സ്വാതന്ത്ര്യത്തിനു ശേഷം ആർ.എസ്.എസ് കോൺഗ്രസിൽ ലയിക്കണമെന്നായിരുന്നു നെഹ്രുവും പട്ടേലുമുൾപ്പെടെയുള്ളവരുടെ ആവശ്യം.. കേശവനില്ലെങ്കിലും കുശപഥക്കിലെ സ്വയംസേവകർക്ക് സംഘമെന്നാൽ എന്താണെന്ന് നന്നായറിയാമായിരുന്നു. സംഘം ചലിപ്പിക്കാൻ കേശവൻ തെരഞ്ഞെടുത്ത ആൾ അണുവിട നീങ്ങാത്ത അസാമാന്യമായ നിശ്ചയ ദാർഢ്യത്തിന്റെ ഉടമയും.. കോൺഗ്രസ് അന്ന് തൊട്ട് തോറ്റു തുടങ്ങിയതാണ്.
രാജകുടുംബത്തിനെതിരെ നെഹ്രുവിന്റെ വിരോധം അസഹ്യമായപ്പോഴാണ് രാജമാത വിജയരാജ സിന്ധ്യ തങ്ങൾ ഒരു പാർട്ടിക്കും വിരുദ്ധരല്ല എന്ന് അറിയിക്കാൻ നെഹ്രുവിനെ സന്ദർശിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനായിരുന്നു നെഹ്രുവിന്റെ നിർദ്ദേശം. അന്ന് കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി അവർ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചു ജയിച്ചു.
ആത്മാഭിമാനമുള്ളവർക്ക് നെഹ്രു കുടുംബത്തിന്റെ ആധിപത്യം അത്ര രസമുള്ള കാര്യമല്ലല്ലോ. കോൺഗ്രസ് ബന്ധം രാജമാത വിജയരാജ സിന്ധ്യ പുല്ലുപോലെ ഉപേക്ഷിച്ചു. ഭാരതീയ ജനസംഘത്തിനൊപ്പം നിന്നു. മദ്ധ്യഭാരതത്തിൽ വൻ ശക്തിയാക്കി വളർത്തി. 1971 ൽ ഇന്ദിര തരംഗം അലയടിച്ചപ്പോഴും ഗ്വാളിയോർ പ്രദേശത്തെ മൂന്ന് മണ്ഡലങ്ങളും ജനസംഘത്തിനൊപ്പം നിന്നു. ഭിന്ദിൽ നിന്ന് രാജമാത , ഗ്വാളിയോറിൽ നിന്ന് വാജ്പേയി, ഗുണയിൽ നിന്ന് ജനസംഘം ടിക്കറ്റിൽ ജയിച്ചത് സാക്ഷാൽ മാധവറാവു സിന്ധ്യയും.
1975 ൽ അടിയന്തിരാവസ്ഥക്കെതിരെ പോരാടി തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടു രാജമാത വിജയരാജ സിന്ധ്യ. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിർഭയയായി പങ്കെടുത്ത പഴയ ലേഖ ദിവ്യേശ്വരി ദേവിക്ക് ഇന്ദിര ഹിറ്റ്ലറിനെ തരിമ്പും ഭയക്കേണ്ട കാര്യമില്ലല്ലോ. സിന്ധ്യ കുടുംബത്തിൽ വിള്ളൽ വീഴ്ത്താനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചത് മാധവറാവു സിന്ധ്യയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിർത്തിക്കൊണ്ടായിരുന്നു.
1984 ൽ ഗ്വാളിയോറിൽ വാജ്പേയി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആരുമറിയാതെ രായ്ക്ക് രാമാനം മാധവറാവു സിന്ധ്യയെ മത്സരിപ്പിച്ചത് രാജീവ് ഗാന്ധിയായിരുന്നു. വാജ്പേയി ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പക്ഷേ ഒരിക്കൽ പോലും സിന്ധ്യ കുടുംബത്തിനു നേർക്ക് വിരൽ ചൂണ്ടാതിരിക്കാൻ വാജ്പേയി ശ്രദ്ധിച്ചിരുന്നു. ഇന്നല്ലെങ്കിൽ നാളെ മാതൃസംഘടനയിലേക്ക് മാധവറാവു തിരിച്ചു വരുമെന്ന് അദ്ദേഹം കരുതിക്കാണണം.
വെടക്കാക്കി തനിയ്ക്കാക്കുക എന്ന കോൺഗ്രസ് ബുദ്ധിയിൽ പെട്ട് അവസാനം മാധവറാവു സിന്ധ്യ കോൺഗ്രസ്ന്റെ ഭാഗമായി. മറ്റെല്ലാവരും ബിജെപിക്കൊപ്പം ഉറച്ചു നിന്നു. ഇടയ്ക്ക് അവഗണിക്കപ്പെടുന്നെന്ന് തോന്നിയപ്പോൾ പുറത്തു പോയി. പിന്നീട് വീണ്ടും തിരിച്ചു വന്നു. ഒടുവിൽ ദുരൂഹ സാഹചര്യത്തിൽ ഒരു വിമാനാപകടത്തിൽ മാധവറാവു സിന്ധ്യ കൊല്ലപ്പെട്ടു.
രാജീവ് ഗാന്ധിയുടെ മകൻ രാഹുലിന്റെ സുഹൃത്തായിരുന്ന ജ്യോതിരാദിത്യ അച്ഛന്റെ പാതയിലൂടെ തന്നെ മുന്നോട്ടു പോയി. കഴിഞ്ഞ മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയ ശിൽപ്പിയായിട്ടും നെഹ്രു കുടുംബത്തിന്റെ പാദസേവകർക്ക് മാത്രം നൽകുന്ന മുഖ്യമന്ത്രി പദം കമൽ നാഥിനു നൽകിയപ്പോൾ ജ്യോതിരാദിത്യ സിന്ധ്യക്ക് കാര്യം മനസ്സിലായി. നെഹ്രു കുടുംബത്തിലുള്ളത് വകയ്ക്ക് കൊള്ളാത്തവരാണെങ്കിലും അതിലും വലിയ ഒരു നേതാവ് കോൺഗ്രസിനുണ്ടാകുന്നത് ഹൈക്കമാൻഡുകൾ അംഗീകരിക്കാറില്ലല്ലോ.
അന്താരാഷ്ട്ര ഇടപെടലുകളും ലോബിയിംഗും എല്ലാമുള്ള ഒരു കുടുംബാധിപത്യത്തിന്റെ പിടിയിൽ നിന്ന് രാജ്യം മോചിതമാകുന്നതു കൊണ്ടാണ് മാധവറാവു സിന്ധ്യയെക്കാൾ ധൈര്യമായി തീരുമാനമെടുക്കാൻ ജ്യോതിരാദിത്യക്ക് കഴിഞ്ഞത്. ഇല്ലെങ്കിൽ കോൺഗ്രസിലെ ഒരേയൊരു രാജവംശത്തിന്റെയും രാജകുമാരന്റെയും അടിമയായി കഴിയാനോ അല്ലെങ്കിൽ എതെങ്കിലുമൊരു വിമാനാപകടത്തിൽ കൊല്ലപ്പെടാനോ ആയിരുന്നു വിധിയുണ്ടായിരുന്നത്.
സാക്ഷാൽ നെഹ്രുവിനേയും സമഗ്രാധിപത്യത്തേയും അന്നും എന്നും ചങ്കൂറ്റത്തോടെ എതിർത്ത് നിന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛന്റെ മാതൃസംഘടനയിലേക്ക് വരുന്നതിൽ ജ്യോതിരാദിത്യക്ക് അഭിമാനിക്കാം. അനശ്വരരായ രാജമാത വിജയരാജെ സിന്ധ്യയും മാധവറാവു സിന്ധ്യയും മറ്റൊരു ലോകത്തിരുന്ന് സന്തോഷത്തോടെ തന്നെയാകും അതിനെ സ്വീകരിക്കുക. സംശയമില്ല.
Discussion about this post