ത് നേതാക്കന്മാരോ സംഘടനയോ ഇല്ലാതെ പരശ്ശതം ജനങ്ങൾ മലബാറിലും മറ്റിടങ്ങളിലും കമ്യൂണിസ്റ്റുകളെ എതിർത്തിട്ടുമുണ്ട്.
ഒടുവിൽ ക്ഷാമകാലത്ത് സർക്കാരിനൊപ്പം ചേർന്ന് അരിവിതരണം നടത്തിയും മറ്റുമാണ് ജനങ്ങളുടെ ഒറ്റപ്പെടുത്തലിൽ നിന്ന് കുറച്ചെങ്കിലും രക്ഷപ്പെടാൻ കമ്യൂണിസ്റ്റുകൾക്ക് കഴിഞ്ഞത് .ഇന്ന് അക്രമ രാഷ്ട്രീയ അരുംകൊലകൾ മറച്ചു വയ്ക്കാൻ ജൈവ പച്ചക്കറി നട്ടുവളർത്തുന്ന അതേ തന്ത്രം.
അതുകൊണ്ട് പി ജയരാജൻ സർ ദയവായി മലബാറിന്റെ സ്വാതന്ത്ര്യ സമര ചെറുത്തു നിൽപ്പുകളെ താങ്കളുടെ പാർട്ടിയുടെ ഫാസിസ്റ്റ് നടപടികളോട് താരതമ്യപ്പെടുത്തരുത് . മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും കെ പി കേശവമേനോനും കെ കേളപ്പനും അടക്കമുള്ളവർ നയിച്ച മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രം അതിനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്നിരിക്കും .