സ്വർണമാൻ തുള്ളിക്കളിക്കുന്നത് കണ്ട് സീതാദേവിക്ക് അതിനെയൊന്ന് കിട്ടിയാൽ കൊള്ളാമെന്ന് തോന്നി . അപ്പോൾ തന്നെ രാമനോട് കൊഞ്ചി . നോക്കൂ .. എന്തൊരു ഓമനത്തം , സുന്ദരനാണവൻ , ഒന്ന് പിടിച്ചു കൊണ്ടു തരുമോ ?
നല്ല സ്നേഹത്തോടെയിരിക്കുമ്പോൾ ഭാര്യ ഒരു കാര്യം പറഞ്ഞാൽ ഭഗവാനും പോലും തടുക്കാൻ കഴിയില്ലല്ലോ .. ലക്ഷ്മണനെ കാവൽ ഏൽപ്പിച്ച് രാമൻ സ്വർണമാനിനെ പിടിക്കാൻ പോയി..
പിടി തരാതെ തുള്ളിക്കളിക്കുന്ന മാരീചമാനിന്റെ പിറകേ പോയി രാഘവൻ പർണശാലയിൽ നിന്ന് ദൂരത്തായി . സഹികെട്ട് ഒരു ശരം പ്രയോഗിച്ചു രാമൻ . അമ്പേറ്റപ്പോൾ പൊന്മാന്റെ മായാരൂപം പോയി മാരീചനായി ഭൂമിയിൽ പതിച്ചു..
മരിക്കുന്നതിനു മുൻപും അവനൊരു ബുദ്ധി പ്രയോഗിച്ചു . രാമന്റെ ശബ്ദത്തിൽ ലക്ഷ്മണനെ വിളിച്ച് കരഞ്ഞു.
സീത ഇതുകേട്ടു പേടിച്ചു.. രാമന് അപകടം പറ്റിയെന്ന് വിശ്വസിച്ചു. ലക്ഷ്മണനോട് പറഞ്ഞു. സൗമിത്രേ , ജ്യേഷ്ഠന് അപകടം പിണഞ്ഞെന്ന് തോന്നുന്നു , പോയി നോക്കൂ..
ദേവീ, ഇത് രാമന്റെ കരച്ചിലല്ല .. എന്റെ ജ്യേഷ്ഠൻ ആർത്തനാദം മുഴക്കാറുമില്ല .. ഇത് രാക്ഷസന്മാരുടെ കളിയാണ് .. ഞാനിവിടെ നിന്ന് മാറിയാൽ ഭവതിയെ കൊണ്ടു പോകാനാണ് ശ്രമം.
സീത ആദ്യമായി ലക്ഷ്മണനോട് കോപിച്ചു.. നീയും രാക്ഷസകുലം തന്നെ . ജ്യേഷ്ഠൻ മരിക്കണമെന്നാണ് നിന്റെ ആഗ്രഹം . എന്നിട്ടെന്നെ തട്ടിയെടുക്കണം നിനക്ക് . നോക്കിക്കോ നിനക്കെന്നെ കിട്ടില്ല .. ഞാനിതാ പ്രാണത്യാഗം ചെയ്യുന്നു..
പാവം ലക്ഷ്മണൻ .. കർണകഠോരമായ കൊള്ളിവാക്കുകൾ കേട്ട് ചെവി രണ്ടും പൊത്തി ദേവിയെ വനദേവതമാർ പാലിക്കണേ എന്ന് പ്രാർത്ഥിച്ച് രാമനേ നോക്കി നടകൊണ്ടു..
ലക്ഷ്മണൻ പോയ തക്കത്തിന് രാവണൻ സന്യാസി വേഷത്തിൽ സീതയുടെ അടുത്തെത്തി…
മുനിയെ സീത സ്വീകരിച്ചു… വിവരങ്ങളൊക്കെ പറഞ്ഞു… മുനിയുടെ സ്വഭാവം മാറി.. താൻ രാവണനാണ് എന്ന് പ്രഖ്യാപിച്ചു.
ലോകാധിനായകനായ തന്റെ ഭാര്യാ പദം അലങ്കരിക്കാൻ അവൻ സീതയെ ക്ഷണിച്ചു..
സീത അവനെ ആട്ടി വിട്ടു.. ശ്രീരാമ പത്നിയായ തന്നിൽ നോട്ടമിട്ട രാവണന്റെ അന്ത്യമടുത്തെന്ന് പറഞ്ഞു.
രാവണൻ സീതയെ മുടിക്ക് പിടിച്ച് വലിച്ച് മായാരഥത്തിൽ കയറ്റി…
സീത അലമുറയിട്ട് കരഞ്ഞു…
ഉറങ്ങുകയായിരുന്ന ജടായു കരച്ചിൽ കേട്ടു പാഞ്ഞു വന്നു… രാവണനുമായി യുദ്ധമായി..
രാവണന്റെ ദേഹമാസകലം ജടായു കൊത്തിപ്പറിച്ചു…
രാവണനാകെ കീറി മുറിഞ്ഞു വശം കെട്ടു..
അവസാനം ചന്ദ്രഹാസമെടുത്ത് ആഞ്ഞു വെട്ടി…
പക്ഷമറ്റ് ജടായു ഭുമിയിൽ പതിച്ചു..
ശ്രീരാമനെ കണ്ട് കാര്യം പറഞ്ഞതിന് ശേഷം മാത്രമേ നീ വിഷ്ണുലോകം പുൽകു എന്ന് സീത അനുഗ്രഹിച്ചു..
ആകാശത്തുകൂടി പോകവേ ഒരു കുന്നിൻ മുകളിൽ നാലഞ്ച് കുരങ്ങന്മാരെ കണ്ടു.. രാമന്റെ കയ്യിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ച് തന്റെ ആഭരണങ്ങൾ അവരുടെ അടുക്കലേക്ക് ഇട്ടു..
രാവണൻ സീതയെ ലങ്കയിലെത്തിച്ച് തടവിലാക്കി…
മാരീചനെ കൊന്ന് രാമൻ തിരികെ വരുമ്പോൾ അതാ ലക്ഷ്മണൻ
ദേവിയെ തനിച്ചാക്കി നീ പോയത് ശരിയായില്ലെന്ന് രാമൻ പറഞ്ഞു.. ലക്ഷ്മണൻ മിണ്ടിയില്ല..
പർണശാലയിൽ എത്തിയപ്പോൾ തന്നെ രാമന് അപകടം മണത്തു . സീതയെ കാണാനില്ല..
രാമൻ ദുഃഖാർത്തനായി.. അവിടെയുമിവിടെയും തിരഞ്ഞ് നടപ്പായി.. ലക്ഷ്മണനോടൊപ്പം സീതാന്വേഷണത്തിന് പുറപ്പെട്ടു… വഴിമദ്ധ്യേ പരിക്കേറ്റു കിടക്കുന്ന ജടായുവിനെ കണ്ടു…
രാമൻ വേഗം ചിറകറ്റ് കിടക്കുന്ന ജടായുവിനടുത്തെത്തി ..
പക്ഷിരാജ ആരാണ് താങ്കളോട് ഇങ്ങനെ ചെയ്തത്..
രാമാ അങ്ങയുടെ പത്നിയെ തട്ടിക്കൊണ്ട് പോയത് രാക്ഷസ രാജനായ രാവണനാണ്.. തടയാൻ ശ്രമിച്ച എന്നെ അവൻ വെട്ടി വീഴ്ത്തി… അങ്ങയുടെ പത്നിയെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ..
ജടായു കണ്ണീർ വാർത്തു…
രാമൻ ജടായുവിന്റെ തലയെടുത്തു മടിയിൽ വച്ചു… ആ ജീവൻ പൊലിഞ്ഞു.. രാമലക്ഷ്മണന്മാർ ജടായുവിന് ഉദകക്രിയ ചെയ്തു.. അഗ്നി സംസ്കാരവും നടത്തി..
സീതാദേവിയെത്തന്നെ ചിന്തിച്ച് ദുഖാർത്തനായി രാമൻ വീണ്ടും നടന്നു തുടങ്ങി.ചേട്ടനെ ആശ്വസിപ്പിച്ചു കൊണ്ട് ലക്ഷ്മണനും കൂടെത്തന്നെയുണ്ട്.
വൃക്ഷങ്ങൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടാണ് രാമൻ അങ്ങോട്ട് നോക്കിയത് .ഒരു ഭീകര സത്വം അടുത്തേക്ക് വരുന്നു. വലിയ നീളമുള്ള കൈകൾ, വയറ്റിലാണ് ഭീമാകാരമായ വായുള്ളത്. കണ്ണുകളും ചെവിയുമൊന്നുമില്ല..
ഇതെന്തൊരു ജീവിയെന്ന് ചിന്തിക്കുന്ന സമയം കൊണ്ട് രണ്ടുപേരും ആ ഭീകര സത്വത്തിന്റെ ഇരു കൈകളിലുമായിക്കഴിഞ്ഞു.
മറ്റ് വഴികളൊന്നുമില്ല. രാമൻ വലതു കരവും ലക്ഷ്മണൻ ഇടതു കരവും വെട്ടിക്കളഞ്ഞു..
കബന്ധൻ എന്ന രാക്ഷസനായിരുന്നു അത് . കൈ വെട്ടിക്കളഞ്ഞപ്പോൾ തന്നെ രാക്ഷസനു മനസിലായി . കൃശഗാത്രരായ ഈ മനുഷ്യന്മാർ മോശക്കാരല്ല.
അപ്പോൾ തന്നെ സംശയം ചോദിച്ചു.. ആരാണ് നിങ്ങൾ..എന്റെ കൈകൾ വെട്ടിക്കളയാൻ മാത്രം ശക്തിയുള്ളവർ കേവലം മനുഷ്യന്മാരല്ല..
രാമൻ തങ്ങളെക്കുറിച്ച് വിശദീകരിച്ചു..
ഭാഗ്യമഹോഭാഗ്യമെന്ന് കബന്ധൻ..
ഗന്ധർവ്വനായിരുന്ന താൻ ജീവിതം ആഘോഷിച്ചു നടക്കുന്നതിനിടെ അഷ്ടാവക്രമുനിയെ കണ്ട് കളിയാക്കിയതും മുനി ഒരു രാക്ഷസനാക്കിയതും രാമലക്ഷ്മണന്മാരെ പറഞ്ഞു കേൾപ്പിച്ചു..
ത്രേതായുഗത്തിൽ ശ്രീരാമനെന്നൊരാൾ വന്ന് കരം ഛേദിക്കുമെന്നും അപ്പോൾ ശാപമോക്ഷം ലഭിക്കുമെന്നുമായിരുന്നു മുനി പറഞ്ഞത്..
ഇനിയെന്തായാലും തന്നെ ഒരു ചിത കൂട്ടി ദഹിപ്പിക്കണമെന്ന് കബന്ധൻ ആവശ്യപ്പെട്ടു . എങ്കിൽ സീതയെക്കണ്ടെത്താനുള്ള വഴി പറഞ്ഞു തരും.
രാമ ലക്ഷ്മണന്മാർ അപ്രകാരം ചെയ്തു.
കബന്ധന്റെ ശരീരം ദഹിച്ചപ്പോൾ അതിൽ നിന്ന് ദിവ്യരൂപം പൂണ്ട് ഗന്ധർവൻ ഉയർന്നു വന്നു. രാമനെ നമസ്കരിച്ചു.. ഭക്തിപൂർവ്വം സ്തുതിച്ചു . അവസാനം പറഞ്ഞു..
തൊട്ടടുത്ത് മാതംഗാശ്രമം ഉണ്ട് . അവിടെ ശബരിയെന്നൊരു സ്ത്രീ തപസ് ചെയ്യുന്നുണ്ട് . അവരെ കണ്ടാൽ സീതയെപ്പറ്റി അറിയാൻ കഴിയും..
ഗന്ധർവ്വൻ ഒന്നു കൂടി തൊഴുത് അപ്രത്യക്ഷനായി..
ഇരുവരും വീണ്ടും നടന്ന് മാതംഗാശ്രമത്തിലെത്തി. ശബരിയെക്കണ്ടു .. കാണാൻ കൊതിച്ചിരുന്ന ശ്രീരാമ രൂപം കണ്ട് ശബരി കണ്ണുനീർ വാർത്തു..
തന്റെ ഗുരുക്കന്മാരായ മുനിമാർ തപസു ചെയ്ത് സത്യലോകം പ്രാപിച്ചതും ശ്രീരാമൻ ഉടനിങ്ങോട്ടു വരും അവനെ കണ്ടതിനു ശേഷം നീയും ബ്രഹ്മപദത്തിൽ ചേരൂ എന്ന് പറഞ്ഞതും ശബരി ഓർമ്മിപ്പിച്ചു.
ഹീനജാതിയെന്ന് വിളിക്കപ്പെട്ട തനിക്ക് ഇതിന് അവകാശമുണ്ടോ എന്നറിയില്ലെന്നു കൂടി ശബരി പറഞ്ഞു.
ശ്രീരാമൻ ശബരിയെ നമസ്കരിച്ചു .. തുടർന്ന് പറഞ്ഞു..
ഭവതി കേൾക്കുക..എന്നെ ഭജിക്കാൻ എന്നിലുള്ള ഭക്തി മാത്രം മതി.. സ്ത്രീയെന്നതോ പുരുഷനെന്നതോ ജാതിയേതെന്നതോ എന്ത് പേരാണെന്നതോ അവിടെ ഒരു പ്രശ്നമേയല്ല…
ഭക്തിയുണ്ടെങ്കിൽ എല്ലാമുണ്ടാകും .. മറ്റെന്തുണ്ടായിട്ടും ഭക്തിയില്ലെങ്കിൽ ഒരു കാര്യവുമില്ല താനും..
ശബരി വീണ്ടും നമസ്കരിച്ചു ..
ശ്രീരാമചന്ദ്രാ, സീതാദേവി , ലങ്കയിൽ അങ്ങയെ മാത്രം ഓർത്ത് ജീവിക്കുന്നു. രാവണന്റെ അനുചരരായ നിശാചരികൾ കാവലിനുണ്ട്.
നിങ്ങളൊരു കാര്യം ചെയ്യണം. കുറച്ചു കൂടി തെക്കുഭാഗത്തേക്ക് നടന്നാൽ പമ്പാ സരസ് കാണാം.. അതിനടുത്തായി ഋശ്യമൂകാചലം എന്നൊരു പർവ്വതമുണ്ട്.
അതിൽ സൂര്യപുത്രനായ വാനര വീരൻ സുഗ്രീവൻ ജ്യേഷ്ഠനായ ബാലിയെ പേടിച്ച് താമസിക്കുന്നുണ്ട്. കൂടെ നാലു മന്ത്രിമാരും.. സുഗ്രീവനോട് അങ്ങ് സഖ്യം ചെയ്യണം .. ബാക്കിയൊക്കെ മംഗളമായി വരും ..
ശ്രീരാമ മന്ത്രമുരുവിട്ടു കൊണ്ട് ശബരി അഗ്നിയിൽ പ്രവേശിച്ച് ബ്രഹ്മപദം പ്രാപിച്ചു..
രാമ ലക്ഷ്മണന്മാർ ഋശ്യമൂകാചലത്തിനടുത്തെത്തി .. അപരിചിതരായ രണ്ടു പേരെ കണ്ട് സുഗ്രീവൻ പരിഭ്രാന്തനായി .. അപ്പോൾ തന്നെ മന്ത്രിയായ ഹനുമാനെ കാര്യം അന്വേഷിക്കാൻ നിയോഗിച്ചു.
അഞ്ജനാതനയൻ ബ്രഹ്മചാരീ വേഷം ധരിച്ച് ഋശ്യമൂകാചലത്തിലേക്ക് വരുന്ന മഹാപുരുഷന്മാരെ സമീപിച്ചു. ആരാണെന്നും എവിടുന്നു വരുന്നുവെന്നും ചോദിച്ചു.
ഹനുമാന്റെ ചോദ്യവും വിനയവും ഭാഷാശുദ്ധിയും ശ്രീരാമനെ ആകർഷിച്ചു. അത് ലക്ഷ്മണനോട് പറയുകയും ചെയ്തു. തുടർന്ന് തങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഹനുമാനോട് പറഞ്ഞു.
ഹനുമാൻ രാമ ലക്ഷ്മണന്മാരെ വീണ്ടും നമസ്കരിച്ചു .സുഗ്രീവൻ പർവ്വതത്തിൽ താമസിക്കുന്ന കാര്യങ്ങളൊക്കെ വിശദീകരിച്ചു. ജ്യേഷ്ഠനായ ബാലി അനുജനായ സുഗ്രീവനെ ഓടിച്ചതിനു ശേഷം അനുജന്റെ ഭാര്യയേയും കൈവശപ്പെടുത്തിയിരിക്കുകയാണ്. താൻ സുഗ്രീവന്റെ മന്ത്രിയാണ് . പേര് ഹനുമാൻ
ഹനുമാൻ ബ്രഹ്മചാരീ വേഷം മാറ്റി വാനരവേഷം കൈക്കൊണ്ടു. രാമലക്ഷ്മണന്മാരെ തോളിലെടുത്ത് സുഗ്രീവന്റെ അരികിലേക്ക് യാത്രയായി.
സുഗ്രീവ ദശരഥ പുത്രന്മാരായ രാമ ലക്ഷ്മണന്മാരാണിവർ . നീയിപ്പോൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് നിന്നെ ഇവർ രക്ഷിക്കും. വേഗം സഖ്യമുണ്ടാക്കിക്കൊള്ളൂ എന്ന് ഹനുമാൻ .
സുഗ്രീവൻ സഖ്യം ആഗ്രഹിച്ചു കൊണ്ട് പറഞ്ഞു.
സീതാദേവിയെ ഞങ്ങൾ കണ്ടുപിടിച്ചു തരാം. അതിനു മുൻപ് മറ്റൊരു കാര്യം പറയാം. ഞങ്ങളിവിടെ താമസിക്കുമ്പോൾ ഒരു ദിവസം ഒരു യുവതിയെ ആകാശമാർഗ്ഗേണ കൊണ്ടു പോകുന്നത് കണ്ടു. അവൾ കുറച്ച് ആഭരണങ്ങൾ താഴോട്ട് ഇട്ടു . ഞങ്ങളത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് ദേവിയുടെ ആണോ എന്ന് അങ്ങ് നോക്കണം.
ആഭരണങ്ങൾ കണ്ടതോടെ ശ്രീരാമചന്ദ്രൻ ദുഖാർത്തനായി. കണ്ണു നിറഞ്ഞ് കണ്ണു കാണാതായി. ലക്ഷ്മണനോട് ഈ ആഭരണങ്ങളൊക്കെ ദേവിയുടെ ആണോ എന്ന് നോക്കാൻ പറഞ്ഞു..
ആഭരണങ്ങൾ കണ്ടിട്ട് ലക്ഷമണൻ പറഞ്ഞു ..
പ്രഭോ ആ വളയും തോൾ വളയുമൊക്കെ ദേവിയുടേത് ആണോ എന്ന് എനിക്കറിയില്ല. എന്നാൽ ഈ കൊലുസ്സ് ദേവിയുടേത് തന്നെയാണ് . ദിവസവും ജ്യേഷ്ഠത്തിയമ്മയുടെ കാൽ തൊട്ടു തൊഴുന്നതിനാൽ അതെനിക്ക് ഉറപ്പായും തിരിച്ചറിയാൻ കഴിയും ..
സുഗ്രീവൻ രാമനെ ആശ്വസിപ്പിച്ചു. താമസിയാതെ ഇരുവരും അഗ്നിസാക്ഷികളായി സഖ്യവും ചെയ്തു.
അതിരിക്കട്ടെ ജ്യേഷ്ഠാനുജന്മാർ എങ്ങനെ ശത്രുക്കളായി എന്ന് രാമൻ ..
സുഗ്രീവൻ ആ കഥ പറഞ്ഞു.
Discussion about this post