കൊല്ലവർഷം 1091 ഇടവമാസം പതിനാറിന് കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനമുണ്ട് . അന്നാണ് കറുകച്ചാലിലെ കൊടിഞ്ഞാൻകുന്നിൻ പുറത്ത് ഒരു സരസ്വതീക്ഷേത്രത്തിന്റെ ബീജാവാപം നടന്നത് . ചിറ്റല്ലൂർ സി കെ കൃഷ്ണപിള്ളയായിരുന്നു ശിലാസ്ഥാപനം നടത്തിയത് .
ആദ്യമായി സ്കൂളിൽ പഠിക്കാനെത്തിയത് 21 കുട്ടികൾ . കോയപ്പള്ളി കേളപ്പൻ നായരായിരുന്നു ആ കൊച്ചുക്ളാസിന്റെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും എല്ലാം . ആദ്യ ക്ളാസ് ആരംഭിച്ചത് ഹിന്ദു ധർമ്മത്തിന്റെ കീർത്തി ലോകമെങ്ങും പരത്തിയ വിശ്വവിജയി വിവേകാനന്ദ സ്വാമികളുടെ ജന്മദിനത്തിലും .
ഹെഡ്മാസ്റ്റർ കേളപ്പൻ നായർ ക്ളാസെടുക്കുമ്പോൾ വിദ്യാലയം സ്ഥാപിക്കാനുള്ള കാശിനായി മന്നത്ത് പദ്മനാഭ പിള്ള നെട്ടോട്ടമോടുകയായിരുന്നു . കാൽനടയായി അലഞ്ഞ് കിട്ടിയ ചില്ലിക്കാശും പാഴ്ത്തടികളും ശേഖരിച്ചു . പലപ്പോഴും ഭക്ഷണം കഴിച്ചില്ല .ചില ദിവസങ്ങളിൽ വൈകുന്നേരം വരെ അലഞ്ഞാലും ഒന്നും കിട്ടില്ല. എങ്കിലും പദ്മനാഭ പിള്ള പിന്തിരിഞ്ഞില്ല . ഏത് പ്രതിസന്ധിയേയും സ്ഥിരോത്സാഹം കൊണ്ട് തൃണവത്സമാനമാക്കുന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം തന്നെയാണ് അവസാനം വിജയിച്ചത് .
ഈശ്വരൻ രാജാവിനെ രക്ഷിക്കട്ടെയെന്ന് ഇംഗ്ളീഷിലും മലയാളത്തിലും കുട്ടികളെ പഠിപ്പിച്ചു കൊണ്ടാരംഭിച്ച കൊടിഞ്ഞാൻകുന്നിലെ ആ വിദ്യാലയമാണ് നായർ സർവീസ് സൊസൈറ്റിയെന്ന മഹത്തായ സംഘടനയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം . ഹെഡ്മാസ്റ്ററായിരുന്ന കോയപ്പള്ളി കേളപ്പൻ നായർ പിൽക്കാലത്ത് ലോകമറിയുന്ന ഭാരതസ്വാതന്ത്ര്യ സമര സേനാനി കേളപ്പജിയായി, കേരളഗാന്ധിയായി . അന്ന് മുപ്പത്തെട്ടുകാരനായിരുന്ന മന്നത്ത് പദ്മനാഭപിള്ള , മന്നത്ത് പദ്മനാഭനായി , ലോകമറിയുന്ന ഭാരത കേസരിയുമായി .
ഇരുവരും പൊതു പ്രവർത്തനത്തിനു തുടക്കം കുറിച്ച സംഘടനയായ നായർ സർവീസ് സൊസൈറ്റിയും പെട്ടെന്നുണ്ടായ ഒരു ചിന്തയിൽ രൂപീകൃതമായതല്ല .എൻ.എസ്.എസിന്റെ പൂർവ്വ രൂപമായ നായർ ഭൃത്യജനസംഘം ആരംഭിച്ചപ്പോൾ ആദ്യ പ്രസിഡന്റായിരുന്നു കേളപ്പൻ നായർ . സെക്രട്ടറി പദ്മനാഭ പിള്ളയും.
കേരളത്തിന്റെ സമൂലമായ സാമൂഹിക പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച എൻ.എസ്.എസിന്റെ സ്ഥാപക നേതാക്കളായ ഇരുവരും ആ പരിവർത്തനത്തിൽ നിർണായക പങ്കു വഹിച്ചു എന്നത് നിസ്തർക്കമാണ് . നായർ സമുദായത്തിന്റെ മാത്രമല്ല അതുൾപ്പെടുന്ന ഹിന്ദു സമൂഹത്തിന്റെ ഉന്നതിയും ഇരുവരുടേയും ലക്ഷ്യമായിരുന്നു . അയിത്തത്തിനെതിരെ പടപൊരുതി വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലും അവർ പങ്കുകൊണ്ടു . എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ട് മന്നത്ത് പദ്മനാഭ പിള്ള സവർണ ജാഥ നടത്തി. ഭാരതമാതാവിനെ ഗ്രസിച്ച മഹാവ്യാധിയെ ഇല്ലാതാക്കാൻ ജീവൻ ബലി നൽകുന്നുവെന്ന് പ്രഖ്യാപിച്ച് കേളപ്പൻ നായർ സത്യാഗ്രഹമിരുന്നു.
നായർ സമുദായ സംഘടനയുടെ സ്ഥാപക നേതാക്കളായ ഇരുവരും സമുദായത്തിനുപരി ഹിന്ദുവെന്ന ചിന്തയിലൊരുമിച്ച് ഭാരതമാതാവെന്ന മഹത്തായ ആദർശത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ ഉത്തമോദാഹരണങ്ങൾ ഇവയിലൊതുങ്ങില്ല. ഒരു ലേഖനം കൊണ്ടോ ഒരു പുസ്തകം കൊണ്ടോ വിശദീകരിക്കാനുമാകില്ല . ഈ ലേഖന പരമ്പരയുടെ ലക്ഷ്യം അതല്ല താനും . സമുദായത്തിന്റെ മുന്നേറ്റമെന്നതിലുപരി ഹിന്ദു സമാജത്തിന്റെ അഭിവൃദ്ധി കൂടി ലക്ഷ്യമിട്ടവർ തുടക്കമിട്ട എൻ.എസ്.എസ് എന്ന സംഘടന അതിന്റെ ശതാബ്ദി പിന്നിട്ടപ്പോൾ ഇന്നെവിടെയെത്തി നിൽക്കുന്നുവെന്ന ചോദ്യത്തിന് നമുക്ക് ഉത്തരം തേടേണ്ടതുണ്ട് .
പ്രത്യേകിച്ചും മന്നം ജയന്തി ആഘോഷത്തിൽ ഹിന്ദു സന്യാസിമാരെ ക്ഷണിക്കാതിരിക്കാൻ തക്കവണ്ണം മതാതീതമായ സംഘടനയാണ് എൻ.എസ്.എസെന്ന് അതിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി പറയുമ്പോൾ അതത്യാവശ്യമാണ് താനും . മന്നം ജയന്തി ആഘോഷങ്ങൾക്കും എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന എല്ലാ പരിപാടികൾക്കും ഏതെങ്കിലുമൊരു ക്രൈസ്തവ മതാചാര്യനെ വിളിക്കാറുള്ള കാര്യം ചൂണ്ടിക്കാട്ടി എന്തേ ഒരു ഹിന്ദു സന്യാസിയെ ഇതുവരെയും ക്ഷണിക്കാത്തത് എന്ന ചോദ്യത്തിനായിരുന്നു ജനറൽ സെക്രട്ടറിയുടെ മേൽ വിവരിച്ച മറുപടി . എൻ.എസ്.എസ് മതാതീതമാണത്രെ . മന്നത്ത് വീടിന്റെ പൂമുഖത്ത് കൊല്ലവർഷം 1090 തുലാമാസം പതിനഞ്ചാം തീയതി ഉത്തൃട്ടാതി നക്ഷത്രത്തിൽ ത്രിസന്ധ്യക്ക് മന്നത്ത് വീട്ടിൽ പാർവതിയമ്മ കൊളുത്തിയ ഏഴുതിരി നിലവിളക്കിനെ സാക്ഷി നിർത്തി ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ സംഘടനയാണ് ഇന്ന് ഹിന്ദു സന്യാസിയെ ക്ഷണിക്കാൻ പറ്റാതെ ഹിന്ദുമതാതീതമായത്.
ഹിന്ദു സന്യാസിയുടെ കാഷായമാണോ ഇപ്പോഴത്തെ നായകന്മാർക്ക് ബുദ്ധിമുട്ടായത് ? ചോദ്യമാണ് . മുരട്ടുകാളകൾക്ക് ചെമപ്പിനേക്കാൾ കാവി കാണുമ്പോൾ ഹാലിളകുന്ന കാലവുമാണല്ലോ . എങ്കിൽ വളരെ പഴയ ഒരു കാര്യം ഓർമ്മിപ്പിക്കാനുണ്ട് . പ്രാക്കുളംകാരൻ പരമേശ്വരൻ പിള്ള സമ്മാനിച്ച കെട്ടിടത്തിലും ഭൂമിയിലുമാണ് എൻ.എസ്.എസിന്റെ രണ്ടാമത്തെ സ്കൂൾ 1917ൽ ആരംഭിക്കുന്നത് . ആ മിഡിൽ സ്കൂൾ ഹൈസ്കൂളാക്കാൻ മന്നത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല . കാരണമറിയണ്ടേ ? പ്രാക്കുളം പരമേശ്വരൻ പിള്ള കാഷായമുടുത്ത് വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷയെടുത്തു . സന്യാസിയെ രാജാവിനെക്കാൾ ബഹുമാനത്തോടെ കണ്ട സമാജം അന്ന് അവരവർക്കാവും വിധം സഹായിച്ചു. കെട്ടിടം പണി കഴിഞ്ഞ് ഹൈസ്കൂളാക്കുന്നതിനുള്ള അനുവാദവും കിട്ടി ക്ളാസുകൾ തുടങ്ങിയതിനു ശേഷമേ പ്രാക്കുളം പരമേശ്വരൻ പിള്ള നീണ്ടതാടി എടുത്തുള്ളൂ . കാഷായമന്ന് ചതുർത്ഥിയായിരുന്നില്ല .
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എൻ.എസ്.എസ് പ്രവേശിക്കുവാൻ എന്തായിരുന്നു കാരണം ? അതും ചരിത്രത്തിലുണ്ട് . തിരുവിതാംകൂറിൽ ആകെയുള്ള ഏഴു കോളേജുകളിൽ മൂന്നെണ്ണം മാത്രമായിരുന്നു സർക്കാർ കോളേജുകൾ . ബാക്കി നാലും ക്രിസ്ത്യൻ സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. നായന്മാരിൽ അതിസമർത്ഥരായവർക്കല്ലാതെ ആ കോളേജുകളിൽ അഡ്മിഷൻ കിട്ടിയിരുന്നില്ല . ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവർക്ക് കൊടുത്തിട്ട് ബാക്കി വല്ലതും വന്നാലേ അതും കിട്ടുമായിരുന്നുള്ളൂ. ഇനി അഡ്മിഷൻ കിട്ടിയാൽ തന്നെ പക്ഷപാതപരമായ പെരുമാറ്റവും മതപരിവർത്തന ശ്രമങ്ങളും അവഹേളനവും കിട്ടുകയും ചെയ്യും.
ക്രിസ്ത്യാനികൾക്ക് കൊടുക്കുന്നതു പോലെ ഹിന്ദുക്കൾക്കും കോളേജുകൾ വേണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടതിനെ തുടർന്ന് മൂന്നു കോളേജുകൾ അന്ന് അനുവദിക്കപ്പെട്ടു . എൻ.എസ്.എസിനു പെരുന്നയിലും എസ്.എൻ.ഡി.പിക്ക് കൊല്ലത്തും സനാതന ധർമ്മ വിദ്യാലയത്തിന് ആലപ്പുഴയിലും . അങ്ങനെ സ്വാഭിമാനത്തോടെ ഉപരിപഠനം നടത്തണമെന്ന ഹിന്ദു സമാജത്തിന്റെ ചിന്തയിൽ ഉയർന്നുവന്ന കോളേജുകളാണ് കൊല്ലം എസ്.എനും ആലപ്പുഴ സനാതന ധർമ്മ അഥവാ എസ് ഡി കോളേജും പെരുന്ന എൻ.എസ്.എസ് കോളേജും .
ഇപ്പോൾ മതാതീതമായ എൻ.എസ്.എസ് ആദ്യമായാരംഭിച്ച കോളേജിന് നൽകിയ പേര് എൻ.എസ്.എസ് മതാതീത കോളേജെന്നായിരുന്നില്ല . ഹിന്ദു കോളേജെന്നായിരുന്നു . അത് തുടങ്ങാൻ എൻ.എസ്.എസ് നേരിട്ട എതിർപ്പുകളും അതിനെ ശക്തമായി പ്രതിരോധിച്ച മന്നത്തിന്റെ നിശ്ചയദാർഢ്യവും നായന്മാർ മറന്നാലും അവരുടെ നായകന്മാർ മറക്കരുത് . കോളേജ് ആരംഭിക്കാതിരിക്കാൻ വൈസ്രോയിക്കും ഇന്ത്യാ ചക്രവർത്തിക്കും മാത്രമല്ല അങ്ങ് റോമിലെ പോപ്പിനു വരെ പരാതി പോയിരുന്നു. ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായി യാതൊന്നും ചെയ്യുകില്ല എന്ന പ്രഖ്യാപിത അജണ്ട സമരീതിയിലുള്ള സഹവർത്തിത്വത്തിന്റേതാണ് അല്ലാതെ മുട്ടിലിഴയാനുള്ളതല്ല എന്ന് മന്നം അന്ന് കാണിച്ചു കൊടുത്തു.
സാമുദായികോദ്ധാരണവും ഒപ്പം സമാജ അഭിവൃദ്ധിയും ലക്ഷ്യമിട്ട മഹാത്മാക്കൾ കല്ലും മുള്ളും കാലുക്ക് മെത്തയാക്കി , പിടിയരി പിരിച്ച് ജന്മനക്ഷത്രപ്പിരിവെടുത്ത് ഉയർത്തിയെടുത്ത ഹിന്ദുസമാജത്തിന്റെ അംശമായ സമുദായ സംഘടന കേവലം ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കും തറവാടിത്ത ഘോഷണങ്ങൾക്കും മാത്രമുള്ള വേദിയായി ചുരുങ്ങുന്നുവോ എന്ന് അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് . അതിന് ചില ചരിത്രങ്ങളും വർത്തമാനങ്ങളും പറയണം, ചിലതൊക്കെ ഓർമ്മിപ്പിക്കുകയും വേണം.
( ബ്രേവ് ഇന്ത്യാ ന്യൂസിനു വേണ്ടി എഴുതിയ ലേഖനം )
രണ്ടാം ഭാഗം.
Discussion about this post