1981 ലായിരുന്നു ഗുജറാത്തിനെ പിടിച്ചു കുലുക്കി സംവരണ വിരുദ്ധ സമരം നടന്നത് . ആ വർഷം മാർച്ചിൽ തന്നെയായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധി സഭ ചേർന്നതും .
ഗുജറാത്തിൽ നടക്കുന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയൊലികൾ സംഘത്തിന്റെ പ്രതിനിധിസഭയിലും വാദ പ്രതിവാദങ്ങൾക്ക് വഴി തെളിച്ചു. ജാതി സംവരണത്തിനെതിരെയും അനുകൂലമായും അഭിപ്രായങ്ങളുയർന്നു.
ഇന്നത്തെപ്പോലെ അന്നും രാഷ്ട്രീയഭേദമെന്യേ സംവരണ വിഷയത്തിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരുന്നു . അവിടെയാണ് ബാലാസാഹബ് ദേവറസ്ജിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജാതി സംവരണ വിഷയത്തിൽ നിർണായകമായ പ്രമേയം അവതരിപ്പിച്ചത് .
സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രമേയത്തിനെതിരെ ശക്തമായ അഭിപ്രായങ്ങൾ ഉയർന്നപ്പോൾ ദേവറസ്ജി അഭിപ്രായം പറയാതെ എല്ലാം കേട്ടിരുന്നു . പിന്നെയാണ് ചരിത്രപരമെന്ന് ഉറപ്പിച്ചു വിളിക്കാവുന്ന പ്രമേയം പാസാക്കാൻ കാരണമായ അഭിപ്രായം അസന്നിഗ്ദ്ധമായി വ്യക്തമാക്കിയത്.
[blockquote type=”default” style=”1″]“ചർച്ചകളും അഭിപ്രായങ്ങളും ഒക്കെ കേട്ടു .പലരും സംവരണത്തിനെതിരെ ശക്തമായ വിയോജിപ്പുകൾ രേഖപ്പെടുത്തിയതും കേട്ടു. പക്ഷേ നിങ്ങളെല്ലാവരും ദയവായി ഒരു കാര്യം ചെയ്യുക. സംവരണത്തിന് അർഹതപ്പെട്ടവരുടെ സ്ഥാനത്ത് സ്വയം സങ്കൽപ്പിച്ചു നോക്കുക . നൂറുകണക്കിനു വർഷങ്ങൾ അവഗണിക്കപ്പെട്ട സഹോദരങ്ങളുടെ അവസ്ഥയെ സ്വയം നോക്കിക്കാണുക . വിഷമങ്ങളും വേദനകളും മനസ്സിലാക്കുക . എന്നിട്ട് മാത്രം തീരുമാനിക്കുക.“[/blockquote]
ദേവറസ്ജിയുടെ ഈ അഭിപ്രായത്തിനു ശേഷം പിന്നീട് വാദപ്രതിവാദങ്ങളുണ്ടായില്ല . ജാതി സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രമേയം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇപ്പോൾ സംവരണം വീണ്ടും ചർച്ചയാകുമ്പോൾ സാമൂഹ്യയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സംവരണമെന്നത് സാമ്പത്തികമായ ഉയർച്ച താഴ്ചകളെ ഉദ്ദേശിച്ചുള്ളതല്ല , അത് സാമൂഹികമായുള്ള തീരുമാനമാണ് .
സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ കഴിയാതെ അടിച്ചമർത്തൽ നേരിട്ടവരെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുവരാനുള്ള സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് . അധികാര സ്ഥാനങ്ങളുടെ ഏഴയലത്തുപോലും എത്താൻ കഴിയാത്തവർക്ക് സാമൂഹികമായും ചരിത്രപരമായും നൽകേണ്ട അവകാശമാണ് .
സംവരണ സമുദായക്കാർ ജോലിയെല്ലാം കൊണ്ടുപോകുന്നേ എന്ന് നിലവിളിക്കുന്നവർ കുറച്ചൊക്കെ ചുറ്റുവട്ടങ്ങളിൽ ഒന്ന് കണ്ണോടിക്കുക.
സംവരണമില്ലായിരുന്നെങ്കിൽ അവസ്ഥ എന്താകുമായിരുന്നേനെ എന്ന് ചിന്തിക്കുക . അവഗണനയും നിന്ദയും പരിഹാസവും ഏറ്റുവാങ്ങിയവരെക്കുറിച്ച് അവരിലൊരാളായി നിന്ന് ആലോചിക്കുക . അവഹേളനം നേരിട്ടത് സമ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ എന്ന് പിന്നെയും പിന്നെയും ചിന്തിക്കുക . എന്നിട്ട് ഒരു തീരുമാനമെടുക്കുക.
അങ്ങേപ്പുറത്തുള്ള എസ് സി വിഭാഗത്തില്പെട്ടയാൾ കളക്ടറാണ് . അങ്ങേരുടെ മകന് സംവരണമുണ്ട് . നമ്മക്കില്ല എന്ന മോഡൽ പൊതു ചിന്ത ആദ്യം തന്നെ തലയിൽ കയറിയതാണ് കാരണം .കേരളമുണ്ടായതിനു ശേഷം എസ് സി വിഭാഗത്തിൽ നിന്ന് കളക്ടറായവർ വിരലിലെണ്ണാവുന്നവരാണെന്ന സത്യം പക്ഷേ അതിനൊപ്പം നാം ഓർക്കാറില്ല.
ആയിരത്തഞ്ഞൂറോളം വില്ലേജ് ഓഫീസുകളിൽ പത്തോ നൂറോ എണ്ണത്തിലായിരിക്കും എസ് സി എസ് ടി വിഭാഗത്തിൽ പെടുന്ന ആരെങ്കിലും ഓഫീസറാവുക . അതു തന്നെ ഉണ്ടോ എന്ന് സംശയമാണ് . പക്ഷേ ബാക്കിയുള്ള 1400 എണ്ണത്തേക്കാൾ പലർക്കും പ്രശ്നം ആ നൂറെണ്ണമാണ് .
ഹിന്ദു സംഘടനാപ്രവർത്തകർ മനസിലാക്കേണ്ട ഒരു കാര്യം
സംവരണം നൽകേണ്ടത് സ്റ്റേറ്റ് എന്നതിനേക്കാളുപരി ഹിന്ദു സമൂഹത്തിന്റെ കൂടി ആവശ്യമാണ് എന്നതാണ് . എന്തിന്റെ പേരിലാണോ അടിച്ചമർത്തൽ നേരിട്ടത് അതിന്റെ പേരിൽ തന്നെയാണ് സംവരണം നൽകേണ്ടതും . മതപരിവർത്തനങ്ങളും മറ്റും ഒരുപരിധി വരെ തടഞ്ഞു നിർത്താൻ കാരണമായതും ഈ സംവരണം തന്നെയാണ് .ജോലിയും വിദ്യാഭ്യാസവും അധികാരവും നേടി രക്ഷപ്പെടുന്നവർ ഹിന്ദു കുടുംബങ്ങൾ കൂടിയാണെന്നതും മറക്കാതിരിക്കുക.
അസമത്വവും വിവേചനവും നിലനിൽക്കുന്നിടത്തോളം കാലം സംവരണം തുടർന്നേ മതിയാകൂ എന്ന് സംഘത്തിന്റെ സർസംഘചാലക് വ്യക്തമായി പറഞ്ഞിട്ടുണ്ട് . അധസ്ഥിതരായിപ്പോയ ജനവിഭാഗങ്ങൾക്ക് സംവരണം കൊണ്ട് ഗുണമൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ സംവരണം വേയ്സ്റ്റാണെന്നും നിർത്തണമെന്നും പറയുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട് . സംവരണം ഫലപ്രദമായി ഉപയോഗിക്കാൻ സമുദായങ്ങളെ പ്രാപ്തരാക്കുക എന്നതാണത് .
എത്രയും പെട്ടെന്ന് ജാതീയമായ വിവേചനവും അസമത്വവും അവസാനിക്കുന്നോ അത്രയും പെട്ടെന്ന് സംവരണവും നമുക്ക് നിർത്തലാക്കാം .. നൂറുകണക്കിനു വർഷത്തെ അടിച്ചമർത്തലുകൾക്ക് എഴുപത് വർഷത്തെ പരിഹാരം മതിയാകില്ലെന്ന് ദയവായി മനസ്സിലാക്കുക . അതിനനുസരിച്ച് പ്രവർത്തിക്കുക.
സംവരണ സംവിധാനത്തിന് ചില കുഴപ്പങ്ങളുണ്ടായേക്കാം . പക്ഷേ നിലവിൽ ഹിന്ദുസമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിന്റെ അടിസ്ഥാനം സംവരണം തന്നെയാണ് .
ഹിന്ദു ഉണരണം എന്ന് പറയുമ്പോൾ അത് സംഘടിക്കൽ എന്നതിലുപരി സാമൂഹികവും സാമ്പത്തികവും രാജനൈതികപരവുമായാണ് ഉണരേണ്ടതെന്നത് നാമെങ്കിലും മറക്കാതിരിക്കുക..
Discussion about this post