കാലം ത്രേതായുഗമാണ്.. രാവണന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു.
“രക്ഷിക്കണം.അങ്ങയുടെ വരബലത്താൽ ശക്തനായ രാവണന്റെ അതിക്രമങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു “.
ബ്രഹ്മാവ് പറഞ്ഞു ..
“ദേവന്മാർക്ക് അവൻ അവധ്യനാണ് .. ഇനിയൊരു രക്ഷ മാത്രം .. സാക്ഷാൽ മഹാവിഷ്ണു..“
ബ്രഹ്മാവ് വിഷ്ണുവിനു നേരേ നോക്കി .. പുഞ്ചിരി തൂകി സാക്ഷാൽ ശ്രീപദ്മനാഭൻ ദേവകളോട് പറഞ്ഞു..
“വിഷമിക്കണ്ട , വഴിയുണ്ടാക്കാം .. മനുഷ്യനായി ഞാൻ ജന്മമെടുക്കും.. അയോദ്ധ്യാധിപതിയായ ദശരഥന്റെ പുത്രനായി ..രാവണനെ വധിച്ച് നിങ്ങൾക്കുള്ള ദുരിതങ്ങൾ തീർക്കും .. സംശയമില്ല.“
ഈ സമയം അയോദ്ധ്യയിൽ പുത്രകാമേഷ്ടി യാഗം .. മക്കളില്ലാത്ത രഘുകുല രാജാവ് ദശരഥനു വേണ്ടി വസിഷ്ഠ മഹർഷിയുടെ നിർദ്ദേശ പ്രകാരം ഋഷ്യശൃംഗനാണ് യാഗം നടത്തുന്നത് .
യാഗാവസാനം പായസ പാത്രവുമായി അഗ്നിദേവൻ ഉയർന്നു വന്നു. ഭാര്യമാർക്ക് പായസം നൽകണമെന്ന് അഗ്നി ദശരഥനെ ഉപദേശിച്ചു
ഭാര്യമാരായ കൗസല്യക്കും കൈകേയിക്കും ദശരഥൻ പായസം നൽകി . കൗസല്യ ഉടൻ തന്നെ സപത്നിയായ സുമിത്രയ്ക്ക് പകുതി കൊടുത്തു..അതുകണ്ട് കൈകേയിയും കൊടുത്തു സുമിത്രയ്ക്ക് പായസപ്പകുതി..മൂന്ന് ദേവിമാരും ഗർഭിണികളായി ..
ചൈത്രമാസത്തെ ശുക്ളപക്ഷ നവമിയിൽ പുണർതം നക്ഷത്രത്തിൽ കർക്കടക ലഗ്നത്തിൽ കൗസല്യയുടെ പുത്രനായി ശ്രീരാമചന്ദ്രൻ ജനിച്ചു.
പൂയം നക്ഷത്രത്തിൽ കൈകേയീ പുത്രനായി ഭരതനും ആയില്യം നാളിൽ സുമിത്രാ പുത്രന്മാരായി ലക്ഷ്മണ ശത്രുഘ്നന്മാരും പിറന്നു.
കുമാരന്മാർ വളർന്നു ..ലക്ഷ്മണൻ രാമനോടൊപ്പം പിരിയാതെ .. ശത്രുഘ്നനാകട്ടെ ഭരതന്റെ സന്തത സഹചാരി..രാജകുമാരന്മാർ വേദാദ്ധ്യയനവും ധനുർവേദവും അഭ്യസിച്ചു.വീരന്മാരായി വളർന്നുവന്നു..കുമാരന്മാരുടെ വിവാഹക്കാര്യത്തെപ്പറ്റി ദശരഥൻ ആലോചന തുടങ്ങി..ബന്ധുക്കളോടും മുനി വര്യരോടും കാര്യങ്ങൾ പറഞ്ഞു..
അങ്ങനെയിരിക്കെ ഒരു ദിവസം രാജർഷി ശ്രേഷ്ഠനായ വിശ്വാമിത്രൻ അയോദ്ധ്യയിലെത്തി .. ദശരഥനെ കണ്ടു .. എന്താണ് താൻ ചെയ്യേണ്ടതെന്ന് മുനിയോട് ദശരഥൻ ചോദിച്ചു ..
യാഗവിഘ്നം നടത്തുന്ന രാക്ഷസന്മാരെ നശിപ്പിക്കാൻ വില്ലാളിവീരന്മാരായ രാമനേയും ലക്ഷ്മണനേയും തനിക്കൊപ്പം അയക്കണമെന്നായിരുന്നു വിശ്വാമിത്രൻ ആവശ്യപ്പെട്ടത് ..
ദശരഥനൊന്ന് ഞെട്ടി.. വിശ്വാമിത്ര മഹർഷിക്കൊപ്പം കുമാരന്മാരെ അയക്കുന്നത് ചെറിയ കാര്യമല്ല ..
മഹർഷിയുടെ യാഗം മുടക്കാൻ വരുന്ന രാത്രിഞ്ചരന്മാർ ശക്തന്മാരാണ്.. അവരോട് നേരിടാനുള്ള കായബലവും മനോബലവും കുമാരന്മാർക്കുണ്ടാകുമോ .. ഭഗവാനേ ഞാനെന്തു ചെയ്യും .. കുമാരന്മാരെ വിട്ടില്ലെങ്കിൽ മഹർഷി കോപിക്കും.. വിടാൻ മനസ്സു വരുന്നുമില്ല ..
എന്തു ചെയ്യും .. ഗുരുവിനോട് ചോദിച്ചു..
വസിഷ്ഠൻ ചിരിച്ചു കൊണ്ട് പറഞ്ഞു .. വിഷമിക്കണ്ട.. നിന്റ മകനായി വന്നിരിക്കുന്നത് സാക്ഷാൽ മഹാവിഷ്ണുവാണ് .. വിഷ്ണു ഭഗവാൻ ശയിക്കുന്ന അനന്തന്റെ അംശാവതാരമാണ് ലക്ഷ്മണൻ.. പാഞ്ചജന്യവും സുദർശനവുമാണ് ഭരത ശത്രുഘ്നന്മാർ .. നീ കുമാരന്മാരെ അയക്കൂ വിശ്വാമിത്രനൊപ്പം.. ഒന്നും വരില്ല..
ദശരഥന് ആശ്വാസമായി .. വിശ്വാമിത്രനൊപ്പം രാമനേയും ലക്ഷ്മണനേയും അയച്ചു..
അമ്പും വില്ലും ആയുധങ്ങളുമായി മഹർഷിക്കൊപ്പം കുമാരന്മാർ നടന്നു .. യാഗം നടക്കുന്ന സ്ഥലത്തേക്ക് ..
മഹർഷി പറഞ്ഞു..
മക്കളേ .. കാടാണ് .. ദീർഘദൂരം നടക്കാനുണ്ട് .. നിങ്ങൾക്ക് ഞാൻ രണ്ട് മന്ത്രം പറഞ്ഞു തരാം .. വിശപ്പും ദാഹവും ഇല്ലാതാകും.
ബല, അതിബല എന്നീ രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചു വിശ്വാമിത്രൻ . ദാഹവും വിശപ്പുമൊഴിഞ്ഞ് മൂവരും നടപ്പിന് വേഗത കൂട്ടി..ഗംഗ കടന്ന് താടകാ വനത്തിലെത്തി ..
വിശ്വാമിത്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു ..
രാമാ .. ഇത് താടകാ വനമാണ് .. ഭയങ്കരിയായ രാക്ഷസിയാണ് .. അവളെ പേടിച്ച് ആരും ഇതുവഴി പോകാറില്ല.. നീ അവളെ കൊല്ലണം .. അത് ജനഹിതമാണ്..
രാമൻ വില്ലെടുത്ത് ഞാൺ ചെറുതായി വലിച്ചു വിട്ടു..
അതാ വരുന്നു ഭയങ്കരി ..താടക നോക്കിയപ്പോൾ മൂന്നു പേർ .. ആഹാ കുശാലായി ..
ഭക്ഷിക്കാനായി അവൾ പാഞ്ഞുവന്നു . ഒരു നിമിഷം … ലക്ഷ്യഭേദിയായ രാമബാണം താടകയുടെ ജീവനെടുത്തു..
വിശ്വാമിത്രൻ പ്രീതനായി .. ചില ദിവ്യാസ്ത്രങ്ങളൊക്കെ ശ്രീരാമനുപദേശിച്ചു കൊടുത്തു ..
ഒടുവിൽ അവർ സിദ്ധാശ്രമത്തിലെത്തി .. മുനിമാർ കുമാരന്മാരെ സത്ക്കരിച്ചു ..
രാമൻ പറഞ്ഞു ..
മുനിമാരേ ..യാഗത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു കൊള്ളൂ .. തടയാൻ ശ്രമിക്കുന്ന രാക്ഷസന്മാരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം..
യാഗം തുടങ്ങി…
ഒട്ടും താമസിയാതെ രാക്ഷസന്മാർ വന്നു .. യാഗശാലയ്ക്ക് മേൽ ചോരയും മാംസക്കഷണങ്ങളും വർഷിക്കാൻ തുടങ്ങി..
മാരീചൻ , സുബാഹു എന്നീ രാക്ഷസന്മാരും അവരുടെ പടയുമാണ് പ്രശ്നക്കാർ
രാമൻ വില്ലെടുത്തു .. ദിവ്യാസ്ത്രം എയ്തു .. സുബാഹുവിനെ വധിച്ചു ..
ഒന്നു കൂടി തൊടുത്തു , മാരീചനു നേരേ ..മാരീചന് അപകടം മനസ്സിലായി .. ഓടി രക്ഷപ്പെടാൻ നോക്കി.. രക്ഷയില്ല ..
സമുദ്രത്തിൽ ചാടി .. അവിടെയും ചെന്നു രാമബാണം ..
അവസാനം ശ്രീരാമന്റെ കാൽക്കൽ വീണു .. രക്ഷിക്കണമെന്നപേക്ഷിച്ചു .രാമൻ ബാണം പിൻവലിച്ചു. മുനിമാരെ ഉപദ്രവിക്കില്ലെന്ന് വാക്കു നൽകി മാരീചൻ മടങ്ങി..
ആ സമയം കൊണ്ട് രാക്ഷസപ്പടയെ ലക്ഷ്മണൻ കൊന്നു മുടിച്ചിരുന്നു ..
യാഗം തടസമില്ലാതെ നടന്നു .. മുനിമാർ സംപ്രീതരായി ..
പിറ്റേന്ന് വിശ്വാമിത്രൻ പറഞ്ഞു .. നമുക്കൊരു സ്ഥലത്തേക്ക് പോകണം .. മിഥിലാ പുരിയിലേക്ക് .. അവിടെ ഒരു യാഗം നടക്കുന്നുണ്ട്.. ധനുർയാഗം.. ശ്രീ പരമേശ്വരന്റെ വില്ല് അവിടെയുണ്ട് .. ത്രൈയംബകം .. നമുക്കത് കാണണം ..
എങ്കിൽ പോകാമെന്നായി രാമൻ .. വിശ്വാമിത്രനൊപ്പം രാമ ലക്ഷ്മണന്മാർ നടന്നു .. വിദേഹ രാജ്യത്തേക്ക് ..
( തുടരും )
Discussion about this post